2018 April 15 Sunday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

കോഴി വ്യാപാരികള്‍ എന്തു പിഴച്ചു

ഇ.പി ഉമര്‍, കുന്ദമംഗലം

തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഫാമുകളില്‍നിന്ന് ഏജന്റുമാര്‍ മുഖേനയാണ് റീറ്റെയില്‍ കടകളിലേക്ക് കോഴികള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഏജന്റുമാര്‍ക്ക് ഒരു സംഘടിത രൂപമുണ്ട്. അവരാണ് വില നിശ്ചയിക്കുന്നത്. സാധാരണ വ്യാപാരികളുടെയടുക്കല്‍ എത്തുന്ന ചരക്കിന് നിശ്ചിത മാര്‍ജിന്‍ ലാഭമിട്ട് കച്ചവടക്കാര്‍ വില്‍പന നടത്തുന്നു. വ്യാപാരികള്‍ തോന്നുന്ന വിലക്ക് കച്ചവടം ചെയ്യുകയാണെങ്കില്‍ പലയിടങ്ങളില്‍ പല വിലകളായി അനുഭവപ്പെടുമായിരുന്നു. മറ്റു സാധനങ്ങള്‍ക്കുണ്ടാവുന്ന വ്യത്യാസങ്ങളല്ലാതെ ഇതില്‍ കാണാന്‍ കഴിയില്ല. ഫാമുകാരും റീറ്റെയില്‍ കച്ചവടക്കാരും വില നിര്‍ണയ കാര്യത്തില്‍ നിരപരാധികളാണ്. അമിത വിലയെക്കുറിച്ച് അന്വേഷിക്കേണ്ടത് ഏജന്‍സി കൂട്ടായ്മകള്‍ അരുതാത്തത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിലേക്കാണ്.
കോഴിയിറച്ചിയെ സംബന്ധിച്ചിടത്തോളം അതിന്റെ ലഭ്യതയാണ് വിലയെ നിയന്ത്രിക്കുന്നത്. കേരളത്തില്‍ ഫാമുകള്‍ സജീവമാകുമ്പോള്‍ തമിഴ്‌നാട് ലോബി വില കുത്തനെ ഇടിച്ച് കേരള ഫാമുകള്‍ക്ക് ഭീഷണി സൃഷ്ടിക്കുക പതിവാണ്. നികുതി ഘടനയിലെ മാറ്റം നേരിയ തോതില്‍ മാത്രമേ വില നിര്‍ണയത്തില്‍ അനുഭവപ്പെടുകയുള്ളൂ. പതിനാലര ശതമാനം നികുതിയുള്ളപ്പോള്‍ തന്നെ അധിക ഏജന്‍സികളും നികുതി വെട്ടിച്ച് ലോഡുകള്‍ കൊണ്ടുവരാനാണ് ശ്രമിക്കാറ്. അതിന്റെ അധിക ലാഭവും അവര്‍ തന്നെ ഈടാക്കുന്നു. വാസ്തവം ഇതായിരിക്കെ ഇന്ന് ധനമന്ത്രിയും ചില മാധ്യമങ്ങളുമൊക്കെ പ്രചരിപ്പിക്കുന്നത് ചിക്കന്‍ വ്യാപാരികള്‍ അമിതലാഭം ഈടാക്കുന്നുവെന്നാണ്. പതിനാലര ശതമാനം നികുതി ഈടാക്കിയ സമയത്തുപോലും കോഴി മാലിന്യപ്രശ്‌നം പരിഹരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇന്നും നല്ല തുക കൊടുത്തിട്ടാണ് അംഗീകൃത ഏജന്‍സിക്ക് മാലിന്യം കൊടുത്തുവിടുന്നത്. ചത്തുപോകുന്ന ചരക്കിന് വ്യാപാരി നഷ്ടം സഹിക്കണം. എടുത്ത തൂക്കത്തില്‍ വില്‍ക്കാന്‍ കഴിയില്ല. കനക്കുറവ് വ്യാപാരി സഹിക്കണം
ഇപ്പോള്‍ നികുതി ഒഴിവായ സ്ഥിതിക്ക് വ്യാപാരിക്ക് ഫാമുകളില്‍നിന്നു നേരിട്ട് എടുക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അതിന് കേരളത്തിലെ എല്ലാ മുക്ക് മൂലകളിലും ഫാമുകള്‍ ഉയര്‍ന്നുവരണം. തീറ്റയും കുഞ്ഞും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തു ക്രമേണ വിലക്കുറവില്‍ എത്തിക്കാന്‍ കഴിയും. ഭക്ഷണം മോശമായതിന് സപ്ലയറോട് കലികയറുന്നതുപോലെ ചിക്കന്‍ വ്യാപാരികളെ അധിക്ഷേപിച്ചത് കൊണ്ടോ കട അടിച്ചു പൊളിച്ചതുകൊണ്ടോ വിഷയത്തിന് പരിഹാരമാവില്ല.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.