2020 April 08 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ചിറകരിഞ്ഞിട്ടും പറക്കുന്ന മനുഷ്യ ജീവിതങ്ങള്‍

അന്‍വര്‍ കണ്ണീരി, അമ്മിനിക്കാട്

2017 ഏപ്രില്‍ 22 ശനിയാഴ്ച കോഴിക്കോട് ജെ.ഡി.ടി സെമിനാര്‍ ഹാളില്‍ ഗ്രീന്‍ പാലിയേറ്റീവ് സംഘാടകര്‍ ഭിന്നശേഷിക്കാരില്‍ എഴുത്തിന്റെ ലോകത്ത് സഞ്ചരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയഞ്ചോളം പേര്‍ക്ക് ഒരു രചനാ ശില്‍പശാല സംഘടിപ്പിക്കുകയുണ്ടായി.ലേഖകനായ എനിക്കും നിശ്ചിത പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു .പി.കെ പാറക്കടവ് മാഷടക്കം ഒരുപാടു എഴുത്തുകാര്‍ പരിപാടിയില്‍ പങ്കെടുത്ത് മൂര്‍ച്ചയും മൂല്യവുമേറിയ ഒരുപാട് ഉപദേശങ്ങള്‍ കൈമാറി .ഒരു കൂട്ടായ്മയുടെ വിജയം അനുഭവിക്കാനായി എന്നതാണ് യാഥാര്‍ഥ്യം. ഇങ്ങനെ ഭിന്നശേഷിക്കാര്‍ക്കായി ഒരുപാടുപേരില്‍ ധാരാളം നല്ല മനസിനുടമകള്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട് .പക്ഷെ, ഇവിടെയെല്ലാം ഇവരെ ‘നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടിയവര്‍ ‘ എന്ന രീതിയിലുള്ള തലകെട്ടുകളോടെയാണ് മാധ്യമ ലോകം വരെ ഇവരെ പരിചയപ്പെടുത്തുന്നത് .ഇങ്ങനെയുള്ള ഒരു മാധ്യമ പരിചയപ്പെടുത്തലിനെതിരേ റാഫിയ ഷെറിന്‍ എന്ന ഗ്രീന്‍ പാലിയേറ്റീവ് പ്രമുഖ സംഘാടക ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിച്ചത് വേറിട്ടൊരു ശബ്ദമായി .അതാണ് യാഥാര്‍ഥ്യം എന്ന് പലരും തിരിച്ചറിയാന്‍ വൈകുന്നു എന്നതാണ് ഇതിന്റെ പിറകിലെ ശരിയായ വസ്തുത.
ശാരീരിക പരിമിതികള്‍ അനുഭവിക്കുന്ന ഓരോ മനസ് ആഗ്രഹിക്കുന്നതും ചെയ്യുന്നതും അവരുടെ പരിമിതികള്‍ക്കപ്പുറം ചെയ്യാനാണ് .’എനിക്ക് നിന്റെ പിറകെ നടക്കാനല്ല ,കൂടെ നടക്കാനാണ് ഇഷ്ടം ‘എന്ന ദുല്‍ഖര്‍ സല്‍മാന്റെ ഡയലോഗിനെ ഞാനും ഇവിടെ ഒരു ചെറിയ മാറ്റത്തോടെ കടമെടുക്കുന്നു .’എന്റെ പിറകെ ആരും മനപ്പൂര്‍വം നടക്കേണ്ട ,മറിച്ച് നിങ്ങള്‍ നിങ്ങളുടെ ജീവിതം ഞങ്ങളുടെ മുന്നിലൂടെ ഓടി നയിക്കുക .നിങ്ങളുടെ കൂടെ ഞങ്ങളും ഓടി നിങ്ങളെ മറികടക്കാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്. അതില്‍ വിജയം ഞങ്ങള്‍ക്ക് സുനിശ്ചിതമാക്കണം എന്ന വാശിയേക്കാള്‍ ജീവിതത്തിലെ നിര്‍ബന്ധിത സാഹചര്യമാണ് .ആ സാഹചര്യത്തെ ഞങ്ങളുടെ ജീവിതചര്യയാക്കി എന്നതാണ് ശരി .
ഉച്ചക്ക് ഭക്ഷണം കഴിച്ച് വീല്‍ചെയറും ഉരുട്ടി ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ എന്റെ ഡിപ്പാര്‍ട്ട്‌മെന്റിലേക്കു കടന്നു വരുമ്പോള്‍ കേട്ട ഒരു ഡയലോഗും പ്രവര്‍ത്തനവും ആദ്യം മനസിനെ വല്ലാതെ ഒന്ന് വേദനിപ്പിച്ചു . ‘ഡീ ..അങ്ങോട്ട് നോക്ക് ..പാവമല്ലേ ..എന്തിനാ അയാള് ഇത്ര എടങ്ങേറായിട്ട് പണിക്ക് വരുന്നത് ‘..എന്ന് പറഞ്ഞ് കൂടെയുള്ളവരെ തോണ്ടിക്കാണിക്കുക മാത്രമല്ല, കൂടാതെ കൂടെയുള്ള ഒരു കുട്ടിയെ പൊക്കിയെടുത്ത് ഒക്കത്തു വച്ച് ഏതോ ഒരത്ഭുത ജീവിയെന്നോണം തന്റെ കുഞ്ഞിന് കൗതുക വസ്തുവായി എന്നെ കാണിച്ചുകൊടുക്കാനും അവര്‍ മറന്നില്ല. പിന്നീട് ഈ സഹതാപത്തിന്റെ തുറിച്ചു നോട്ടവും ക്രയവിക്രയങ്ങളും ഒരുപാട് ജീവിതത്തില്‍ കണ്ട് ശീലിച്ചു .എനിക്ക് നിങ്ങളുടെ സഹതാപം വേണ്ട .മറിച്ച് സാധാരണക്കാരെപ്പോലെ പരിഗണിക്കാനുള്ള മനസുമതി .ജീവിതത്തിലെ ഓരോ നിമിഷത്തിലും ആ നിമിഷങ്ങളില്‍ ചെയ്തു തീര്‍ക്കേണ്ടത് ശരീരത്തിന്റെ പരിമിതിയെ ഉള്‍കൊള്ളാതെ ‘പിന്നെന്ത് ‘എന്ന് ചിന്തിച്ചു പിന്തിരിപ്പിക്കാറില്ല .സമയാസമയങ്ങളിലും കാലാകാലങ്ങളിലും ചെയ്യേണ്ടതിനെ ‘എനിക്കൊക്കെ എങ്ങനെ’ എന്ന് ചിന്തിച്ചാല്‍ നമ്മള്‍ മുരടിക്കുമെന്നുറപ്പാണ് .അതുകൊണ്ട് ആത്മവിശ്വാസത്തോടെ മനസിനെ മുന്നോട്ടു നയിക്കുക .
ലോകം ശാരീരിക പരിമിതികള്‍ അനുഭവിക്കുന്നവരെയും ജീവിക്കുന്നവരെയും കണ്ണിന്റെ ഒരു പ്രത്യേക കോണിലൂടെ മാത്രം കാണുന്ന ജനസമൂഹമായി മാറിയിരിക്കുന്നു നമ്മുടെ ജനസമൂഹം . എല്ലാവരുടെയും ആന്തരിക ചിന്തകള്‍ ഒന്നാണല്ലോ. ആ ചിന്തകള്‍ പേനയിലൂടെയും നാവിലൂടെയും അക്ഷരങ്ങളായി പിറക്കുന്നു .അവിടെ സാധാരണക്കാരാണെന്നോ ഉന്നതനാണെന്നോ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെന്നോ ഇല്ല .എല്ലാവരും തുല്യരാണ്. ശരീരത്തിന്റെ പരിമിതിയിലും മറ്റുമാണ് വ്യത്യാസം. ഇന്ന് നേരത്തെ സൂചിപ്പിച്ചതുപോലെ ഭിന്നശേഷിക്കാരെ ഒരുമിച്ചു കൂട്ടാന്‍ ഒരുപാടു സംഘടനകള്‍ തയാറാവുന്ന സന്തോഷകരമായ ചുറ്റുപാടാണുള്ളത്. മനുഷ്യത്വം മരവിക്കാത്ത മനസുകള്‍ ഇന്നും എത്രയോ ദൈവപ്രീതി ആഗ്രഹിച്ചു ജീവിക്കുന്നുണ്ട് .അതിനുള്ള തെളിവുകളാണ് ഇത്തരം സംഘടനകളുടെ സംഘാടകര്‍ പറയാതെ പറയുന്നത് .
ഇത്തരം സംഘടനകള്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെ ഒരുമിച്ചിരുത്തുമ്പോള്‍ പലപ്പോഴും ഈ ഒരുമിച്ചുകൂടലിലൂടെ പുറം ലോകത്തെ അറിയുന്നവര്‍ക്ക് വലിയ ആശ്വാസം തന്നെയാണ് .ദശദിന ക്യാംപുകള്‍ വരെ ഇത്തരക്കാരുടെ ഒരുമിച്ചുകൂടലിനു വേണ്ടി സംഘടിപ്പിക്കുന്നുണ്ട് .പക്ഷെ ,ഇത്തരം ഒരുമിച്ചുകൂടലില്‍ അംഗങ്ങളുടെ എണ്ണം കൂടി വരുന്നതായാണ് കാണാന്‍ കഴിയുന്നത് .എന്നും ഒരുമിച്ചുകൂടിക്കൊണ്ടിരിക്കുന്ന അംഗങ്ങളുടെ എണ്ണം ചുരുങ്ങുന്നില്ല എന്നര്‍ഥം .ഇവിടെ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നതിനെ ക്രിയാത്മകമായും ഊര്‍ജസ്വലതയോടെയും സമീപിക്കാന്‍ ശ്രമിക്കുക . ഇത്തരം ഒരുമിച്ചുകൂടലില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രചോദന ക്ലാസുകളും തൊഴില്‍ പരിശീലനങ്ങളും ലഭിച്ചിട്ടും ആരും അത്തരം മേഖലകളില്‍ കൈവയ്ക്കുന്നില്ല എന്നതാണ് വാസ്തവം . കൈവച്ചവര്‍ തന്നെ ‘ഒരു മെച്ചവുമില്ല ‘ എന്ന നിലപാടില്‍ പുറകോട്ടു വലിയുന്നവരുമാണ് .ഒരു ഒത്തുകൂടലില്‍ നേടിയെടുത്ത മനസിന്റെ ധൈര്യംകൊണ്ട് അടുത്ത ഒത്തുചേരലില്‍ അല്ലെങ്കില്‍ അതിന്റെ തൊട്ടടുത്ത ഒത്തുചേരല്‍ വരുമ്പോഴേക്ക് ‘സമയമില്ലാത്ത ‘ അവസ്ഥ ജീവിതത്തില്‍ ഉണ്ടാക്കണം .പിന്നീട് ഇത്തരം ഒത്തുചേരലുകളില്‍ സമയമില്ലായ്മയില്‍ നിന്ന് സമയമുണ്ടാക്കി മറ്റുള്ളവര്‍ക്കുള്ള പുതിയ പ്രചോദനമെന്നോണം ബന്ധങ്ങള്‍ പഴയ ഊഷ്മളതയോടെ നിലനിര്‍ത്തി ‘വിസിറ്റിങ് ഗസ്റ്റ്’ ആയി പങ്കെടുക്കണം.എങ്കില്‍ മാത്രമേ ഒത്തുചേരലുകള്‍ വിജയകരമെന്ന് ഫുള്‍ മാര്‍ക്കിടാന്‍ സാധിക്കുകയുള്ളൂ .അതല്ലാതെ ഇത് ഒരു ആശ്രയമാക്കി മാത്രം മാറ്റാതിരിക്കാന്‍ ശ്രമിക്കണം എന്നതാണ് യാഥാര്‍ഥ്യമാക്കേണ്ടത്
സ്വപ്നങ്ങളും പ്രതീക്ഷകളും ഭാവി ജീവിതവും മനസുകളില്‍ നെയ്തുകൂട്ടണം . ജീവിതത്തെ കൂടുതല്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതാവണം ഇത്തരക്കാരുടെ ജീവിത ശൈലികള്‍ .’ഇനി എന്ത് ‘എന്ന മുരടിപ്പന്‍ നിലപാടാണ് ആദ്യം മാറ്റേണ്ടത് .ഇത്തരം ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സഞ്ചാര യോഗ്യമായ റോഡോ മറ്റോ ഒന്നും നടപ്പിലാവുന്നതു നമ്മുടെ കേരളത്തില്‍ പോലും കാണുന്നില്ല എന്നത് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ .’ഞാനൊരു കുറവ് നേരിടുന്നവനാണ് ‘ എന്ന ചിന്തയേക്കാള്‍ ‘ഞാന്‍ കാണുന്നതും സഞ്ചരിക്കുന്നതുമായ ലോകം എത്ര സുന്ദരമാണ് ‘ എന്ന മറുചിന്തക്കു ഇത്തരക്കാര്‍ തയാറാവണം .നിങ്ങളുടെ സഹതാപത്തിന്റെ നോട്ടവും സഹായവുമല്ല അവര്‍ക്ക് വേണ്ടത് .അംഗീകാരത്തിന്റെയും പരിഗണനയുടെയും സ്‌നേഹത്തിന്റെയും ഒരു ചെറിയ താങ്ങാണ് ഞങ്ങള്‍ക്കാവശ്യം .ആ ചെറിയൊരു താങ്ങു മാത്രമാണ് ഞങ്ങള്‍ക്ക് സ്റ്റീഫന്‍ ഹോക്കിങ്‌സെന്ന ശാസ്ത്രജ്ഞനെ ലോകത്തിനു സമ്മാനിച്ചത് . അങ്ങനെ ഒരുപാടു ഹോക്കിങ്‌സുമാരെയും മറ്റും ലോകത്തിനു സമ്മാനിക്കാന്‍ നിങ്ങളുടെ ആ ചെറിയ താങ്ങുകള്‍ സഹായകമാവുമെന്നത് തര്‍ക്കമില്ലാത്ത യാഥാര്‍ഥ്യങ്ങളാണ് .

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.