2019 October 23 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സാമ്പത്തിക പ്രതിസന്ധി: വാഹന വിപണിയിലെ മാന്ദ്യം സ്റ്റീല്‍ വ്യവസായത്തെയും ബാധിച്ചു; മുപ്പതോളം കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണില്‍

 

മുംബൈ: കഴിഞ്ഞ കുറച്ചു നാളുകളായി വാഹന വിപണി അഭിമുഖീകരിക്കുന്ന കടുത്ത മാന്ദ്യം മറ്റുമേഖലകളിലേക്കും പടരുന്നു. വാഹനവിപണിയിലെ പ്രതിസന്ധി സ്റ്റീല്‍ മേഖലയെയാണ് ആദ്യം ബാധിച്ചത്. ഇതോടെ സ്റ്റീല്‍മേഖലയിലെ മുപ്പതോളം കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. 12 കമ്പനികള്‍ കഴിഞ്ഞദിവസം മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സംരംഭങ്ങളില്‍ ടാറ്റ സ്റ്റീലും ഉള്‍പ്പെടും. ബാങ്കിങ് ഇതര ധനകാര്യ മേഖലയിലെ സാമ്പത്തിക ഞെരുക്കമാണ് വാഹനവിപണിയിലെ മാന്ദ്യത്തിന് കാരണമായത്. വാഹനവിപണിയിലെ മാന്ദ്യം സ്റ്റീല്‍ വ്യവസായത്തെയും ബാധിച്ചു. വാഹന വിപണിയില്‍നിന്നുള്ള ആവശ്യകത കുറഞ്ഞതോടെ സ്റ്റീല്‍ കമ്പനികളില്‍ ഉല്‍പ്പാദനവും കുറഞ്ഞു. ഇതോടെ പതിനായരിങ്ങള്‍ക്കാവും ജോലി നഷ്ടമാവുക. കഴിഞ്ഞ രണ്ടു മാസമായി 15 ദിവസം മാത്രമാണ് കമ്പനിയില്‍ ഉല്‍പ്പാദനം നടക്കുന്നത്.

 

യാതൊരു ആളനക്കവുമില്ലാതെ ജാംഷഡ്പൂരിലെ ടാറ്റാ മോട്ടേഴ്‌സിന്റെ പ്രധാന ഗേറ്റ്. വെള്ളിയാഴ്ചത്തെ ചിത്രം.

 

ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ മാസവും നഷ്ടത്തിലേക്കു വീണെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായി നാലാംമാസമാണ് കമ്പനി നഷ്ടത്തിലാകുന്നത്. കാര്യങ്ങള്‍ വഷളായതോടെ ആയിരത്തോളം ജീവനക്കാര്‍ക്കു കമ്പനി നര്‍ബന്ധിത അവധി നല്‍കിയിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വിലയും ഉയര്‍ന്ന വൈദ്യുതി ചാര്‍ജും താങ്ങാനാകുന്നില്ലെന്നും വരുമാനം കുറഞ്ഞതോടെ പ്രവര്‍ത്തനം നിര്‍ത്തുകയല്ലാതെ വേറെ വഴികളില്ലെന്നുമാണു സ്റ്റീല്‍ കമ്പനി ഉടമകളുടെ നിലപാട്.

അതേസമയം, തുടര്‍ച്ചയായി ഒന്‍പതാം മാസത്തിലും ഇന്ത്യയിലെ വാഹന വില്‍പനയില്‍ ഇടിവ് തുടരുകയാണ്. പ്രതിസന്ധി ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ വ്യവസായ മേഖലയ്ക്ക് വന്‍തിരിച്ചടിയാകുമെന്നും 10 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്നും രാജ്യത്തെ വാഹന ഘടക നിര്‍മാതാക്കളുടെ അസോസിയേഷന്‍ (എ.സി.എ.എ) കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. വായ്പ ലഭ്യതയിലെ പരിമിതികളും ഉപയോക്താക്കള്‍ പ്രകടിപ്പിച്ച താല്‍പര്യക്കുറവും ഗ്രാമീണ മേഖലയിലെ ആവശ്യം ഇടിഞ്ഞതും ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധിച്ചതുമൊക്കെയാണു വാഹന വില്‍പനയ്ക്കു തിരിച്ചടിയായതെന്നാണ് വാഹന നിര്‍മാതാക്കളുടെ സംഘടനയായ ‘സയാം’ പറയുന്നത്. വില്‍പന ഇടിഞ്ഞതോടെ ഡീലര്‍ഷിപ്പുകളില്‍ സ്റ്റോക്ക് കെട്ടിക്കിടക്കുന്നതു കുറയ്ക്കാന്‍ മാര്‍ച്ച് മുതല്‍ നിര്‍മാതാക്കള്‍ ഉല്‍പ്പാദനവും നിയന്ത്രിച്ചു.

വാഹനവിപണിയിലെ മാന്ദ്യത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മാതാക്കളായ ബജാജ് ഉള്‍പ്പെടെയുള്ള വ്യവസായികള്‍ രംഗത്തുവന്നിരുന്നു. കമ്പനിയുടെ 12 ാംമത് വാര്‍ഷിക പൊതുയോഗത്തിനിടെയാണ് കമ്പനി ചെയര്‍മാന്‍ രാഹുല്‍ ബജാജും, മകനും മാനേജിങ് ഡയറക്ടറുമായ രാജീവ് ബജാജും സര്‍ക്കാരിനെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നത്.

30 steel companies down shutters, Tata Motors on a closing spree

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.