2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ഡോറിയന്‍ ചുഴലിക്കാറ്റ്: ബഹാമസില്‍ 30 മരണം; കാണാതായത് നൂറിലേറെ പേരെ, 700 കോടി ഡോളറിന്റെ നഷ്ടം

ഫ്‌ളോറിഡ: ബഹമാസില്‍ വന്‍ നാശം വിതച്ച് വീശിയടിക്കുകയും 30ഓളം പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത ഡോറിയന്‍ ചുഴലിക്കാറ്റ് തെക്ക് കിഴക്കന്‍ യു.എസ് കടല്‍ത്തീരത്തെത്തി. ഇന്നലെ രാവിലെ 10 മണിക്ക് നോര്‍ത്ത് കരോലിനയിലെ കേപ് ഹാറ്ററാസില്‍ കര തൊട്ട ഡോറിയന്‍ മണിക്കൂറില്‍ 90 മൈല്‍ വേഗത്തിലാണ് വീശുന്നതെന്ന് യു.എസിലെ ദേശീയ ചുഴലിക്കാറ്റു കേന്ദ്രം അറിയിച്ചു.

കാറ്റഗറി-1ല്‍ പെടുന്ന ഈ അവസ്ഥ പേടിക്കാനില്ല. എന്നാല്‍ വൈകാതെ കാറ്റ് ശക്തിപ്രാപിച്ചേക്കും. ബഹാമസില്‍ 185 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ചാണ് വന്‍ നാശമുണ്ടാക്കിയത്. കാറ്റിനെ പേടിച്ച് നോര്‍ത്ത് കരോലിനയിലെ 73 റോഡുകള്‍ അടച്ചു. ഇതില്‍ 17 എണ്ണം കാറ്റ് കടന്നുപോകുന്ന പാതയിലാണ്. നോര്‍ത്ത് കരോലിനയില്‍ രണ്ടു ലക്ഷം പേരും സൗത്തില്‍ ഒന്നര ലക്ഷത്തിലേറെ പേരും വൈദ്യുതിയില്ലാതെ വിഷമിക്കുകയാണ്.

യു.എസ് സംസ്ഥാനങ്ങള്‍ക്ക് കടുത്ത ഭീഷണിയായി തുടരുന്ന ചുഴലിക്കാറ്റ് കരീബിയന്‍ ദ്വീപായ ബഹാമസില്‍ കനത്ത നാശനഷ്ടങ്ങളാണ് വരുത്തിവച്ചത്. 30പേര്‍ മരിച്ചു. നൂറിലേറെ പേരെ കാണാതായി. ദുരിതബാധിത പ്രദേശങ്ങളില്‍ സഹായം എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
കാറ്റഗറി 5ല്‍ പെടുന്ന ഡോറിയന്‍ ചുഴലിക്കാറ്റ് ഞായറാഴ്ച അബാക്കോയ്ക്കും ഗ്രാന്‍ഡ് ബഹാമയ്ക്കും ഇടയിലായിരുന്നു തീരം തൊട്ടത്. അബാക്കോയിലെ മാര്‍ഷ് ഹാര്‍ബറിനടുത്തുള്ള ദ്വീപിന്റെ പ്രധാന ഭാഗങ്ങളില്‍ ഉള്‍പ്പെടെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നാണ് വ്യക്തമാവുന്നത്. ഇവിടെയുള്ള 20ഓളം പേരെ മാത്രം ഉള്‍ക്കൊള്ളാനാവുന്ന ഒരു ക്ലിനിക്കില്‍ 1,500 മുതല്‍ 2,000 വരെ ആളുകള്‍ അഭയം തേടിയിട്ടുണ്ട്. നിരവധി പേരാണ് ദ്വീപില്‍ കുടുങ്ങിക്കിടക്കുന്നത്. 700 കോടി ഡോളറിന്റെ നഷ്ടം കണക്കാക്കുന്നു.

75,000ത്തിലധികം ആളുകള്‍ക്ക് ബഹാമസില്‍ ഭക്ഷണവും മറ്റ് സഹായങ്ങളും ആവശ്യമാണെന്ന് യു.എന്നിന്റെ ലോക ഫുഡ് പ്രോഗ്രാം വ്യാഴാഴ്ച അറിയിച്ചു. എട്ട് ടണ്‍ സാധനങ്ങള്‍ എത്തിക്കാന്‍ തയാറായി. ഇതിനുള്ള വഴികള്‍ തേടുകയാണെന്നും അവര്‍ വ്യക്തമാക്കി. അബാക്കോയില്‍ മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതിനായി കുറഞ്ഞത് 200 ബോഡി ബാഗുകളെങ്കിലും സര്‍ക്കാര്‍ വിതരണം ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.