2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

നോട്ടുനിരോധനം, ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ നടുവൊടിഞ്ഞ മൂന്നാണ്ടുകള്‍

2016 നവംബര്‍ എട്ട്. ഇന്ത്യന്‍ ജനതക്കുമേല്‍ ഇടിത്തീ പോലെ ആ പ്രഖ്യാപനം വന്നത് അന്നായിരുന്നു. രാത്രി എട്ട് മണിക്കാണ് അപ്രതീക്ഷിതമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ആ പ്രഖ്യാപനം നടത്തി. രാജ്യത്ത് 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചു. ഒരൊറ്റ പ്രസംഗംകൊണ്ട് കോടിക്കണക്കിന് രൂപക്ക് ഒരു മൂല്യവും ഇല്ലാതായിപ്പോയി അന്ന്.

കള്ളപ്പണം പൂര്‍ണ്ണമായും ഇല്ലാതാക്കുക, ഭീകരവാദികള്‍ക്കുള്ള സാമ്പത്തിക സ്രോതസ് അടക്കുക തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു നോട്ട് നിരോധനത്തിന് പിന്നില്‍. കള്ളപണത്തിനെതിരായ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനം വന്‍ തിരിച്ചടിയായി മാറിയ കാഴ്ചയാണ് മൂന്ന് വര്‍ഷത്തിനിപ്പുറം കാണാനാകുന്നത്.

രാജ്യം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് നോട്ട് നിരോധനമാണെന്ന് സാമ്പത്തിക വിദഗ്ധരെല്ലാം ഒറ്റക്കെട്ടായി വിളിച്ചു പറയുന്നു ഇന്ന്.

നിലച്ചില്ല കള്ളപ്പണമൊഴുക്കും കള്ളനോട്ടും

രാജ്യത്തു നടക്കുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ 66 ശതമാനവും പണം ഇടപാടുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. !!ഡീമോണിറ്റൈസേഷന്‍ നടപ്പാക്കിയിട്ടും റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇപ്പോഴും കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നു. മൂന്നില്‍ ഒന്ന് റിയല്‍ എസ്റ്റേറ്റ് ട്രാന്‍സാക്ഷന്റെയും 10 മുതല്‍ 50 ശതമാനം വരെ പണം ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നു.

കള്ളനോട്ട് ഇറക്കാനാവില്ലെന്നതായിരുന്നു 2000 രൂപയുടെ മറ്റൊരു സവിശേഷതയായി പറഞ്ഞത്. നോട്ട് വിപണിയിലിറങ്ങി ദിവസങ്ങള്‍ക്കകം കള്ളനോട്ടുമിറങ്ങി. നാഷണല്‍ ക്രൈം റിക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് 2017ല്‍ 28.1 കോടി രൂപയുടെ വ്യാജ നോട്ടുകള്‍ പിടിച്ചു. മുന്‍ വര്‍ഷം പിടിച്ച 15.9 കോടി രൂപയുടെ കള്ള നോട്ടുകളേക്കാള്‍ 76 ശതമാനം അധികമായിരുന്നു ഇത്. വ്യാജ നോട്ടുകളില്‍ അധികവും 2,000 രൂപ നോട്ടുകള്‍ ആണ് എന്നതാണ് സത്യം. 2017ല്‍ പിടിച്ചെടുത്തത് 14.98 കോടി രൂപ മൂല്യം വരുന്ന 2000 രൂപയുടെ കള്ളനോട്ടുകളാണ്.

നടപ്പിലാവാത്ത ക്യാഷ്‌ലസ് ഇക്കോണമി
ക്യാഷ്‌ലെസ് ഇക്കണോമി നടപ്പിലാക്കുകയെന്ന മറ്റൊരു ലക്ഷ്യം കൂടി നോട്ട് നിരോധനത്തിന് പിന്നില്‍ ഉണ്ടായിരുന്നു. അതായത് പണമിടമാടുകള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുക. ഈ തലത്തില്‍ രാജ്യത്ത് ഡിജിറ്റലൈസേഷന്‍ വളരെ പെട്ടെന്ന് നടപ്പാക്കാന്‍ നോട്ട് നിരോധനം സഹായിച്ചിട്ടുണ്ടെങ്കിലും ഇതും പൂര്‍ണ്ണമാണെന്ന് പറയാന്‍ കഴിയില്ല.

കാരണം, മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ യു.പി.ഐ, ഡെബിറ്റ് കാര്‍ഡ്‌സ്, മൊബൈല്‍ ബാങ്കിംഗ്, തുടങ്ങിയവക്ക് വന്‍ ജനപ്രീതിയാണുണ്ടായത്. പക്ഷെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്ക് പ്രകാരം 2016 നവംബറിനും 2019 സെപ്തംബറിനും ഇടയില്‍ കറന്‍സിയുടെ ഉപയോഗം 13.3 ശതമാനം വര്‍ധിച്ചുവെന്നും ഒപ്പം ബാങ്ക് നിക്ഷേപങ്ങളില്‍ വലിയ ഇടിവുണ്ടായതായും കണക്കാക്കുന്നു.

തകര്‍ന്നടിഞ്ഞ് ചെറുകിട വിപണി

നോട്ട് നിരോധനത്തിന്റെ പ്രത്യഘാതം ഏറ്റവും കൂടുതല്‍ എറ്റ് വാങ്ങേണ്ടി വന്നത് ചെറുകിടഇടത്തരം വ്യവസായങ്ങള്‍ക്കാണ്. പണത്തിന്റെ ഒഴുക്ക് നിലച്ചതോടെ പല കമ്പനികളും അടച്ചുപൂട്ടി. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. രാജ്യത്തെ വ്യാവസായിക മേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണം നോട്ട് നിരോധനമാണെന്ന് വ്യക്തമാക്കി നിരവധി കമ്പനികളും രംഗത്തെത്തിയിരുന്നു. ഇത് കൂടാതെ 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് രാജ്യം അഭിമുഖീകരിക്കുന്നത്.

നോട്ട് നിരോധനത്തിന് തുടക്കത്തില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാല്‍ ഇന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പല കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് നോട്ട് നിരോധനമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. നിരോധിക്കപ്പെട്ട 500, 1000 നോട്ടുകളില്‍ 99.3% നോട്ടുകളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് പിന്നീട് വ്യക്തമാക്കി. 2016 നവംബറിനും 2019 സെപ്റ്റംബറിനും ഇടയില്‍ കറന്‍സിയുടെ ഉപയോഗം 133% കൂടിയതായും കണക്കുകള്‍ പറയുന്നു. ഒപ്പം ബാങ്ക് നിക്ഷേപങ്ങളിലും വന്‍ ഇടിവുണ്ടായി.

ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്നും ആര്‍.ബി.ഐ റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍ഡ് കുത്തനെ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

കള്ളപണവും, കള്ളനോട്ടും, ഭീകരവാദവും ഇല്ലായ്മ ചെയ്യാന്‍ തീരുമാനത്തിന് കഴിയുമെന്നായിരുന്നു മോദി സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ മൂന്ന് വര്‍ഷത്തിനിപ്പുറം നോട്ട് നിരോധനമെന്നത് സര്‍ക്കാരിന്റെ വലിയ പിഴവായിരുന്നു എന്ന് തെളിയുന്നു.

പ്രഖ്യാപനത്തിനു പിന്നാലെ പല വേദികളിലും നോട്ടുനിരോധനം സര്‍ക്കാരിന്റെ സുപ്രധാന നേട്ടമായി എടുത്തു പറഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ ബിജെപിയോ മോദി സര്‍ക്കാരോ നോട്ട് നിരോധനത്തെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. അതേസമയം, നോട്ട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടും വൈകാതെ പിന്‍വലിക്കപ്പെടുമെന്ന അഭ്യൂഹങ്ങളും ഇപ്പോള്‍ പരക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.