2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് ‘വന്യമൃഗങ്ങള്‍ക്കൊരു ആശ്വാസകേന്ദ്രം’

നിസാം കെ അബ്ദുല്ല

 

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ പ്രധാന കവാടം കടന്ന് അല്‍പം മുന്നോട്ടുപോയാല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് എന്നെഴുതിയ ഒരു ബോര്‍ഡും തൊട്ടടുത്തായി മൂന്ന് നിലയില്‍ ഒരു കെട്ടിടവും കാണാം.
സാധാരണക്കാര്‍ക്ക് ഇതില്‍ കൂടുതലാന്നും ഈ ബോര്‍ഡില്‍ നിന്നും കെട്ടിടത്തില്‍ നിന്നും മനസിലാക്കാന്‍ സാധിക്കില്ല. എന്നാല്‍ ആ കെട്ടിടവും അതിലെ ജീവനക്കാരും വന്യമൃഗങ്ങളടക്കമുള്ള ജീവികള്‍ക്ക് സമാശ്വാസകേന്ദ്രമാണ്. അപകടങ്ങളിലും മറ്റ് മൃഗങ്ങളുടെ അക്രമണത്തിലും പരുക്കേല്‍ക്കുകയോ, മറ്റ് അസുഖങ്ങള്‍ മൂലം കഷ്ടതയനുഭവിക്കുകയോ ചെയ്യുന്ന നിരവധി മൃഗങ്ങള്‍ക്കാണ് ഈ കേന്ദ്രം ദിനേന ആശ്വാസം പകരുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം കടലാമ, പറക്കും അണ്ണാന്‍, ആനക്കുട്ടി, പുള്ളിമാന്‍ എന്നിങ്ങനെ വി.വി.ഐ.പികളായ നിരവധി രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തിയത്. പല അപകടങ്ങളില്‍പെട്ട് പരുക്കേറ്റാണ് ഇവയെ സെന്ററിലെത്തിച്ചത്. അപകടനില തരണം ചെയ്ത് കടലാമയെ കോഴിക്കോട് കൊളാവിപ്പാലം ബീച്ചിലെ ‘തീരം’ പ്രവര്‍ത്തകര്‍ ഡിസ്ചാര്‍ജ് വാങ്ങിച്ചു കൊണ്ടുപോയി. മാനിന് അപകടം പറ്റിയ സ്ഥലത്തെത്തി ചികിത്സ നല്‍കുകയായിരുന്നു.
എന്നാല്‍ പറക്കും അണ്ണാന്‍ ചികിത്സ പാതിവഴിയിലാക്കി മരണത്തിനു കീഴടങ്ങി. ആനക്കുട്ടി പൂര്‍ണ സുഖം പ്രാപിച്ചുവരുന്നതിനിടെ കഴിഞ്ഞ 30നു ചരിഞ്ഞു. ഇതു സെന്ററിലെ ജീവനക്കാരെ തെല്ലൊന്നുമല്ല ദു:ഖത്തിലാഴ്ത്തിയത്. അത്രയധികം ശ്രദ്ധയോടെയാണ് ഇവിടെയെത്തുന്ന മൃഗങ്ങള്‍ക്ക് സെന്ററിലെ ജീവനക്കാര്‍ നല്‍കുന്ന പരിചരണം.
ആനക്കുട്ടിയെത്തിയതോടെ ഉറക്കം വരെ മാറ്റിവച്ച് രാപകലെന്യേയാണ് സെന്ററിലെ ഡോ. ജോജു ജോണ്‍സണ്‍, ജീവനക്കാരായ ശാന്ത, സജീര്‍, വിദ്യാര്‍ഥികളായ കാര്‍ത്തിക്, മനോജ് എന്നിവരടക്കമുള്ളവരും പരിചരിച്ചത്. സെന്ററിന്റെ ഓഫിസ് ഇന്‍ ചാര്‍ജായ ഡോ. ജോര്‍ജ് ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.
ഇവരുടെ പ്രയത്‌നത്തിന് ഫലവുമുണ്ടായി. എഴുന്നേറ്റുനില്‍ക്കാന്‍ പോലും കഴിയാതെ അവശനായിരുന്ന കുട്ടിയാന നടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങി. മരുന്നുകളോടു പ്രതികരിച്ചു തുടങ്ങിയതോടെ സെന്റര്‍ അധികൃതര്‍ തികഞ്ഞ പ്രതീക്ഷയിലായി. കാലിലെ വ്രണങ്ങള്‍ ഉണങ്ങിയതോടെ ആനക്കുട്ടിയെ വനംവകുപ്പിനു കൈമാറാമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാര്‍.
എന്നാല്‍ 30നു രാവിലെ പെട്ടെന്നായിരുന്നു ആനക്കുട്ടിയുടെ വിയോഗം. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുടലിലെ പഴുപ്പാണ് ആനക്കുട്ടിയുടെ മരണകാരണമെന്നു കണ്ടെത്തി. കാലുകള്‍ക്ക് ഗുരുതര പരുക്കുമായി വൈത്തിരിക്കടുത്ത് അവശനിലയില്‍ കണ്ടെത്തിയ പറക്കും അണ്ണാന്‍ മരുന്നുകളോടു പൂര്‍ണമായി പ്രതികരിച്ചു തുടങ്ങുന്നതിനിടെയാണു മരണപ്പെട്ടത്.
മലബാര്‍ വന്യജീവിസങ്കേതത്തിലെ പെരുവണ്ണാമൂഴി റേഞ്ചില്‍ നിന്നാണ് കടലാമ പൂക്കോടെത്തിയത്. റേഡിയോഗ്രാഫിക് പരിശോധനയില്‍ ആമയുടെ തൊണ്ടയില്‍ മീന്‍ ചൂണ്ടകള്‍ കണ്ടെത്തി. ഇവ ശസ്ത്രക്രിയയിലൂടെ നീക്കാനും മീന്‍വലയില്‍ കുരുങ്ങിയ മുന്‍കാലുകള്‍ക്കുണ്ടായ പരുക്ക് ഭേദപ്പെടുത്താനും ഡോക്ടര്‍മാര്‍ക്കായി. ചോലോട് എസ്‌റ്റേറ്റ് പരിസരത്ത് മതിലില്‍ നിന്നു വീണു കാലിനു പരുക്കേറ്റ പുള്ളിമാനിനെ സ്ഥലത്തെത്തിയാണ് സെന്ററിലെ ഡോക്ടര്‍മാര്‍ പരിചരിച്ചത്.
മയക്കിയതിനു ശേഷം ആന്റിബയോട്ടിക് അടക്കമുള്ളവ നല്‍കി വിട്ടയക്കുകയായിരുന്നു. മാനിന്റെ പരുക്ക് ഗുരുതരമല്ലാത്തതിനാലാണു ചികിത്സ നല്‍കി വിട്ടയച്ചത്. ഇത്തരത്തില്‍ സഹജീവികള്‍ക്കു സാന്ത്വനവും പരിചരണവുമേകി കാരുണ്യത്തിന്റെ പുതിയ മാനങ്ങള്‍ കെട്ടിപ്പൊക്കുകയാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിലെ ജീവനക്കാര്‍.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.