2020 August 06 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

‘മഹാത്മജിയുടെ വധത്തിനു ശേഷം രാജ്യം സാക്ഷ്യംവഹിച്ച മറ്റൊരു മഹാദുരന്തം’; കെ.ആര്‍ നാരായണന്‍ പറഞ്ഞ ആ ദുരന്തത്തിനിന്ന് 27 ആണ്ട്

 

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്നേക്ക് 27 വര്‍ഷമാവുന്നു. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമക്ഷേത്രത്തിനായി വിട്ടുകൊടുത്തെങ്കിലും, സുപ്രിംകോടതി സമ്മതിച്ച കാര്യമാണ് മസ്ജിദ് തകര്‍ത്തത് കുറ്റമാണെന്ന കാര്യം. ആധുനിക ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം തന്നെയാണത്. യശശ്ശരീരനായ കെ.ആര്‍ നാരായണന്‍ അന്ന് അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു: മഹാത്മജിയുടെ വധത്തിനു ശേഷം രാജ്യം സാക്ഷ്യംവഹിച്ച മറ്റൊരു മഹാദുരന്തം.

മുസ്‌ലിംകള്‍ നാലര നൂറ്റാണ്ടു കാലം ആരാധിച്ച പള്ളിയാണ് 1992 ഡിസംബര്‍ ആറിന് ധ്വംസിക്കപ്പെട്ടത്. നിരന്നുനിന്ന പട്ടാളത്തിനും പൊലിസിനും കണ്‍മുന്നിലായിരുന്നു പട്ടാപ്പകല്‍ നടത്തിയ ഈ ആക്രമണം. ഇതൊരു കുറ്റമാണെന്ന് സുപ്രിംകോടതി പോലും പറഞ്ഞിട്ടും ആരും ശിക്ഷിക്കപ്പെട്ടില്ലെന്നത് മറ്റൊരു വസ്തുത.

ഒരു പിഴ വരുത്തിവച്ച വിന

സരയൂ നദിക്കരയിലെ 465 വര്‍ഷം പഴക്കമുള്ള ആ ദേവാലയം മുസ്‌ലിം പള്ളിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിറകെ, രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം പ്രക്ഷുബ്ധമായിരുന്ന ഒരു കാലസന്ധിയില്‍ ഭരണകര്‍ത്താക്കള്‍ക്കു സംഭവിച്ച ഒരു കൈപ്പിഴയാണ് വ്രണമായി വളര്‍ന്ന് ഒരു രാജ്യത്തിന്റെ ആധാരശിലകളെ ശിഥിലമാക്കുംവിധം അങ്ങേയറ്റം വഷളാക്കിയത്. 1949 ഡിസംബര്‍ 23ന്റെ പുലരിയില്‍ പള്ളിക്കകത്ത് കൊണ്ടിട്ട രാമവിഗ്രഹം എടുത്തുമാറ്റി പ്രശ്‌നം മുളയില്‍തന്നെ നുള്ളിക്കളയണമെന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പലവുരു ആവശ്യപ്പെട്ടിട്ടും ആര്‍.എസ്.എസ് മനസുള്ള ഗോവിന്ദ പാന്ത് അതു കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്നതാണു പിന്‍ഗാമികള്‍ക്ക് പോരാടാന്‍ ഒരു ദൈവത്തെ ബാക്കിവച്ചത്.

വിദ്വേഷത്തിന്റെ മലയാളിക്കൈ

അവിടെയുമെത്തി ഒരു മലയാളി, രംഗം വഷളാക്കാന്‍. കെ.കെ നായര്‍ എന്ന അന്നത്തെ ജില്ലാ കലക്ടര്‍ അല്‍പം വിവേകം കാണിച്ചിരുന്നുവെങ്കില്‍ അന്തരീക്ഷം ചൂടുപിടിക്കില്ലായിരുന്നു. തന്റെ പത്‌നിക്ക് ജനസംഘം മത്സരിക്കാന്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തതും രാമജപകീര്‍ത്തന പരിപാടിയിലൂടെ പണം ശേഖരിക്കാമെന്ന മോഹവുമാണ് ഈ മലയാളിയെ അരുതായ്മക്കു കൂട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ഇന്നത്തെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആത്മീയ കേന്ദ്രമായ ഗൊരഖ്പൂര്‍ പീഠമാണ് വിഗ്രഹം പള്ളിക്കകത്ത് കൊണ്ടിടുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്. അഖണ്ഡനീയമായ തെളിവുകളില്ലെങ്കിലും ശ്രീരാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന് ഒരു വിഭാഗം ഉറച്ചുവിശ്വസിക്കുന്നു.

 

വിഗ്രഹം പ്രത്യക്ഷപ്പെടുന്നു

ബാബര്‍ ചക്രവര്‍ത്തിയുടെ സേനാധിപന്‍ മീര്‍ബഖിയുടെ നേതൃത്വത്തില്‍ പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച മസ്ജിദ് നിലകൊള്ളുന്നിടത്താണ് രാമജന്മസ്ഥാന്‍ എന്നു വാദിച്ചുകൊണ്ട് 1886ല്‍ മഹന്ത് രഘുവീര്‍ ദാസ് കോടതിയെ സമീപിച്ചതെങ്കിലും ഹരജി തള്ളുകയായിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുത്ത് നടത്തിയ നാടകമായിരുന്നു ആ കേസ്. വിചാരണക്കോടതിയുടെ തീര്‍പ്പിനെതിരേ കൊടുത്ത അപ്പീലും തള്ളുകയായിരുന്നു. 1934ല്‍ ഒരു കൂട്ടമാളുകള്‍ വന്ന് പള്ളിയുടെ ഒരു ഭാഗത്ത് കേടുപാടുകളുണ്ടാക്കി. ബ്രിട്ടീഷ് ഭരണകൂടമാണ് കേടുപാടുകള്‍ തീര്‍ത്തുകൊടുത്തത്. തുടര്‍ന്നും മുസ്‌ലിംകള്‍ അവിടെ നിസ്‌കാരം നിര്‍വഹിച്ചു. സമാധാനപരമായി കാര്യങ്ങള്‍ നീങ്ങുന്നതിനിടയിലാണ്, വിഭജനത്തിന്റെ തൊട്ടുപിറകെ, വിഗ്രഹം പ്രത്യക്ഷപ്പെടുന്നത്. അതോടെ പള്ളി പൂട്ടിയിട്ടു. പുറത്തെ ഛബുത്രയില്‍ (തറ) ഹിന്ദുക്കള്‍ ആരാധന നടത്തുന്നത് തുടരുകയും ചെയ്തു. അതോടെ കോടതി കയറിയ മുസ്‌ലിംഹിന്ദുകക്ഷികള്‍ ഉടമാവകാശത്തിനായി കേസ് കൊടുത്തു.

 

ഉടഞ്ഞുവീണ മതേതരത്വത്തിന്റെ പ്രതീകം

എണ്‍പതുകളുടെ ആദ്യപാദം വരെ ഈ കേസുകള്‍ ഫൈസാബാദ് കോടതിയില്‍ ഗാഢനിദ്രയിലായിരുന്നു. അതിനിടെയുണ്ടായ ചില രാഷ്ട്രീയതീരുമാനങ്ങള്‍ എല്ലാം തകിടം മറിച്ചു. ഷാബാനുബീഗം കേസിന്റെ വിധി ദുര്‍ബലപ്പെടുത്താന്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ മുസ്‌ലിം വനിതാ നിയമം കൊണ്ടുവന്നു. അതോടെ ‘മുല്ലമാരുടെ മുന്നില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കീഴടങ്ങി’ എന്നാക്രോശിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തിറങ്ങി. അവരെ തണുപ്പിക്കാന്‍ ജില്ലാ കോടതിയില്‍നിന്ന് സമ്പാദിച്ച ഉത്തരവുമായി വന്ന് ബാബരിയുടെ കവാടം പൂജക്കായി തുറന്നുകൊടുത്തു. താമസിയാതെ, തര്‍ക്കസ്ഥലത്ത് ശിലാന്യാസം നടന്നു. 1990ല്‍ എല്‍.കെ അദ്വാനി നടത്തിയ രഥയാത്ര രക്തപങ്കിലമായ ഒരധ്യായം എഴുതിച്ചേര്‍ത്തു. 1992 ഡിസംബര്‍ ആറിന് അതും സംഭവിച്ചു. മതേതരത്വത്തിന്റെ പ്രതീകമെന്ന് ഐക്യരാഷ്ട്രസഭ പോലും വിശേഷിപ്പിച്ച ആ ദേവാലയം നിശ്ശേഷം തകര്‍ത്ത്, തല്‍ക്കാലികമായി കെട്ടിപ്പൊക്കിയ പന്തലിനു താഴെ രാം ലാല വിഗ്രഹം പ്രതിഷ്ഠിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.