2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പ്രളയത്തിലും പരാതിപ്രളയം

#അന്‍സാര്‍ മുഹമ്മദ്

അങ്ങനെ ശബരിമലയും ജലീല്‍വിഷയവും വിവാദപ്രളയം സൃഷ്ടിച്ച നിയമസഭയില്‍ ഒടുവില്‍ കേരളത്തെ ഇളക്കിമറിച്ച മഹാപ്രളയം കടന്നുവന്നു. അതും അടിയന്തരപ്രമേയ രൂപത്തില്‍. വി.ഡി സതീശനാണ് പ്രമേയ നോട്ടിസ് നല്‍കിയത്. ഈ നൂറ്റാണ്ടു കണ്ട മഹാപ്രളയം മൂലം ഉളവായ ഗുരുതര സ്ഥിതിവിശേഷം സഭാനടപടി നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം.
സ്പീക്കറുടെ വാക്കില്‍ പറഞ്ഞാല്‍ സഭയില്‍ ആദ്യം വരേണ്ട വിഷയം. വിഷയം ഗൗരവമാണെന്നും ചര്‍ച്ച ചെയ്യേണ്ടതാണെന്നും സ്പീക്കര്‍. പ്രളയത്തെ നേരിട്ടത് എല്ലാവരുമൊരുമിച്ചാണ്, തുടര്‍പ്രവര്‍ത്തനങ്ങളും അങ്ങനെയാവണം.
ഒരു അവലോകനം കൂടി നല്ലതാണെന്നും അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രിയും പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ചര്‍ച്ച ചെയ്യാമെന്നു സ്പീക്കര്‍ സമ്മതിച്ചു. ഒരു മണി മുതല്‍ നാലരമണിക്കൂര്‍ കൊണ്ടുപിടിച്ച, ചൂടു പിടിച്ച ചര്‍ച്ച നടന്നു. അതുവരെ എല്ലാം ശുഭം. മുഖ്യമന്ത്രിയുടെ മറുപടി വന്നതോടെ അതില്‍ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷം ബഹളത്തോടെ സഭ വിട്ടിറങ്ങി.

പ്രളയ ദുരിതാശ്വാസത്തില്‍ സര്‍ക്കാരിനു വ്യാപകമായി പാളിച്ച പറ്റിയെന്നു വിഷയം അവതരിപ്പിച്ച വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. 100 ദിവസമായിട്ടും അര്‍ഹതയുള്ളവര്‍ക്കു സഹായം കിട്ടിയിട്ടില്ല. 20 ശതമാനം പേര്‍ക്ക് ഇപ്പോഴും 10,000 രൂപ കിട്ടിയിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കു നഷ്ടപരിഹാരം നല്‍കിയില്ല.
മത്സ്യത്തൊഴിലാളികളെ പറഞ്ഞു പറ്റിച്ചു. 100 ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴികളുടെ തോണി നന്നാക്കിക്കൊടുത്തില്ല. മത്സ്യത്തൊഴിലാളികളുടെ വീട് പട്ടിണിയിലാണ്. വീട് നഷ്ടപ്പെട്ടവര്‍ക്കു താല്‍ക്കാലിക പരിഹാരം ഒരുക്കാനായില്ല. ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകള്‍ക്കു നഷ്ട പരിഹാരം നല്‍കിയിട്ടില്ല. ഇങ്ങനെ നീണ്ടു സതീശന്റെ കുറ്റവിചാരണ.
മുഖ്യമന്ത്രി, വകുപ്പുമന്ത്രിമാര്‍, എം.എല്‍.എമാര്‍, സന്നദ്ധസംഘടനകള്‍, മത്സ്യത്തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണു നടന്നതെന്നായി സജി ചെറിയാന്‍. പതിനാറു ലക്ഷം പ്രളയബാധിതരെ രക്ഷപ്പെടുത്തി ക്യാംപുകളിലെത്തിച്ചു.
മന്ത്രിമാര്‍ ദുരന്തമുഖത്തു ക്യാംപ് ചെയ്തു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. ഉദ്യോഗസ്ഥതലത്തില്‍ എല്ലാ വകുപ്പുകളും ശ്ലാഘനീയമായ പ്രവര്‍ത്തനം നടത്തിയെന്നും സജി ചെറിയാന്‍ പറഞ്ഞു.
ഇതിനിടയില്‍ പ്രതിപക്ഷത്തെ കുത്താനും സജി ചെറിയാന്‍ മറന്നില്ല. രക്ഷാപ്രവര്‍ത്തനത്തിനിടയിലും പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും ആ ലക്ഷ്യത്തോടെയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു. ഒരു യു.ഡി.എഫ് നേതാവിന്റെയും ശ്രമഫലമായി ഒരു വള്ളംപോലും കിട്ടിയില്ല. ദുരിതാശ്വാസ ക്യാംപുകള്‍ സി.പി.എം ക്യാംപാണെന്ന് ആരോപിച്ചു കൊണ്ടിരിക്കുകയായിരുന്നു പ്രതിപക്ഷം.
സജി ചെറിയാനു മറുപടിയുമായെത്തിയത് കോണ്‍ഗ്രസിന്റെ പടക്കുതിര അന്‍വര്‍ സാദത്തായിരുന്നു. മഹാപ്രളയ സമയത്ത് എ.കെ.ജി സെന്ററിനു മുന്നില്‍ തിക്കും തിരക്കുമായിരുന്നെന്നും അവിടെ നിന്നാണു വള്ളങ്ങള്‍ ഒഴുകിയതെന്നും അദ്ദേഹം പരിഹസിച്ചു. വേഴാമ്പല്‍ മഴ കാത്തിരിക്കുന്ന പോലെയാണു പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ സഹായം കാത്തിരിക്കുന്നതെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.

സി.കെ നാണുവിനു മുഖ്യമന്ത്രി തെണ്ടുന്നതിലാണു സങ്കടം. നവകേരള സൃഷ്ടിക്കായി കൈനീട്ടുന്ന മുഖ്യമന്ത്രിയുടെ കരങ്ങള്‍ക്കു ശക്തിപകരണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന. ഭരണകക്ഷി അംഗങ്ങളെല്ലാം അടിയന്തരപ്രമേയത്തിനെ എതിര്‍ത്തപ്പോള്‍ നാണു പ്രമയേത്തിനു പിന്തുണ നല്‍കുകയും ചെയ്തു.
പിണറായി വിജയനെന്നു കേട്ടാല്‍ കലികൊണ്ടു വാളോങ്ങുന്ന പി.സി ജോര്‍ജ് മറുകണ്ടം ചാടിയതു കൗതുകമായി. പ്രളയകാലത്തു മുഖ്യമന്ത്രി സംസ്ഥാനത്തിനു വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചു രാഷ്ട്രീയം പറയാന്‍ തനിക്കു സൗകര്യമില്ലെന്നു ജോര്‍ജ് പറഞ്ഞു.
രോഗം പോലും അവഗണിച്ചാണദ്ദേഹം പ്രളയകാലത്തു പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട. അദ്ദേഹം പരമാവധി ചെയ്തു. സര്‍ക്കാര്‍ എന്ത് ചെയ്‌തെന്നു പരിശോധിക്കുന്നതിനു പകരം നമുക്കെല്ലാവര്‍ക്കും കൂടി എന്തു ചെയ്യാന്‍ കഴിയുമെന്നാണു ചിന്തിക്കേണ്ടതെന്നു ജോര്‍ജ് ഉപദേശിച്ചു.
എന്നാല്‍, ജോര്‍ജിന്റെ നിയമസഭയിലെ കൂട്ടാളി ബി.ജെ.പി അംഗം ഒ. രാജഗോപാലിന്റേതു തികച്ചും വ്യത്യസ്തമായ നിലപാടായിരുന്നു. പ്രളയദുരിതാശ്വാസമായി കേരളത്തിലെത്തിയ പണത്തിനു കണക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം 600 കോടി തന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കോടികള്‍ നല്‍കി. ഇനി കേന്ദ്രത്തില്‍ നിന്ന് 2,500 കോടി കൂടി വാങ്ങാന്‍ ഒരുമിച്ചു ശബ്ദമുണ്ടാക്കാമെന്നും അദ്ദേഹം തട്ടി വിട്ടു.
ഒരു സംസ്ഥാനം തകര്‍ന്നടിഞ്ഞിട്ടു സഹായിക്കാതെ കോടികള്‍ മുടക്കി പ്രതിമ പണിയുകയാണു മോദി ചെയ്തതെന്നു പ്രതിപക്ഷ ഉപനേതാവ് എ.കെ മുനീറിന്റെ വാക്കുകള്‍. വനിതാമതിലിനുള്ള മേസ്തിരിമാരെ തിരയുന്നതിനു മുന്‍പ് പ്രളയത്തില്‍ ഒലിച്ചു പോയ ഒരു മതിലെങ്കിലും കെട്ടണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെയും ഉപദേശിച്ചു. ആഗ്രഹങ്ങളുടെ സ്വപ്‌നകാവ്യമാണു നവകേരള സൃഷ്ടിയെന്നും അദ്ദേഹം വിലയിരുത്തി.

കേന്ദ്രം കാണിക്കുന്ന ചിറ്റമ്മനയവും കേരളം കാണിക്കുന്ന അനാസ്ഥയും ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ പോരാ പാലിക്കണം. കാര്യശേഷിയില്ലാത്ത സര്‍ക്കാരാണിവിടെ. മോദിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പു പോലെയായി. സാലറി ചലഞ്ച് പിടിച്ചു പറിയായി മാറ്റിയത് സര്‍ക്കാരാണ്. സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റിയിലെന്ന പോലെയാണ് ധനമന്ത്രി സര്‍ക്കാരുദ്യോഗസ്ഥരോടു പെരുമാറിയത്.
പ്രളയം മൂലം നഷ്ടമുണ്ടായ എല്ലാവര്‍ക്കും സഹായം നല്‍കുമെന്നു മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. എപ്പോള്‍ നല്‍കുമെന്നു പറയണമെന്നായി പ്രതിപക്ഷ നേതാവ്. എല്ലാവര്‍ക്കും സഹായം നല്‍കുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും പിണറായി ആവര്‍ത്തിച്ചു.
മുഖ്യമന്ത്രിയുടെ ഈ നിലപാടില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. ഇറങ്ങി പോകുന്നതിനു മുന്‍പ് നവകേരള സൃഷ്ടിക്കായി എല്ലാ സഹകരണവുമുണ്ടാകുമെന്ന വാഗ്ദാനം നല്‍കാനും പ്രതിപക്ഷ നേതാവ് മറന്നില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.