2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ആറ് കുറുങ്കഥകള്‍

#ജിബി ദീപക് കെടാമംഗലം

ധ്യാനം

അതിര്‍ത്തി തര്‍ക്കം അയല്‍ക്കാരായ രാമചന്ദ്രനെയും ഡേവിഡിനെയും ശത്രുക്കളാക്കി. വഴക്കുമൂത്ത് പരസ്പരം കൈയാങ്കളിയായി. അതിര്‍ത്തിയില്‍നിന്ന മരച്ചുവടായിരുന്നു യുദ്ധഭൂമി. അവരുടെ വിവരക്കേടു കണ്ട് വൃക്ഷമുത്തച്ഛന്‍ നിശബ്ദം കണ്ണീര്‍വാര്‍ത്തു.
കുറെ വവ്വാലുകള്‍ അതിര്‍ത്തിയൊന്നുമറിയാതെ, തലകീഴായി ആ മരത്തില്‍ തൂങ്ങിക്കിടന്നു ധ്യാനിച്ചിരുന്നു; താഴെ നടക്കുന്ന യുദ്ധങ്ങള്‍ക്ക് ഒന്നും ചെവികൊടുക്കാതെ.

നിയോഗം

നന്ദഗോപന്‍ നായര്‍ മരിച്ചതറിഞ്ഞ് മുംബൈയില്‍നിന്നു മക്കള്‍ പറന്നെത്തി. മരണാനന്തര ചടങ്ങ് നിര്‍വഹിച്ചു. അച്ഛനു വായ്ക്കരിയിട്ടു. പട്ടുപുതച്ചു മൃതദേഹം ചുടലപ്പറമ്പിലേക്കു കൊണ്ടുപോയി. ജഡം ചിതയില്‍ വച്ച ശേഷം സുന്ദരന്‍ അനുജനോടു തിരക്കി:
”എപ്പഴാ നീ പൊവ്വാ?”
”രാത്രി വണ്ടിക്ക്.” അനുജന്‍
”ഞാനും മടങ്ങാണ്.”ഇവിടുത്തെ ഏര്‍പ്പാട് എങ്ങനാ?”സുന്ദരന്‍ തിരക്കി.
അനുജന്‍ രാഘവേട്ടനെ നോക്കി. നന്ദഗോപന്‍ നായരുടെ കാര്യസ്ഥനും തുണക്കാരനുമായിരുന്ന രാഘവേട്ടന്‍ അപ്പോഴും എരിയുന്ന ചിതയിലേക്കു നോക്കി കണ്ണീരണിഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു.
ശ്മശാനംജോലിക്കാരില്‍ ഒരാള്‍ അവര്‍ക്കരികിലേക്കു വന്നു.
”നാളെ രാവിലെ ഒരു ചെറിയ മണ്‍കുടവുമായി വന്നോളൂ.. ചിതാഭസ്മം തരാം…”
രണ്ടാളും പരസ്പരം നോക്കി, ഒന്നും പറയാതെ.
സുന്ദരന്‍ രാഘവേട്ടനോടു പറഞ്ഞു:
”ഞങ്ങള്‍ ഇന്ന് മുംബൈക്ക് തിരിക്കും. രാഘവേട്ടന്‍ ഭസ്മം വാങ്ങി എന്താച്ചാല്‍ ചെയ്‌തേക്ക്. അതിനു വേണ്ട ചെലവ് എത്രാന്ന്ച്ചാല്‍ പറഞ്ഞോളൂ.. തരാം…”
രാഘവേട്ടന്‍ ഇടിവെട്ട് കൊണ്ടവനെപ്പോലെ തരിച്ചുനിന്നു. സുന്ദരന്‍ രണ്ട് അഞ്ഞൂറു രൂപാനോട്ടുകള്‍ രാഘവേട്ടനു നീട്ടി.
”വേണ്ട!!” അയാള്‍ തട്ടിക്കളഞ്ഞു.
മക്കള്‍ രണ്ടുപേരും കാറില്‍ കയറി അകന്നുപോയി. പിറ്റേന്ന് രാഘവേട്ടന്‍ നന്ദഗോപന്‍ നായരുടെ ചിതാഭസ്മം വാങ്ങി. അതുമായി ആലുവ മണപ്പുറത്ത് പോയി ബലിയിട്ടു; നിയോഗം പോലെ…

 

#അമീന്‍ പുറത്തീല്‍

കേരളീയം

ജീവവായു, കുടിവെള്ളം, മൂന്നു കഷണം തുണി.
പുറപ്പെടുന്നത്തിനുമുന്‍പ് ഇത്രയും കൂടി കൈയില്‍ കരുതുക.
ഹര്‍ത്താലാവുക എപ്പോഴാണെന്നറിയില്ല.

രാജ്യദ്രോഹി

ആദ്യത്തെ തടവുശിക്ഷ ഉച്ചത്തില്‍ കരഞ്ഞതിന്. ശേഷം ജീവപര്യന്തത്തിനു വിധേയമായത് കൈയക്ഷരം മോശമായതിന്. ശിക്ഷാ കാലാവധി കഴിഞ്ഞു തിരിച്ചെത്തിയ ഉടനെ വീണ്ടും അറസ്റ്റ്! ചിന്തകള്‍ രാജ്യാതിര്‍ത്തി കടന്നിരുന്നുവത്രെ!

മന്ത്രി തന്ത്രം

സൗജന്യ അരി വാഗ്ദാനം ചെയ്ത് ജയിച്ചുകയറിയ മന്ത്രിക്കെതിരേ പ്രതിഷേധം ശക്തമായപ്പോള്‍ സൗജന്യ സിമ്മും നെറ്റും നല്‍കി അവരെ ശാന്തരാക്കി.

സിംഹവും കുറുക്കനും

കുറുക്കന്‍ വിളിച്ചുകൂവിക്കൊണ്ടിരുന്നു:
”സിംഹരാജാവ് ദുഷ്ടനും ക്രൂരനുമാണ് ”
രാജാവ് മുയലിറച്ചിയും ഇളം മാനിറച്ചിയും ഇരുട്ടിന്റെ മറവില്‍ നല്‍കിയിട്ടും കുറുക്കന്‍ പകല്‍ വെളിച്ചത്തിലും ഓരിയിട്ടുകൊണ്ടേയിരുന്നു.
ഒടുവില്‍ രാജാവ് കുറുക്കനെ വിളിച്ചുവരുത്തി തന്റെ മന്ത്രി മുഖ്യനായി നിയമിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.