2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പാര്‍ക്കില്‍ രാത്രി കഴിച്ചുകൂട്ടി ദുരിതം താണ്ടിയ സത്താര്‍ ഷാജി സുമനസ്സുകളുടെ കാരുണ്യത്താല്‍ നാട്ടിലെത്തി

റിയാദ്: കിടക്കാന്‍ ഇടം പോലുമില്ലാതെ പാര്‍ക്കിലും മറ്റും ദിനങ്ങള്‍ തള്ളിനീക്കിയ സത്താര്‍ ഷാജി ഒടുവില്‍ പ്രവാസ ലോകത്തെ പ്രയാസത്തില്‍ നിന്നും മോചനം നേടി നാട്ടിലേക്കു മടങ്ങി. രണ്ടു വര്‍ഷം മുന്‍പ് സഊദിയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലിക്കെത്തിയ സത്താര്‍ ഷാജി നിരവധി പ്രയാസങ്ങള്‍ക്കൊടുവിലാണ് സുമനസ്സുകളുടെ സഹായത്താല്‍ നാട്ടിലെത്തിയത്. വാഹനത്തില്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ട് പോകുമ്പോള്‍ അകത്തു അടിപിടി കൂടുക പതിവാവുകയും ഒരിക്കല്‍ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാല്‍ വാഹനം മറിയുകയും ചെയ്തതോടെ സ്‌പോണ്‍സറോട് പരാതി പറഞ്ഞെങ്കിലും പ്രശ്‌നം തുടരുകയും വീണ്ടും പരാതി പറയുകയും ചെയ്തപ്പോള്‍ ഇദ്ദേഹത്തെ വാഹനത്തില്‍ നിന്നും ഒഴിവാക്കി പുറത്തു മറ്റു ജോലി നോക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, നാട്ടില്‍ പോയാല്‍ മതിയെന്ന് ആവശ്യപ്പെട്ടപ്പോള്‍ നാട്ടില്‍ നിന്നും വന്നു മൂന്നു മാസം മാത്രം ആയതിനാല്‍ സ്‌പോണ്‍സര്‍ സമ്മതിച്ചില്ല.

തുടര്‍ന്ന് പ്ലീസ് ഇന്ത്യ (പ്രവാസി ലീഗല്‍ എയ്ഡ് സെല്‍) ന്റെ സഹായത്തോടെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്തപ്പോള്‍ മൂന്നു മാസം മാത്രമേ ആയിട്ടുള്ളൂ എന്ന് ചൂണ്ടികാണിച്ചു 20,000 റിയാല്‍ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ടു സ്‌പോണ്‍സര്‍ കള്ള കേസ് കൊടുക്കുകയായിരുന്നു. ഇതിനിടയില്‍ ഹൃദ്രോഗം മൂലം ബുദ്ധിമുട്ട് ആയി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയതിനാല്‍ കേസില്‍ കോടതിയില്‍ ഹാജരാവാനും ഇദ്ദേഹത്തിന് കഴിഞ്ഞില്ല.

പിന്നീടുള്ള ദിവസങ്ങള്‍ ദുരിതപൂര്‍ണമായിരുന്നു ജീവിതം. കിടക്കാന്‍ ഇടമില്ലാതെ റിയാദില്‍ ഒരു പാര്‍ക്കില്‍ ആയിരുന്നു കിടത്തം. ഇവിടെ തണുപ്പിനെ തുടര്‍ന്ന് ഒരു സഊദി പൗരന്‍ പുതപ്പും അന്‍പതു റിയാലും നല്‍കി. പക്ഷെ, വിധി അവിടെയും നിന്നില്ല. ഉടനെ മോഷ്ടാക്കള്‍ വന്നു അതും കൊണ്ട് പോയി. പിന്നീട് പാകിസ്ഥാന്‍ ഹോട്ടല്‍ ജീവനക്കാരന്‍ ആയിരുന്നു സഹായം. പ്ലീസ് ഇന്ത്യ (പ്രവാസി ലീഗല്‍ എയ്ഡ് സെല്‍) ജി.സി.സി ചെയര്‍മാന്‍ ലത്തീഫ് തെച്ചി, സഊദി ചെയര്‍മാന്‍ വി.കെ റഫീഖ് ഹസന്‍ വെട്ടത്തൂര്‍, ഷാനവാസ് രാമഞ്ചിറ, സൈഫുദ്ധീന്‍ എടപ്പാള്‍, ഷാഹിദ് വടപുറം, മന്‍സൂര്‍ കാരയില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്‌പോണ്‍സറുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയും ചികിത്സ നല്‍കുകയും ചെയ്തു.

പിന്നീട് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ ശറഫുദ്ധീനുമായി ചേര്‍ന്ന് കൂടുതല്‍ സമ്മര്‍ദ്ദം നടത്തിയപ്പോള്‍ 7000 റിയാല്‍ നല്‍കിയാല്‍ കേസ് പിന്‍വലിക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് സുമനസ്സുകള്‍ അകമഴിഞ്ഞ് സഹായിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ യാത്ര എളുപ്പമായി. തനിക്കു വേണ്ടി സഹായിച്ച, സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും ആത്മാര്‍ത്ഥ നന്ദി അറിയിച്ച സത്താര്‍ ഷാജി വൈകിട്ട് നാട്ടിലേക്ക് തിരിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.