2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഷോപ്പിങ് മാള്‍ സ്വദേശിവത്ക്കരണം വ്യാപാര സ്ഥാപനങ്ങളില്‍ മാത്രമെന്ന് തൊഴില്‍മന്ത്രി

നിസാര്‍ കലയത്ത്

ജിദ്ദ: ഷോപ്പിങ് മാളുകളില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം മാളുകളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ബാധകമാവുകയെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസ്. ശുചീകരണ ജോലികള്‍ അടക്കം മാളുകളിലെ മുഴുവന്‍ ജോലികളും സ്വദേശിത്ക്കരിക്കുമെന്ന് ചിലര്‍ തെറ്റിദ്ധരിക്കുന്നുണ്ട്. ഇത് ശരിയല്ല. മാളുകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ മാത്രമാണ് സമ്പൂര്‍ണ സ്വദേശിവത്ക്കരണം നിര്‍ബന്ധമാക്കുകയെന്നും മന്ത്രി പറഞ്ഞു.

മാളുകളിലെ സ്ഥാപനങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും അനുസരിച്ച് തൊഴിലുകള്‍ സ്വദേശിവത്ക്കരിക്കുന്നതിന് സമയബന്ധിത പദ്ധതി തയാറാക്കണമെന്ന് തൊഴില്‍ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജിദ്ദ ചേംബറിലെ വ്യവസായികള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രിയോട് ആവശ്യപ്പെട്ടു. ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, റെസ്റ്റോറന്റുകള്‍, പേഴ്‌സണല്‍ സര്‍വീസസ് എന്നീ മേഖലകളില്‍ സ്വദേശിവത്ക്കരണം നടപ്പാക്കി തുടങ്ങണമെന്നും ശുചീകരണം, മെയിന്റനന്‍സ് പോലുള്ള സപ്പോര്‍ട്ട് ജോലികള്‍ പിന്നീട് സ്വദേശിവത്ക്കരിക്കണമെന്നും ഇവര്‍ നിര്‍ദേശിച്ചു.

ഇതിനു മറുപടിയായാണ് ശുചീകരണ ജോലികള്‍ സ്വദേശിവത്ക്കരിക്കില്ലെന്നും മാളുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ മാത്രമാണ് സ്വദേശിവത്ല്‍ക്കരണം നടപ്പാക്കുകയെന്നും മന്ത്രി വെളിപ്പെടുത്തിയത്.

ഷോപ്പിങ് മാളുകളില്‍ ഒറ്റ ദിവസം കൊണ്ട് സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്രാഹിം അല്‍ശാഫി പറഞ്ഞു. പടിപടിയായാണ് സ്വദേശിവത്ക്കരണം നടപ്പാക്കുക. ഓരോ പ്രവിശ്യയിലെയും തൊഴില്‍ വിപണിയിലെ സ്ഥിതിഗതികളും ഉദ്യോഗാര്‍ഥികളുടെ ലഭ്യതയും മറ്റും നോക്കിയാണ് അതത് പ്രവിശ്യകളിലെ മാള്‍ സ്വദേശിവത്ക്കക്കരണ തീയതി നിശ്ചയിക്കുക. ഈ ലക്ഷ്യത്തോടെ മന്ത്രാലയം പദ്ധതികള്‍ തയാറാക്കുമെന്നും ഡോ. ഇബ്രാഹിം അല്‍ശാഫി പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News