2020 May 29 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

170 രാജ്യക്കാരായ 25 ലക്ഷം പേര്‍ ഹജ്ജ് നിര്‍വഹിച്ചു

 

ഇന്ത്യയില്‍ നിന്ന് ഹജ്ജ് നിര്‍വഹിച്ചത് രണ്ട് ലക്ഷത്തോളം തീര്‍ത്ഥാടകര്‍

നിസാര്‍ കലയത്ത്

 

ജിദ്ദ: ഈ വര്‍ഷം 170 ലേറെ രാജ്യക്കാരായ 25 ലക്ഷത്തിലേറെ പേര്‍ ഹജ് കര്‍മം നിര്‍വഹിക്കാനെത്തിയെന്ന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍ പറഞ്ഞു. ഹജിനെത്തിയ വിശിഷ്ട വ്യക്തികളെയും നേതാക്കളെയും രാജാവിന്റെ അതിഥികളെയും ഹജ് മിഷന്‍ മേധാവികളെയും മറ്റും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് മിനാ കൊട്ടാരത്തില്‍ സ്വീകരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഹജ്ജ് നിര്‍വ്വഹിച്ചത് 24,89,406 പേരാണെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 13,85,234 പേര് പുരുഷന്മാരും 11,04,172 പേര് വനിതകളുമാണ്. ഹജ്ജ് നിര്‍വ്വഹിച്ചവരില്‍ 18,55,027 പേര് വിദേശത്തു നിന്നെത്തിയവരും 6,34,379 പേര് ആഭ്യന്തര തീര്‍ത്ഥാടകരുമാണ്. ആഭ്യന്തര തീര്‍ത്ഥാടകാരില്‍ 60 ശതമാനം പേരും വിദേശികളാണ്. ഇന്ത്യയില്‍ നിന്ന് രണ്ടു ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വ്വഹിക്കാന്‍ എത്തിയത്. ഇതില്‍ 25,000ഓളം മലയാളികളും ഉള്‍പ്പെടുന്നു.

ഹജിനെത്തിയവരില്‍ മൂന്നിലൊന്നും 70 ലേറെ പ്രായമുള്ള വയോജനങ്ങളാണ്. ഇക്കൂട്ടത്തില്‍ പകുതി വനിതകളാണ്. സഊദി എംബസികളെയും കോണ്‍സുലേറ്റുകളെയും നേരിട്ട് സമീപിക്കേണ്ടതില്ലാതെ ഓണ്‍ലൈന്‍ വഴി വിസകള്‍ അനുവദിച്ച് തീര്‍ഥാടകരുടെ വിസാ നടപടികള്‍ എളുപ്പമാക്കുന്നതിനും മക്ക റൂട്ട് പദ്ധതി കൂടുതല്‍ വ്യാപകമാക്കി യാത്രാ നടപടികള്‍ എളുപ്പമാക്കുന്നതിനും സല്‍മാന്‍ രാജാവ് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

തീര്‍ഥാടക സേവന പദ്ധതി വിഷന്‍ 2030 പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഇതിന്റെ ഭാഗമായി 130 പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിന് 10,000 കോടിയിലേറെ റിയാലിന്റെ ബജറ്റ് നീക്കിവെച്ചിട്ടുണ്ട്. ഹജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 32 സര്‍ക്കാര്‍ വകുപ്പുകളും നൂറു കണക്കിന് സ്വകാര്യ വകുപ്പുകളും ഇത് നടപ്പാക്കുന്നതില്‍ പങ്കാളിത്തം വഹിക്കുമെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.
അതേ സമയം 6,90,000ത്തോളം തീര്ഥാടകര്‍ക്ക് മെനിഞ്ചറ്റിസ് പോളിയോ പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ നാലു ലക്ഷത്തോളം തീര്ഥാടകര്‍ ചികിത്സ തേടിയെത്തി. കൊറോണ വൈറസ് ഉള്‍പ്പെടെ പകര്‍ച്ചവ്യാധി രോഗങ്ങളൊന്നും ഹജ്ജ് വേളയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.