2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

സൂര്യാതപം: ജാഗ്രത വേണം

കോഴിക്കോട്: അന്തരീക്ഷ താപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാതപമേറ്റുള്ള പൊള്ളലും മരണവും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജയശ്രീ അറിയിച്ചു.

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. ഇതേതുടര്‍ന്ന് ശരീരത്തിലെ പല നിര്‍ണായകമായ പ്രവര്‍ത്തനങ്ങളും തകരാറിലാവുന്നു. ഇത്തരം അവസ്ഥയെയാണ് സൂര്യാതപം അല്ലെങ്കില്‍ ഹീറ്റ് സ്‌ട്രോക് എന്ന് പറയുന്നത്.

ലക്ഷണങ്ങള്‍
– ശരീര താപനില 103 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളില്‍ ഉയരുന്നു
– ശരീരം വറ്റി വരണ്ട് ചുവന്ന് ചൂടായ നിലയില്‍ ആകുന്നു
– നേര്‍ത്ത വേഗതയിലുള്ള നാഡിമിടിപ്പ്
– പേശീ വേദന
– ശക്തമായ തലവേദനയും, തലകറക്കവും
– മാനസികാവസ്ഥയില്‍ വ്യതിയാനം തുടര്‍ന്നുണ്ടാവുന്ന അബോധാവസ്ഥ (യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം)
സംശയം തോന്നിയാല്‍ ഉടന്‍ ചെയ്യേണ്ടത്
– വെയിലത്തുനിന്നു രോഗിയെ തണലത്തേക്ക് മാറ്റുക
– രോഗിയെ വീശുകയും തണുത്ത വെള്ളം കൊണ്ട് തുടക്കുകയും ചെയ്യുക. എ.സിയിലോ ഫാനിന്റോ കീഴിലോ രോഗിയെ കിടത്തുന്നതാണ് ഉചിതം
– ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കുക
– കട്ടി കുറഞ്ഞ അയഞ്ഞ വസ്ത്രങ്ങള്‍ ധരിപ്പിക്കുക
– രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക

പ്രതിരോധിക്കാന്‍

– ഇടവിട്ട് ധാരാളം വെള്ളം കുടിക്കുക
– ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളമോ നാരങ്ങാ വെള്ളമോ കുടിക്കുക
– രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള വെയില്‍ കൊള്ളല്‍ ഒഴിവാക്കുക
– വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഇടക്കിടക്ക് തണലത്തോട്ട് മാറി നില്‍ക്കുക
– ആസ്ബസറ്റോസ്, ടിന്‍ഷീറ്റുകള്‍ക്ക് കീഴെ ജോലി ചെയ്യുന്നത് ഒഴിവാക്കുക
– കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്.
– ചൂട് കൂടുതലുള്ളപ്പോള്‍ വീടിനകത്തോ മരത്തണലിലോ ചെലവഴിക്കുക
– കട്ടികുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക
– പ്രായാധിക്യമുള്ളവരും കൊച്ചുകുഞ്ഞുങ്ങളും ഹൃദ്രോഗം വൃക്കരോഗം തുടങ്ങിയവ ഉള്ളവരും മറ്റ് രോഗങ്ങള്‍ ചികിത്സ എടുക്കുന്നവരും മുന്‍കരുതലുകള്‍ സ്വീകരിക്കുക
-വീടിനകത്ത് വായുസഞ്ചാരം ഉറപ്പ് വരുത്തുക
– പകല്‍ സമയത്ത് വെയിലത്ത് പണിയെടുക്കുന്നവര്‍ മദ്യപിച്ചാല്‍ അപകട സാധ്യത വര്‍ധിക്കും
– അടുക്കളയില്‍ പാകം ചെയ്യുന്നവര്‍ ചൂട് കുറയ്ക്കാനായി ജനലുകളും വാതിലുകളും തുറന്നിടുക. വായുപുറത്തേക്ക് വിടുന്നതിനുള്ള എക്‌സ്‌ഹോസ്റ്റ് ഫാന്‍ പ്രവര്‍ത്തിപ്പിക്കുക
– വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കി പോവാതിരിക്കുക.
– വീടിനുള്ളില്‍ മാത്രം കഴിയുന്ന പ്രായമായവര്‍, കിടപ്പിലായവര്‍ എന്നിവരെ അന്തരീക്ഷ താപം കൂടുതല്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.