
നെല്ലിയാമ്പതി: സംസ്ഥാനത്തുണ്ടായ പ്രകൃതിക്ഷോഭത്തിന്റെ ഭാഗമായി മലയോര മേഖലയായ നെല്ലിയാമ്പതിയില്‍ ഉരുള്‍പ്പൊട്ടല്‍ മൂലം 25 ദിവസമായി ഒറ്റപ്പെട്ട് കിടക്കുന്ന കട്ടലപ്പാറ ആദിവാസി കോളനിയില്‍ മെഡിക്കല്‍ സംഘം എത്തി. ആഗസ്റ്റ് 16 ന് രാത്രി എട്ടുമണിയോടെ ഉണ്ടായ കനത്ത മഴയും, ഉരുള്‍പ്പൊട്ടലിനെയും തുടര്‍ന്ന് നെല്ലിയാമ്പതിയില്‍ കൈലാസം എസ്റ്റേറ്റില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കട്ടലപ്പാറ പ്രദേശമാണ് ശക്തമായ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഇപ്പോഴും വാഹനഗതാഗതമില്ലാതെ ഒറ്റപ്പെട്ട് കിടക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തിലെ ഡോ. അമൃത മാത്യു, പത്തോളജി വിഭാഗത്തിലെ ഡോ. സീന.കെ.ശിവന്,അഖില്‍ വല്‍സണ്‍, ജെ.ആരോഗ്യം ജോയ്സണ്‍, കെ.ഷിബു, എഫ്.നെല്‍സണ്‍, സ്റ്റാഫ് നേഴ്സ് കെ.എസ്.ശരണ്യ, അഞ്ജലി വിജയന്, ജഗദീഷ് എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് കൈലാസം എസ്റ്റേറ്റില്‍നിന്നും ഉരുള്‍പൊട്ടിയ പ്രദേശങ്ങളെ കടന്ന്, കാട്ടിലൂടെയാത്ര ചെയ്ത് കട്ടപ്പാറ കോളനിയില എത്തിചേര്‍ന്നത്.
ഉച്ചയ്ക്ക് കൈലാസം എസ്റ്റേറ്റില്‍ നിന്നും 4 കിലോമീറ്റര്‍ കാല്‍നടയാത്ര പുറപ്പെട്ട് മെഡിക്കല്‍ സംഘം, വൈകീട്ട് 4 മണിയോടെയാണ് കട്ടലപ്പാറയില് എത്തിചേര്‍ന്നത്. കോളനിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ നിവാസികളെയും ഡോക്ടര്‍മാര്‍ പരിശോധിച്ചു.