2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

24 എന്ന റിയാലിറ്റി ഷോ

ജേക്കബ് ജോര്‍ജ്

 

ശ്രീകണ്ഠന്‍ നായര്‍ ഒരിക്കലും പത്രപ്രവര്‍ത്തകനായിരുന്നിട്ടില്ല. ഏതെങ്കിലുമൊരു ജേര്‍ണലിസം- മാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു പത്രപ്രവര്‍ത്തനം പഠിച്ചിട്ടില്ല. ഒരു പത്രസ്ഥാപനത്തില്‍ ജോലി ചെയ്ത് വെറുമൊരു മൂന്നുവരി ചരമവാര്‍ത്തയെങ്കിലും എഡിറ്റ് ചെയ്ത് അച്ചടിക്കാന്‍ വിട്ടിട്ടുമില്ല. തിരുവനന്തപുരത്ത് ദീര്‍ഘകാലം ജോലി ചെയ്‌തെങ്കിലും ഒരു ചാനല്‍ റിപ്പോര്‍ട്ടറായി സെക്രട്ടേറിയറ്റ് നടയില്‍ നടക്കുന്ന ഏതെങ്കിലുമൊരു സമരം കൈയില്‍ മൈക്കുമായി കാമറാമാനെയും കൂട്ടി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ‘നമ്മള്‍ തമ്മില്‍’ പോലെ ജനകീയ ടെലിവിഷന്‍ പരിപാടികള്‍ നിര്‍മിച്ചും അവതരിപ്പിച്ചും ജനപ്രീതി ഏറെ നേടിയ കൊല്ലം മേലില സ്വദേശി രാമന്‍പിള്ള ശ്രീകണ്ഠന്‍ നായര്‍ ഇന്ന് കേരളത്തിലെ വാര്‍ത്താ ചാനലുകളുടെ മുന്‍നിരയില്‍ എത്തിനില്‍ക്കുന്ന 24 ന്യൂസിന്റെ ചീഫ് എഡിറ്ററാണ്. ഒരു ദിവസം പോലും പത്രപ്രവര്‍ത്തകനാകാതെ, ഒരു ദിവസം പോലും ചാനല്‍ റിപ്പോര്‍ട്ടറാവാതെ ഒരാള്‍ ഒരു വാര്‍ത്താ ചാനലിന്റെ ചീഫ് എഡിറ്ററാവുന്നത് ലോക മാധ്യമ ചരിത്രത്തില്‍ തന്നെ ഇതാദ്യമാവാം.

മുന്‍ പരിചയമൊന്നുമില്ലാത്ത ശ്രീകണ്ഠന്‍ നായര്‍ ഒരു വാര്‍ത്താ ചാനലിന്റെ ചീഫ് എഡിറ്ററായി കയറിയിരിക്കുന്നുവെന്നല്ല പറഞ്ഞു വരുന്നത്. ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ 24 ന്യൂസ് റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. അതും മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും പിന്നിലാക്കിക്കൊണ്ട്. രണ്ടാം സ്ഥാനത്ത് പിടിച്ചുനില്‍ക്കുന്നതാവട്ടെ, എക്കാലത്തും ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിനു തൊട്ടുതാഴെയും.

ജൂണ്‍ മൂന്നാംവാരം അവസാനിക്കുമ്പോഴത്തെ റേറ്റിങ് കണക്കനുസരിച്ച് 22 മുതല്‍ 30 വരെ പ്രായമുള്ള പുരുഷവിഭാഗത്തില്‍ തുടര്‍ച്ചയായി നാലാം ആഴ്ചയിലും ഏഷ്യാനെറ്റിനേക്കാള്‍ മുന്നിലാണ് 24 ന്യൂസ്. തുടര്‍ച്ചയായി നാല് തവണ ഒരു സ്ഥാനത്തെത്തിയാല്‍ മാത്രമാണ് ആ സ്ഥാനം അവകാശപ്പെടാന്‍ ഒരു ചാനലിന് കഴിയുക. എങ്കിലും ഏഷ്യാനെറ്റിന്റെ അടിത്തറ ശക്തമായിത്തന്നെ തുടരുന്നുവെന്ന കാര്യം ശ്രദ്ധിക്കണം. റേറ്റിങ് പരിഗണനയിലുള്ള 20 പരിപാടികളിലെങ്കിലും ഏഷ്യാനെറ്റ് വളരെ ഉറച്ച നിലയില്‍ തന്നെ മുന്‍നിരയിലാണ്. ഒരു വിഭാഗത്തിലെങ്കിലും 24-ന്റെ മുന്നേറ്റം തികച്ചും ആധികാരികവും. ഏഷ്യനെറ്റിന്റെ സ്ഥിരം പ്രേക്ഷകരെയല്ല 24 ന്യൂസ് സ്വാധീനിച്ചിരിക്കുന്നതെന്നും കാണണം. 15 മുതല്‍ 30 വരെ പ്രായമുള്ള പുതിയ തലമുറയെയാണ് 24 ന്യൂസ് കൈയിലെടുത്തിരിക്കുന്നത്. ചാനലുകളുടെ റേറ്റിങ് മേഖലയില്‍ ഇത് വലിയൊരു പ്രത്യേകത തന്നെയാണ്.
തുടക്കം മുതലേ ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു ഏഷ്യാനെറ്റ്. പിന്നാലെ മാറിമാറി മനോരമ ന്യൂസും മാതൃഭൂമി ന്യൂസുമെത്തിയെങ്കിലും ഏഷ്യാനെറ്റിനെ വെല്ലുവിളിക്കാനായില്ല. മനോരമ ന്യൂസിനു പിന്‍ബലം നല്‍കാന്‍ മലയാള മനോരമ എന്ന വലിയ ദിനപത്രം പിന്നാമ്പുറത്തുണ്ടായിരുന്നു. മാതൃഭൂമി ന്യൂസിന് മാതൃഭൂമി ദിനപത്രവും. ആരംഭം മുതലേ സ്വന്തം കൈമുതലായി ഉണ്ടായിരുന്ന ഒരു വലിയ സ്വാതന്ത്ര്യവും അതിലധിഷ്ഠിതമായ ഉറച്ച നിലപാടുകളും തന്നെയാണ് ഏഷ്യാനെറ്റിനെ എക്കാലത്തും ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയത്.
ദൂരദര്‍ശനില്‍ തുടങ്ങി ഏഷ്യാനെറ്റിലൂടെ പിന്നെ ഇന്ത്യാവിഷന്‍, മനോരമ, മാതൃഭൂമി, റിപ്പോര്‍ട്ടര്‍, മീഡിയാ വണ്‍ എന്നിങ്ങനെ വിവിധ ചാനലുകളുടെ നിരയില്‍ അവസാനമെത്തിയ 24 – അവ തമ്മിലുള്ള കടുത്ത റേറ്റിങ് മത്സരത്തിലാണ് ഇപ്പോള്‍ മുന്‍നിരയില്‍ രണ്ടാമത്തെ സ്ഥാനത്തെത്തി നില്‍ക്കുന്നത്.

തീരെ ചെറിയൊരു സംസ്ഥാനമായ കേരളത്തില്‍ പുതിയൊരു വാര്‍ത്താചാനല്‍ ആരംഭിക്കാന്‍ പലവട്ടം ആലോചിക്കേണ്ടിവരുമെന്നൊരു ഘട്ടത്തിലാണ് ശ്രീകണ്ഠന്‍ നായര്‍ നേരത്തെ തുടങ്ങിയ ഫ്‌ളവേഴ്‌സ് ചാനലിന്റെ ചുവടുപിടിച്ച് വാര്‍ത്താ ചാനലിനെപ്പറ്റി ആലോചിച്ചത്. ചാനലുകള്‍ കടുത്ത റേറ്റിങ് പോരില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാലം. ഒന്നാമതായി ഏഷ്യാനെറ്റ് മറ്റെല്ലാ ചാനലുകളേക്കാള്‍ ഏറെ മുന്നില്‍. രണ്ടാമതും മൂന്നാമതും മാറി മാറി മനോരമയും മാതൃഭൂമിയും. മീഡിയാവണ്‍, ജനം, റിപ്പോര്‍ട്ടര്‍, കൈരളി പീപ്പിള്‍ എന്നിങ്ങനെ നീളുന്ന ചാനല്‍ നിര. സമൂഹത്തിലാവട്ടെ, പുതിയ തലമുറയിലെ യുവാക്കളൊക്കെയും പത്രങ്ങളും ചാനലുകളും വിട്ട് നവമാധ്യമ ലോകത്തേയ്ക്ക് കടന്നുകഴിഞ്ഞിരിക്കുന്നു. പരസ്യവരുമാനം പൊതുവെ കുറയുന്ന നേരവും. ആകെയുള്ള പിന്‍ബലം ഫ്‌ളവേഴ്‌സ് ചാനലിന്റെ മുന്നേറ്റം മാത്രം.

രണ്ടും കല്‍പിച്ചു മുന്നോട്ടിറങ്ങിയ ശ്രീകണ്ഠന്‍ നായര്‍ ഒന്നു തീരുമാനിച്ചുറപ്പിച്ചു. മറ്റു ചാനലുകളൊക്കെ കണ്ടു പരിശീലിച്ച പ്രേക്ഷകരെ നോക്കാതെ പുതിയ ആള്‍ക്കാരെ തെരയുക. ഒരു ചാനലും അത്ര കണ്ടുശ്രദ്ധിക്കാത്ത വിഭാഗമാണ് 15 വയസിനു മുകളിലുള്ള വിഭാഗം. അവരൊക്കെ എന്നേ നവമാധ്യമങ്ങളുടെ പിടിയിലായിക്കഴിഞ്ഞു. 24 ന്റെ തുടക്കക്കാര്‍ ഇക്കൂട്ടരെ പിടിക്കാന്‍ കോപ്പുകൂട്ടി. ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ കഴിയുന്ന പുതിയ സാങ്കേതിക വിദ്യകളും ചാനല്‍ സ്വന്തമാക്കി. പ്രളയകാലത്ത് സ്‌ക്രീനിലേക്ക് ഇരമ്പിയെത്തുന്ന മലവെള്ളവും പറന്നിറങ്ങുന്ന ഹെലികോപ്ടറും തീവണ്ടിയുമൊക്കെ പ്രേക്ഷകനു വിസ്മയമായി. പ്രത്യേകിച്ച് യുവാക്കള്‍ക്ക്. രാഷ്ട്രീയം നോക്കിയാല്‍ ഇടതുപക്ഷവും 24 നൊപ്പമാണെന്ന് പറയാം.
ഒരിക്കലും ഗൗരവമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്ന ഒരിടമായി 24 മാറിയില്ല. അതിതീവ്ര നിലപാടുകളും ആഴമുള്ള രാഷ്ട്രീയ ചര്‍ച്ചകളും കണ്ടു ശീലിച്ച പ്രേക്ഷകവിഭാഗം അതൊക്കെ പ്രതീക്ഷിച്ച് 24- ലേയ്ക്ക് തിരിയണമെന്നുമില്ല. ഇതില്‍ തങ്ങളുടെ പിന്നാക്കാവസ്ഥ ചാനല്‍ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. കാരണമൊന്നേയുള്ളൂ, ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് കേരള രാഷ്ട്രീയത്തെക്കുറിച്ചോ ദേശീയ രാഷ്ട്രീയത്തെക്കുറിച്ചോ അത്ര വലിയ പിടിപാടൊന്നുമില്ല എന്നതുതന്നെ. ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും ഒക്കെയായി നിലവിലുള്ള രാഷ്ട്രീയ ചേരിതിരിവനെപ്പറ്റി ഒരേകദേശ ധാരണയുണ്ടെന്നല്ലാതെ ഇന്ത്യയിലെ ഒരു സാധാരണ മാധ്യമപ്രവര്‍ത്തകന്‍ അറിഞ്ഞിരിക്കേണ്ട രാഷ്ട്രീയ പാഠങ്ങളൊന്നും 24-ന്റെ ചീഫ് എഡിറ്റര്‍ പഠിച്ചിട്ടില്ല. കേരള രാഷ്ട്രീയം വന്ന വഴികളും അതിന്റെ ചരിത്രവും മുന്നണി രാഷ്ട്രീയത്തിലെ ഉള്‍പ്പിരിവുകളും ഓരോ ചേരിയുടെയും രാഷ്ട്രീയ തത്വശാസ്ത്രവുമൊന്നും അദ്ദേഹത്തിന്റെ പതിവു ചിന്തകളിലെങ്ങുമില്ല. അതിലും പ്രധാനം അങ്ങനെയൊരു നാട്യവും അദ്ദേഹത്തിനില്ല എന്നതാണ്. ചാനലിനും ആ ഭാവം തീരെയില്ല. അതുകൊണ്ടുതന്നെ ഒരു രാഷ്ട്രീയ വിഷയമെടുത്ത് പോരിനിറങ്ങാനോ ഒരാളെ ശത്രുപക്ഷത്താക്കി കെട്ടിത്തൂക്കി തൊലി ഉരിച്ചെടുക്കാനോ 24- ന്റെ അവതാരകരാരും തുനിഞ്ഞിറങ്ങാറുമില്ല. അവതാരകര്‍ക്ക് ആക്രമണോത്സുകത തീരെയില്ലെന്നു പറയാം. ഏതെങ്കിലുമൊരു ചേരിപിടിച്ച് എതിര്‍പക്ഷത്തെ ആരെയെങ്കിലും കിട്ടിയാല്‍ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ത്രാണിയൊന്നും 24- ന്റെ അവതാരകര്‍ക്കില്ല.

പിന്നെന്താണ് 24-ന്റെ ജൈത്രയാത്രയ്ക്ക് പിന്നില്‍ എന്നത് മാധ്യമരംഗം ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ അന്വേഷിക്കേണ്ട വിഷയം തന്നെയാണ്. സാധാരണ ചാനലുകളില്‍ ഏറ്റവും പ്രധാനം വൈകുന്നേരത്തെ ചര്‍ച്ചകളാണെന്നതില്‍ സംശയമേതുമില്ല. ദിനപത്രങ്ങളിലെ എഡിറ്റോറിയലിനു സമാന്തരമായ പരിപാടി. അവതാരകരുടെ സ്വന്തം അഭിപ്രായവും ഇഷ്ടാനിഷ്ടങ്ങളും ആവശ്യത്തിന് എരിവും പുളിയുമൊക്കെ ചേര്‍ത്ത് പ്രകടിപ്പിക്കാനുള്ള അവസരം. ഒരു ചാനലിന്റെ വ്യക്തിത്വവും നിലപാടും രാഷ്ട്രീയവുമൊക്കെ ഈ ചര്‍ച്ചയില്‍നിന്നും അതിലേക്ക് ക്ഷണിച്ചുവരുത്തുന്ന അതിഥികളില്‍ നിന്നുമൊക്കെ മലയാളി പ്രേക്ഷകന് വളരെ വേഗം മനസിലാവും. ന്യൂസ് 24-ല്‍ വൈകുന്നേരത്തെ ചര്‍ച്ചയ്ക്ക് അത്രകണ്ട് പ്രാധാന്യമില്ലതന്നെ. വാര്‍ത്തകളിലെയും ചര്‍ച്ചകളിലെയും രോഷപ്രകടനത്തിനും ആക്രോശങ്ങള്‍ക്കും പകരം ഒരു പോസിറ്റീവ് ഭാവം വിന്യസിക്കാനാണ് ശ്രീകണ്ഠന്‍ നായര്‍ ആദ്യമേ ശ്രമിച്ചത്. ഏത് മാധ്യമത്തിനും, പത്രമായാലും ടെലിവിഷന്‍ ചാനലായാലും അത്യാവശ്യം വേണ്ടത് മികവുള്ള റിപ്പോര്‍ട്ടര്‍മാരാണ്. രാഷ്ട്രീയം റിപ്പോര്‍ട്ട് ചെയ്യുന്നവരാവട്ടെ, നല്ല പരിചയവും അറിവുള്ളവരുമാവുകയും വേണം. പക്ഷെ, 24-ലെ റിപ്പോര്‍ട്ടര്‍ സംഘം അത്രകണ്ട് പ്രാഗത്ഭ്യമോ പരിചയ സമ്പത്തോ ഉള്ളവരാണെന്ന് പറായാനാവില്ല. പ്രത്യേകിച്ച് പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിങ്ങില്‍. സ്വാഭാവികമായും 24-ല്‍ എക്‌സ്‌ക്ലൂസീവ് റിപ്പോര്‍ട്ടുകളോ ബ്രേക്കിങ് സ്‌റ്റോറികളോ വളരെ കുറവാണ്. ഈ ന്യൂനത പരിഹരിക്കാനും ചീഫ് എഡിറ്റര്‍ വഴി കണ്ടെത്തി. എന്തെങ്കിലും സംഭവം നടക്കുമ്പോള്‍ കാമറ സ്ഥലത്തെത്തിച്ച് തുറന്നുവെയ്ക്കും. റിപ്പോര്‍ട്ടര്‍ വാതോരാതെ സംസാരിക്കും. ഇത് ഞങ്ങളുടെ സ്ഥലത്തെ കിടിലന്‍ ലേഖകനാണെന്നു ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടറെ പേരെടുത്ത് പറഞ്ഞ് ശ്രീകണ്ഠന്‍ നായര്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ഇതൊക്കെ ജനങ്ങള്‍ സര്‍വാത്മനാ ഏറ്റെടുക്കുകയും ചെയ്തു.
വീഴ്ചയെന്തെങ്കിലും പറ്റിയാല്‍ പ്രക്ഷേകരോട് മാപ്പുപറയാന്‍ ചീഫ് എഡിറ്റര്‍ തന്നെ സ്‌ക്രീനിലെത്തും. പ്രളയകാലത്ത് ചേര്‍ത്തലയിലെ ഒരു ക്യാംപില്‍ അന്തേവാസിയുടെ കൈയില്‍നിന്ന് 70 രൂപ വാങ്ങുന്ന ദൃശ്യം, ന്യൂസ് 24 ഉള്‍പ്പെടെ ചാനലുകളൊക്കെയും സി.പി.എം പ്രവര്‍ത്തകര്‍ അഭയാര്‍ഥി ക്യാംപില്‍നിന്ന് കൈക്കൂലി വാങ്ങുന്നതായി കൊട്ടിഘോഷിച്ചു, പ്രചാരണം നടത്തിയപ്പോള്‍ തെറ്റുമനസ്സിലാക്കിയത് 24 നേതൃത്വം മാത്രം. സ്ഥലത്തെ റിപ്പോര്‍ട്ടറെ വിളിച്ച് കാര്യം തിരക്കിയ മുതിര്‍ന്ന എഡിറ്റര്‍മാര്‍ സത്യാവസ്ഥ മനസ്സിലാക്കി ചീഫ് എഡിറ്ററെ ധരിപ്പിച്ചു. ഒട്ടും വൈകാതെ ശ്രീകണ്ഠന്‍ നായര്‍ പരിപാടിക്കിടെ ചാനലില്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ചു. ഓട്ടോ ഡ്രൈവറായ ഒമനക്കുട്ടന്‍ ഓട്ടോ കൂലിയായി 70 രൂപ ഒരന്തേവാസിയില്‍നിന്ന് വാങ്ങിയത് കൈക്കൂലിയായി ചിത്രീകരിച്ചത് തെറ്റായിപ്പോയെന്ന് ചീഫ് എഡിറ്ററുടെ ക്ഷമാപണം ജനങ്ങള്‍ ആശ്വാസത്തോടെയാണ് നോക്കിക്കണ്ടത്. അപ്പോഴും മറ്റു ചില ചാനലുകള്‍ ഓമനക്കുട്ടന്‍ കൈക്കൂലി വാങ്ങിയ റിപ്പോര്‍ട്ട് കാണിച്ചുകൊണ്ടിരിക്കുകയായിരുന്നു. തെറ്റുപറ്റിയാല്‍ തിരുത്തുകയെന്നത് മുഖ്യധാരാ ദിനപത്രങ്ങളില്‍ പതിവാണ്. ടെലിവിഷന്‍ ചാനലുകളില്‍ ആ പതിവില്ലതന്നെ.

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍നിന്ന് കൊവിഡ് വൈറസ് പകര്‍ന്ന വാര്‍ത്ത സ്വന്തം റിപ്പോര്‍ട്ടര്‍ തബ്‌ലീഗ് കൊവിഡ് എന്ന പ്രയോഗത്തിലൂടെ അവതരിപ്പിച്ചപ്പോഴും ആ പ്രയോഗം തെറ്റിപ്പോയെന്ന് ഏറ്റുപറയാന്‍ ശ്രീകണ്ഠന്‍ നായര്‍ തന്നെ ടെലിവിഷനിലെത്തി നേരിട്ട് ക്ഷമ ചോദിച്ചു. പകരം കിട്ടിയത് പുതിയൊരു കൂട്ടം പ്രേക്ഷകരെ.
പ്രേക്ഷകരെ കൂടി പങ്കാളിയാക്കുന്ന രീതിയാണ് 24 ന്യൂസ് അവതരിപ്പിക്കുന്നത്. വാര്‍ത്തയും വീക്ഷണവും അടിച്ചേല്‍പ്പിക്കുകയല്ല, വാര്‍ത്തയില്‍ പ്രേക്ഷകന്റെ അഭിപ്രായവും നിര്‍ദേശവും സ്വീകരിക്കുന്ന നിലപാടാണ് ന്യൂസ് 24-ന്റേത്. അത് ജനങ്ങള്‍ ഏറ്റുവാങ്ങിയെന്ന് വേണം മനസ്സിലാക്കാന്‍. ശബരിമല വിവാദം കത്തിപ്പടര്‍ന്നപ്പോള്‍, മുന്‍നിരയിലെത്തിയ ജനം ടി.വി താഴേക്ക് പോയിരിക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. കൈരളി പീപ്പിളാവട്ടെ പട്ടികയില്‍ ഏറ്റവും താഴെതട്ടില്‍. ടോക് ഷോകളിലും റിയാലിറ്റി ഷോകളിലും ശ്രദ്ധവച്ച് ടെലിവിഷന്‍ രംഗത്ത് വേരൂന്നിയ ശ്രീകണ്ഠന്‍ നായരുടെ സ്വന്തം വാര്‍ത്താ ചാനലിതാ മുന്‍പന്തിയിലെത്തിയിരിക്കുന്നു. ഏഷ്യാനെറ്റ് ചീഫ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണനും മനോരമ എഡിറ്റോറിയല്‍ ഡയരക്ടര്‍ ജോണി ലൂക്കോസും മാതൃഭൂമിയിലെ ഉണ്ണി ബാലകൃഷ്ണനും കൈരളി എം.ഡി ജോണ്‍ ബ്രിട്ടാസും ശ്രദ്ധിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.