
യൂറോ കപ്പ് ഫുട്ബോളിനു നാളെ തുടക്കമാകാനിരിക്കെ ശ്രദ്ധിക്കേണ്ട 20 താരങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
(പോര്‍ച്ചുഗല്‍)
വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത താരം. പോര്‍ച്ചുഗലിന്റെ നായകനായ ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡിനു ചാംപ്യന്‍സ് ലീഗ് സമ്മാനിച്ചാണ് യൂറോയ്ക്കെത്തുന്നത്. ഈ സീസണില്‍ 47 കളികളില്‍ നിന്നു പോര്‍ച്ചുഗല്‍ നായകന് അടിച്ചുകൂട്ടിയത് 51 ഗോളുകളാണ്. പോര്‍ച്ചുഗലിന്റെ പ്രതീക്ഷകള്‍ ഏറെക്കുറേ ക്രിസ്റ്റ്യാനോയെ ആശ്രയിച്ചിരിക്കുന്നു.
ഗെരത് ബെയ്ല്
(വെയ്ല്‍സ്)
വെയ്ല്സെന്ന കൊച്ചു രാജ്യം ചരിത്രത്തിലാദ്യമായി യൂറോ കപ്പിനു യോഗ്യത നേടിയതിന്റെ മുഴുവന്‍ മാര്‍ക്കും ഗെരത് ബെയ്ലിനാണ്. ഏതാണ്ട് ഒറ്റയ്ക്കു തന്നെയാണ് ബെയ്ല് ആ കടമ നിര്‍വഹിച്ചത്. നിലവില്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഫുട്ബോള്‍ താരം. ഗോളടിക്കാനും അടിപ്പിക്കാനും അസാമാന്യ പാടവം. പന്തുമായി വേഗത്തില്‍ കുതിക്കാനുള്ള കഴിവും അപാരം.
പോള്‍ പോഗ്ബ
(ഫ്രാന്‍സ്)
നിലവില്‍ ലോകത്തെ മികച്ച മധ്യനിര താരങ്ങളിലൊരാള്‍. ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്റെ പിന്‍ഗാമിയെന്നു വിശേഷണം. ഗോളടിക്കാനും മധ്യനിരയില്‍ ഭാവനാ സമ്പന്നമായി കളി മെനയാനും മിടുക്കന്. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വൈദഗ്ധ്യം. ലോങ് റെയ്ഞ്ചുകള്‍ ഗോളാക്കുന്നതിലും കഴിവ്.
ലെവന്‍ഡോസ്കി
(പോളണ്ട്)
യൂറോപ്പിലെ ഏറ്റവും മികച്ച സ്രട്രൈക്കര്മാരില് ഒരാള്‍. അര്‍ധാവസരങ്ങള്‍ ഗോളാക്കുന്നതില്‍ അസാമാന്യ മിടുക്ക്. ലെവന്‍ഡോസ്കിയുടെ ഗോളടി മികവ് പോളണ്ടിന്റെ യൂറോ യോഗ്യത എളുപ്പമാക്കി. സീസണില്‍ ബയേണ്‍ മ്യൂണിക്കിനായി മികച്ച പ്രകടനം. ഹെഡ്ഡറടക്കം ഏതു വിധത്തിലും ഗോളടിക്കാന്‍ മികവ്.
തോമസ് മുള്ളര്‍
(ജര്‍മനി)
ലോക ചാംപ്യന്മാരായ ജര്‍മനിയുടെ വിശ്വസ്തന്. മധ്യനിരയിലും മുന്നേറ്റത്തിലും ഒരു പോലെ തിളങ്ങുന്നതാണ് മുള്ളറുടെ പ്രത്യേകത. അപാരമായ ടൈമിങാണ് ജര്‍മന്‍ താരത്തെ ശ്രദ്ധേയനാക്കുന്നത്. മധ്യനിര താരമായും സ്ട്രൈക്കറായും കളിക്കും.
ഇബ്രാഹിമോവിച് (സ്വീഡന്)
പ്രായം കൂടും തോറും വീര്യം കൂടുന്ന അത്ഭുതമാണ് സ്വീഡന് നായകന് സ്ലാട്ടന് ഇബ്രാഹിമോവിച്. ഈ സീസണില്‍ 53 കളികളില്‍ നിന്നായി 53 ഗോളുകള്‍ താരം അതിനു തെളിവാണ്. യൂറോ കഴിഞ്ഞാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം സ്ലാട്ടനെ കാണാം. നിലവില്‍ ഇബ്രാഹിമോവിച് ഫോമിലാണ് എന്നതിനാല്‍ സ്വീഡനെ എഴുതി തള്ളേണ്ടതില്ല.
സെര്‍ജിയോ
ബുസ്കറ്റ്സ് (സ്പെയിന്)
ബാഴ്സലോണയെ കുറിച്ചുള്ള സംസാരങ്ങളില്‍ ഈ പേര് ആരും പരാമര്‍ശിക്കാറില്ല. പക്ഷേ സ്പാനിഷ് കരുത്തരുടെ കളിയുടെ അച്ചുതണ്ട് ബുസ്കറ്റ്സാണ്. സമാനമാണ് സ്പെയിനിന്റെ അവസ്ഥയും. മധ്യനിരയില്‍ ബുസ്കറ്റ്സ് മെനയുന്ന തന്ത്രമാണ് വിജയം നിര്‍ണയിക്കുന്നത്. ബാഴ്സയുടെ ട്രെയിനിങ് മത്സരങ്ങളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി എപ്പോഴും കളിക്കുക ബുസ്കറ്റ്സിന്റെ ടീമിലാണ് എന്നു പറയുമ്പോള്‍ അളക്കാം താരത്തിന്റെ മൂല്യം.
മെസുറ്റ് ഓസില്‍
(ജര്‍മനി)
സാന്നിധ്യം കൊണ്ടു തന്നെ കളിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള അപൂര്‍വ ജനുസാണ് ഓസില്‍. ഏതു ടീമും തീവ്രമായി ആഗ്രഹിക്കുന്നു ഇത്തരം ഒരു താരത്തിന്റെ സാന്നിധ്യം. ഗോളടിക്കുന്നതിനേക്കാള്‍ അവസരങ്ങളൊരുക്കുന്നതില്‍ അസാമാന്യ മികവ്. ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളവസരം സൃഷ്ടിച്ചത് ആഴ്സണല്‍ താരമായ ഓസിലാണ്.
കെവിന് ഡി ബ്രുയന് (ബെല്‍ജിയം)
ബെല്‍ജിയത്തിന്റെ കരുത്താണ് ഡി ബ്രുയനെന്ന യുവ താരം. ഗോളടിക്കാനുള്ള മികവാണ് താരത്തെ ശ്രദ്ധേയനാക്കുന്നത്. വോള്‍വ്സ്ബര്‍ഗില്‍ നിന്നു മാഞ്ചസ്റ്റര്‍ സിറ്റി പൊന്നും വിലയ്ക്കാണ് ഡി ബ്രുയനെ സ്വന്തമാക്കിയത്. അവസരങ്ങള്‍ സ്വയം തുറന്നെടുത്തു ഗോളാക്കാന്‍ മിടുക്കന്.
ലൂക്ക മോഡ്രിച്
(ക്രൊയേഷ്യ)
കളിയെ ക്രിയാത്മകമായി പരിണമിപ്പിക്കാന്‍ കെല്‍പ്പുള്ള മധ്യനിര താരം. ക്രൊയേഷ്യയുടെ മുന്നേറ്റങ്ങള്‍ക്ക് മോഡ്രിചിന്റെ സാന്നിധ്യം നിര്‍ണായകം. സീസണില്‍ റയല്‍ മാഡ്രിഡിനായി മികച്ച പ്രകടനം. പാസിങിലും അവസരങ്ങളൊരുക്കുന്നതിലും വിദഗ്ധന്‍.
ആന്ദ്രെ ഇനിയെസ്റ്റ
(സ്പെയിന്)
സ്പെയിനിന്റെ നെടുംതൂണാണ് ഇനിയെസ്റ്റയെന്ന മധ്യനിര താരം. ഷാവിയുടെ അഭാവത്തില്‍ ടീമിന്റെ നിയന്ത്രണം ഇനിയെസ്റ്റയിലാണ്. പാസിങും പന്തടക്കവും കളിയെ ബുദ്ധിപരമായി നിയന്ത്രിക്കാനുള്ള മികവും അപാരം. സ്പെയിന് നേടിയ രണ്ടു യൂറോ കിരീടങ്ങളും ഒരു ലോകകപ്പും ഇനിയെസ്റ്റയുടെ മികവ് അടയാളപ്പെടുത്തുന്നു.
മാനുവല്‍ നൂയര്‍
(ജര്‍മനി)
നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍. ഒരേ സമയം ഗോള്‍ കീപ്പറായും സ്വീപ്പര്‍ റോളിലും നൂയര്‍ തിളങ്ങുന്നു. കളിയെ കണ്ടറിഞ്ഞ് കാവല്‍ നില്‍ക്കുന്നതാണ് നൂയറുടെ സവിശേഷത. തന്റെ മുന്നിലുള്ള പ്രതിരോധ താരങ്ങളെ കൃത്യമായി മുന്നില്‍ നിര്‍ത്താനും നൂയര്ക്കു സാധിക്കുന്നു.
സെര്‍ജിയോ റാമോസ് (സ്പെയിന്)
90 മിനുട്ടും ഇടതടവില്ലാതെ ജാഗരൂകമായി കോട്ട കാക്കുന്ന പ്രതിരോധമാണ് റാമോസിനെ ശ്രദ്ധേയനാക്കുന്നത്. റാമോസിനെ മറികടന്നു പന്തു കൊണ്ടുപോകുക എതിര് താരങ്ങള്‍ക്ക് ശ്രമകരമാണ്. ഹെഡ്ഡറുകളിലൂടെ ഗോള്‍ നേടാന്‍ മിടുക്ക്.
ഡേവിഡ് അലാബ
(ഓസ്ട്രിയ)
വാന്‍ ഗാലിന്റെ നിര്‍ദേശത്തില്‍ പ്രതിരോധത്തില്‍ നിന്നു മധ്യനിര താരമായി മാറിയ ചരിത്രമാണ് ഡേവിഡ് അലാബയ്ക്ക്. ബയേണ്‍ മ്യൂണിക്കിലെ സുപ്രധാന താരങ്ങളിലൊരാളാണ് അലാബ. മധ്യനിരയിലും പ്രതിരോധത്തിലും വിങുകളിലൂടെ മുന്നേറാനും അലാബയ്ക്ക് സാധിക്കുന്നു. എവിടെയാണെങ്കിലും താരം തന്റെ റോള്‍ ഭംഗിയാക്കുന്നു.
ജിയോര്‍ജിയോ
ചെല്ലിനി (ഇറ്റലി)
കഴിഞ്ഞ 12 വര്‍ഷമായി ഇറ്റാലിയന്‍ പ്രതിരോധത്തിലെ നിറ സാന്നിധ്യമാണ് ചെല്ലിനി. പരുക്കേറ്റ് ഈ സീസണില്‍ യുവന്റസിനായി അധികം കളിക്കാന്‍ താരത്തിനായിട്ടില്ലെങ്കിലും ചെല്ലിനി തിരിച്ചെത്തുമ്പോള്‍ ഇറ്റലിയുടെ കരുത്ത് വര്‍ധിക്കും. ചെല്ലിനി ഇറങ്ങിയാല്‍ എതിര് താരങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റുമെന്നുറപ്പ്.
ടോണി ക്രൂസ്
(ജര്‍മനി)
ജര്‍മന്‍ ലോകകപ്പ് വിജയത്തിന്റെ ആണിക്കല്ല് ടോണി ക്രൂസായിരുന്നു. മധ്യനിരയില്‍ ടോണി മെനയുന്ന കളിയാണ് ജര്‍മനിയെ വ്യത്യസ്തമാക്കുന്നത്. പാസുകളുടെ രാജാവായ ടോണി നിലവില്‍ റയല്‍ മാഡ്രിഡിന്റെ മുന്നേറ്റത്തിലെ നിറ സാന്നിധ്യമാണ്. കളിയുടെ ഒഴുക്കിനു ഭംഗം വരാതെ നിയന്ത്രിക്കാന്‍ അപാര മികവാണ് ജര്‍മന്‍ താരത്തിനുള്ളത്.
അന്റോണിയോ
ഗ്രിസ്മാന് (ഫ്രാന്‍സ്)
അത്ലറ്റിക്കോ മാഡ്രിഡിലെ നിര്‍ണായക സാന്നിധ്യമാണ് മുന്നേറ്റം താരം അന്റോണിയോ ഗ്രിസ്മാന്. ഏത് വശത്തു നിന്നും ഗോള്‍ നേടാന്‍ മികവാണ് ഗ്രിസ്മാനെ ശ്രദ്ധേയനാക്കുന്നത്. കളിയില്‍ ബുദ്ധിപരമായി ഇടപെടുന്നതാണ് ഗ്രിസ്മാനെ ശ്രദ്ധേയനാക്കുന്നത്.
യാര്‍മോലെങ്കോ (ഉക്രൈന്)
വിങുകളിലൂടെ മുന്നേറാനുള്ള മികവാണ് യാര്‍മോലെങ്കോയുടെ സവിശേഷത. വേഗതയും ഗോളടി മികവും ശ്രദ്ധേയം. ഡൈനാമോ കീവ് താരമായ യാര്മോലെങ്കോയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാര് നോട്ടമിട്ടിട്ടുണ്ട്.
ഏദന്‍ ഹസാദ്
(ബെല്‍ജിയം)
ബെല്‍ജിയം സമീപകാലത്ത് സംഭാവന ചെയ്ത ഏറ്റവും മികച്ച താരമാണ് ഹസാദ്. ചെല്‍സിക്കായി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം. നിലവില്‍ അത്ര ഫോമിലല്ലെങ്കിലും തന്റേതായ ദിവസം ഹസാദ് എതിര്‍നിരയ്ക്ക് ഭീഷണിയാണ്.
ഹാരി കെയ്ന്‍
(ഇംഗ്ലണ്ട്)
ഇംഗ്ലണ്ട് ടീമിലെ ഏറ്റവും മികച്ച യുവ താരങ്ങളിലൊരാളാണ് ഹാരി കെയ്ന്‍. മൈതാനത്തെ ഓള്‍റൗണ്ട് മികവാണ് കെയ്നിന്റെ സവിശേഷത. യൂറോയില്‍ തിളങ്ങുമെന്നു വിലയിരുത്തപ്പെടുന്ന താരങ്ങളിലൊരാളും കെയ്നാണ്.