2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

210 സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള 210 വെബ്‌സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ പുറത്തായതായി ആധാര്‍ നടത്തിപ്പുചുമതലയുള്ള യൂനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) സമ്മതിച്ചു.
വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെട്ടുവെന്നും സമയോചിതമായ ഇടപെടലിലൂടെ ഈ വെബ്‌സൈറ്റുകളില്‍നിന്ന് വിവരങ്ങള്‍ നീക്കം ചെയ്തുവെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചത്. എപ്പോഴാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
വിവരങ്ങള്‍ പുറത്തായവയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റും ഉള്‍പ്പെടും. ഗുണഭോക്താക്കളുടെ പട്ടികയോടൊപ്പം വ്യക്തികളുടെ പേര്, വിലാസം, മറ്റു പ്രാഥമിക വിവരങ്ങള്‍, ആധാര്‍ നമ്പര്‍ എന്നിവ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക വിശദീകരണം. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹരജികളില്‍ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ മാസം അവസാനം വാദം കേള്‍ക്കാനിരിക്കെയാണ് പൗരന്‍മാരുടെ ബയോമെട്രിക് വിവരങ്ങള്‍ പുറത്തുപോയതായി യു.ഐ.ഡി.എ.ഐ തന്നെ സമ്മതിക്കുന്നത്.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കാന്‍ തങ്ങള്‍ക്ക് ശക്തവും നൂതനവുമായ സുരക്ഷാ സംവിധാനങ്ങളാണുള്ളതെന്ന് യു.ഐ.ഡി.എ.ഐ നല്‍കിയ മറുപടിയില്‍ അവകാശപ്പെട്ടു. തുടര്‍ച്ചയായ നിരീക്ഷണങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. തുടര്‍ച്ചയായി പുതുക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നതിനാല്‍ കൃത്യമായി നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. പൗരന്‍മാരുടെ വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും കൂടുതല്‍ ശക്തിപ്പെടുത്താന്‍ സുരക്ഷാ ഓഡിറ്റുകള്‍ പതിവായി നടത്തുന്നതാണെന്നും യു.ഐ.ഡി.എ.ഐ വിശദീകരിച്ചു.
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ യു.ഐ.ഡി.എ.ഐ ഈ വര്‍ഷം മാര്‍ച്ചില്‍ തള്ളിയിരുന്നു. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനുപിന്നാലെയാണ് വ്യക്തികള്‍ നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണ സുരക്ഷിതമായിരിക്കുമെന്ന് യു.ഐ.ഡി.എ.ഐ അവകാശപ്പെട്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.