2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

കാസര്‍കോട് പൊയിനാച്ചിയില്‍ ഓട്ടോയില്‍ ലോറിയിടിച്ച് അമ്മയും മകളും മരിച്ചു

കാസര്‍കോട്: നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിലിടിച്ച് മറിഞ്ഞ് അമ്മയും മകളും മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാലര മണിയോടെ ചട്ടഞ്ചാല്‍ ദേശീയപാതയിലാണ് അപകടം, ചട്ടഞ്ചാല്‍ ബെണ്ടിച്ചാല്‍ കനിയംകുണ്ടിലെ രാജന്റെ ഭാര്യ ശോഭ (32), മകള്‍ വിസ്മയ (എട്ട്) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ഓട്ടോറിക്ഷാ ഡ്രൈവര്‍ കനിയംകുണ്ടിലെ അബ്ദുല്‍ ഖാദര്‍ (45) അടക്കം നാല്‌പേര്‍ക്കാണ് പരുക്ക്. പരുക്കേറ്റവരെ ചെങ്കള ഇ.കെ നായനാര്‍ സ്മാരക സഹകരണ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരിച്ച ശോഭയുo മകൾ വിസ്മയയും

 
കാഞ്ഞങ്ങാട് പുല്ലൂരില്‍ കുഞ്ഞിന് ചോറൂണ് നല്‍കാന്‍ പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് മംഗഌരുവിലേക്ക് റബ്ബര്‍ ഷീറ്റ് കയറ്റി പോവുകയായിരുന്ന എം.എച്ച് 09 സി ഡബ്ല്യു 3177 ലോറി പുല്ലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷക്ക് മുകളിലേക്ക് ലോറി വീണു. ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. ഓട്ടോറിക്ഷ വെട്ടിപൊളിച്ചാണ് മൃതദേഹങ്ങളും പരുക്കേറ്റവരെയും പുറത്തെടുത്തത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പൊലിസും അഗ്നിശമന സേനയും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
 
ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍, വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത് എന്നിവര്‍ സ്ഥലത്തെത്തി. ലോറി ഡ്രൈവര്‍ക്കെതിരേ പൊലിസ് ബോധപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.