2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

2020 ഓടെ സഊദി അറേബ്യ വിദേശ തൊഴിലാളികള്‍ക്ക് അന്യമാകും

അബ്ദുസ്സലാം കൂടരഞ്ഞി

ന്യായമായ ഒരു തൊഴിലും അറിയാത്ത ഏതൊരാള്‍ക്കും ഏതെങ്കിലും ഒരു വിസ തരപ്പെടുത്തിയാല്‍ കുടുംബം രക്ഷപ്പെടുമെന്ന അവസ്ഥയിലാണ് മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളെ ആദ്യകാലത്ത് കണ്ടിരുന്നത്. ഇതുകൊണ്ടു തന്നെ മലയാളി പ്രവാസജീവിതം ആരംഭിച്ചതു മുതല്‍ യുവാക്കളുടെ ഏറ്റവും വലിയ പ്രതീക്ഷയും ഗള്‍ഫ് രാജ്യങ്ങളായിരുന്നു. പക്ഷേ, കാലം മാറി. ജീവിത സാഹചര്യവും മാറിയതോടെ നമ്മുടെ നാട്ടിലെ തൊഴില്‍മേഖല മലയാളികളെ കൊണ്ട് ശുഷ്‌കിച്ചപ്പോഴും ഗള്‍ഫ് പണം മലയാളി ജീവിതശൈലി തന്നെ മാറ്റി മറിച്ചിരുന്നു. ഇതിനിടയിലും ഗള്‍ഫ് ഭരണകര്‍ത്താക്കളുടെ പുതിയ നിലപാടുകള്‍ മൂലം പ്രവാസജീവിതം അവസാനിക്കുന്നുവെന്ന ധ്വനികള്‍ പലപ്പോഴും ഉയര്‍ന്നുവെങ്കിലും അല്‍പകാലത്തിന് ശേഷം കാറ്റ് പ്രവാസികള്‍ക്കനുകൂലമായി വീശിയിരുന്നു. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ നീക്കങ്ങളാണ് അടുത്ത കാലങ്ങളിലായി ഗള്‍ഫ് രാഷ്ട്രങ്ങളില്‍നിന്നു കേള്‍ക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് മലയാളികളടക്കം കോടിക്കണക്കിന് വിദേശികളാണ് അന്നം തേടി രാപകല്‍ വ്യത്യാസമില്ലാതെ അധ്വാനിക്കുന്നത്. ഇതില്‍ ഏറിയ പങ്കും ഏറ്റവും വലിയ അറബ് രാജ്യമായ സഊദി അറേബ്യയിലുമാണ്. അതുകൊണ്ടു തന്നെയാണ് ലോകത്തിന്റെ പോറ്റുമ്മയാണ് എണ്ണ സമ്പന്ന രാജ്യമായ സഊദിയെന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഇവിടെയുള്ള വിദേശികളില്‍ ഏറിയ പങ്കും ഏറെ താമസിയാതെ സ്വന്തം രാജ്യത്തേക്ക് വിമാനം കയറേണ്ടി വരും. ഇവിടെ നിന്നു ലഭിക്കുന്ന പുതിയ കണക്കുകള്‍ പ്രകാരം 2020 ഓടെ വിദേശികള്‍ക്ക് സഊദി അന്യമാകുമെന്നാണ് കണക്കുകള്‍.
ഈ കണക്കുകള്‍ വിശ്വസിക്കാതിരിക്കാന്‍ വയ്യ. കാരണം, വിദേശികളെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ നല്‍കുന്നതിനായി ഭരണകൂടം കൊണ്ടുവരുന്ന ഓരോ നിയമങ്ങളും ഇതുവരെ പിന്‍വലിച്ചില്ലെന്നു മാത്രമല്ല, അത് കൂടുതല്‍ ശക്തിയാക്കി കൊണ്ടുരിക്കയുമാണ്. സഊദിയില്‍ ആശ്രിത വിസയില്‍ കഴിയുന്ന വിദേശികള്‍ക്ക് ഈ വര്‍ഷം പ്രതിമാസം 100 റിയാല്‍ എന്ന തോതില്‍ ലെവി അടയ്ക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നതോടെ പ്രവാസി സമൂഹം മടക്കയാത്രക്ക് തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ നിയമം പ്രാവര്‍ത്തികമാകില്ലെന്നും നടപ്പിലായാല്‍ തന്നെ സഊദി സാമ്പത്തിക രംഗത്ത് നഷ്ടമുണ്ടാകുമെന്നും കണക്കാക്കി പിന്‍വലിക്കുമെന്നും കരുതിയിരുന്നവരെ പോലും ഞെട്ടിച്ചാണ് പഴുതുകളടച്ചുള്ള നീക്കത്തിന് സര്‍ക്കാര്‍ മുതിര്‍ന്നത്. ഇത്തരത്തില്‍ ശക്തമായ ഒരു തീരുമാനം നടപ്പില്‍ വരുമോ എന്ന് പലരും സംശയിച്ചിരുന്നെങ്കിലും പ്രാവര്‍ത്തികമായതോടെ പലരും നെട്ടോട്ടത്തിലാണ്. ആദ്യത്തെ ഒരു വര്‍ഷം എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ സാധിക്കുമോ എന്നു പരീക്ഷിക്കുകയാണ് പലരും.
ഈ വര്‍ഷത്തെ ലെവിയില്‍ നിന്നു രക്ഷ നേടാം എന്ന് കരുതി നേരത്തെ ഇഖാമ പുതുക്കി സമാധാനിച്ചിരിക്കുമ്പോഴാണ് റീ എന്‍ട്രിയും എക്‌സിറ്റും നേടുന്നതിനു വരെ ലെവി അടയ്ക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയത്.
ഇതോടെ ആ പ്രതീക്ഷയും അറ്റു പോയതായും കുടുംബങ്ങളെ തിരിച്ചയക്കുകയല്ലാതെ വേറെ വഴിയില്ലെന്നും പ്രവാസി മലയാളികള്‍ കരുതുന്നു.
ജൂലൈ ഒന്നു മുതല്‍ പുതിയ സേവനം തേടുന്നതുവരെയുള്ള സമയത്ത് ഇഖാമയില്‍ എത്ര ദിവസത്തെ കാലാവധിയാണോ ഉള്ളതെങ്കില്‍ അത്രയും ദിവസത്തെ ലെവി അടക്കണം. ജൂലൈ മാസത്തില്‍ ഇഖാമയില്‍ അഞ്ചു ദിവസത്തെ കാലാവധി മാത്രമാണ് ഉള്ളതെങ്കില്‍ അവര്‍, ദിവസത്തിന് 3.30 റിയാല്‍ തോതില്‍ അഞ്ചു ദിവസത്തെ ലെവിയാണ് അടക്കേണ്ടത്. അതായത് ജൂലൈ മുതല്‍ ലെവി അടക്കാതെ വിദേശികള്‍ക്ക് രക്ഷയില്ലെന്നര്‍ഥം. ഇതിനായി സദാദ് സംവിധാനത്തില്‍ ലെവി അടക്കുന്നതിന് കൂടുതല്‍ ബാങ്കുകളില്‍ സൗകര്യം ഏര്‍പ്പെടുത്തി.
സേവനങ്ങള്‍ക്ക് ജവാസാത്തിനെ നേരിട്ട് സമീപിക്കുന്നവരെ ആശ്രിത ലെവി അടക്കുന്നതിന് ബാങ്കുകളിലേക്ക് അയക്കും. റീഎന്‍ട്രി തേടുന്നവര്‍ എത്ര മാസത്തേക്കാണോ റീഎന്‍ട്രി വിസ ആഗ്രഹിക്കുന്നതെങ്കില്‍ അതിനുസരിച്ച ഫീസും ജൂലൈ ഒന്നു മുതല്‍ ഇഖാമയില്‍ അവശേഷിക്കുന്ന കാലത്തിനുള്ള ആശ്രിത ലെവിയും അടച്ചിരിക്കണം. ഒരിക്കലും ഇത്തരമൊരു നീക്കം ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും ആരും കരുതിയിരുന്നില്ല. ആശ്രിത ലെവി പ്രാബല്യത്തിലായതില്‍ ഏറെ പ്രയാസപ്പെടുന്ന പ്രവാസികളില്‍ കൂടുതലും ഇന്ത്യക്കാരും മലയാളികളുമായിരിക്കും. അടുത്ത വര്‍ഷത്തോടെ 50 ശതമാനം പ്രവാസി കുടുംബങ്ങളും നാടണയാനാണ് സാധ്യത. പ്രവാസി കുടുംബങ്ങളില്‍ ഏറെയും കഷ്ടിച്ച് ജീവിതം മുന്നോട്ടു നയിക്കുന്നവരാണ്. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തിന് ഈ വര്‍ഷം ഒരാള്‍ക്ക് 1200 റിയാല്‍ എന്ന തോതില്‍ മൂന്നു പേര്‍ക്കായി 3600 റിയാല്‍ ലെവിയായി മാത്രമാക്കണം. ഇത് യഥാക്രമം ഓരോ വര്‍ഷവും 100 റിയാല്‍ വീതം കൂടി 2018ല്‍ ഒരാള്‍ക്ക് ഒരു മാസത്തേക്ക് 200 റിയാലും 2019ല്‍ 300 റിയാലും 2020ല്‍ 400 റിയാലും ആയി ഉയുമ്പോള്‍ 2020ല്‍ ഭാര്യക്ക് മാത്രം 4800 റിയാല്‍ ലെവി അടക്കേണ്ടി വരും. നേരത്തെ പറഞ്ഞ കണക്കു പ്രകാരം രണ്ട് കുട്ടികള്‍ കൂടി ഉള്ള കുടുംബത്തിന് 14,400 റിയാല്‍ അടക്കേണ്ടി വരും. ഇതിന് പുറമെ നേരത്തെയുള്ള ഇഖാമ , ഇന്‍ഷുറന്‍സ്, താമസ വാടക, കറന്റ്, ഫോണ്‍, ഭക്ഷണ ചിലവുകള്‍, വിദ്യാഭ്യാസം എന്നിവ കൂടി ഉള്‍പ്പെടുമ്പോള്‍ ശരാശരി പ്രവാസിക്ക് ഇത് ആദ്യവര്‍ഷം തന്നെ ഒരിക്കലും താങ്ങുകില്ല. പുറമെ സ്വന്തം ബിസിനസ് നടത്തുന്നവര്‍ സ്വന്തം ഇഖാമയുടെയും ഇന്‍ഷുറന്‍സിന്റെയും ചിലവുകള്‍ കൂടി ചേരുമ്പോള്‍ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്നതായിരിക്കണം ഉചിതം.
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സഊദിയില്‍ സ്വകാര്യ മേഖലാ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കഴിയുന്ന 22,21,551 ആശ്രിതരാണുള്ളത്. എന്നാല്‍, കൗണ്‍സില്‍ ഓഫ് കോ- ഓപറേറ്റിവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കണക്കുകള്‍ പ്രകാരം രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ 23,46,992 ആശ്രിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ 1,25,441 ആശ്രിതര്‍ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകളില്‍ ഉള്‍പ്പെട്ടിട്ടില്ല.
സഊദി അറേബ്യയില്‍ വിദേശികളില്‍നിന്ന് ഈടാക്കി തുടങ്ങിയ പ്രതിമാസ ഫീസിന്റെ ഫലമായി ഓരോ വര്‍ഷവും 1,65,000 പേര്‍ നാടു പിടിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നു. ഇതു രാജ്യത്തെ ഉപഭോഗത്തില്‍ വന്‍ ഇടിച്ചിലുണ്ടാക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്. നിലവില്‍ 11 ലക്ഷം കുടുംബങ്ങളിലായി 43 ലക്ഷം ആശ്രിതരുണ്ടെന്നാണ് കണക്ക്. ഇവര്‍ 8800 കോടി റിയാലാണ് വര്‍ഷം ചെലവഴിക്കുന്നത്. മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 3.7 ശതമാനമാണിത്. 2020 ആകുമ്പോഴേക്കും രാജ്യത്ത് തങ്ങുന്ന ആശ്രിതരുടെ എണ്ണത്തില്‍ 16 ശതമാനം കുറവുണ്ടാകുമെന്ന കണക്കില്‍ ഈ വിഭാഗത്തില്‍നിന്ന് നടപ്പുവര്‍ഷം അഞ്ച് ശതമാനം (35,005 പേര്‍) നാടുപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ആകുമ്പോഴേക്കും ഈ വിഭാഗത്തില്‍നിന്ന് 2,37,204 ആശ്രിതര്‍ നാട്ടിലെത്തുമെന്ന് വിദഗ്ധര്‍ കണക്കാക്കുന്നു. കുടുംബത്തോടൊപ്പം രാജ്യത്ത് കഴിയുന്ന 11 ലക്ഷം വിദേശ തൊഴിലാളികളില്‍ 5,64,323 പേര്‍ (53 ശതമാനം) 10,000 റിയാലില്‍ കൂടുതല്‍ പ്രതിമാസ വേതനം പറ്റുന്നവരാണെന്നാണ് ഗോസി അടിസ്ഥാനമാക്കിയുള്ള കണക്ക്. 6000 മുതല്‍ 6,999 റിയാല്‍ വരെ ശമ്പളം വാങ്ങുന്നവരാണ് 1,75,023 തൊഴിലാളികള്‍ (16 ശതമാനം).
7,00,07,999 (13 ശതമാനം), 8,00,08,999 (10 ശതമാനം) 9,00,09,999( ഏഴ് ശത്മാനം) എന്നിങ്ങനെയാണ് ബാക്കിയുള്ളവര്‍.
100 റിയാല്‍ ഫീ ഈടാക്കുന്ന ഈ വര്‍ഷം 5.1 ബില്യണ്‍ റിയാലും അടുത്ത വര്‍ഷം 10.2 ബില്യണ്‍ റിയാലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രമം 15.3 ബില്യണ്‍, 20.4 ബില്യണ്‍ എന്നിങ്ങനെ ഫീ ലഭിക്കുമെന്നാണ് കരുതുന്നത്. 43 ലക്ഷം ആശ്രിതരില്‍ ഓരോ വര്‍ഷവും കൊഴിഞ്ഞു പോകാനിടയുള്ളവരുടെ എണ്ണം കണക്കിലെടുക്കാതെയാണ് ഈ തുക കണക്കാക്കിയിരിക്കുന്നത്.
തൊഴിലുടമകള്‍ വീട്ടുവാടകയും വിദ്യാഭ്യാസ അലവന്‍സും നല്‍കുന്നവരെ ആശ്രിത ഫീ വലിയ തോതില്‍ ബാധിക്കില്ലെന്നാണ് അനുമാനം. എങ്കിലും ഇത്രയധികം തുക നല്‍കി തൊഴിലാളിയെ പിടിച്ചുനിര്‍ത്താന്‍ സ്‌പോണ്‍സര്‍മാര്‍ തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഫാമിലി ആനുകൂല്യങ്ങള്‍ നല്‍കിവരുന്ന ചില കമ്പനികള്‍ ആശ്രിത ഫീ കൂടി അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായി ജീവനക്കാരെ നിയമിക്കുമ്പോള്‍ ആശ്രിത ഫീ കൂടി തൊഴില്‍ കരാറില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
സഊദി അറേബ്യയില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതരില്‍നിന്ന് ഈടാക്കി തുടങ്ങിയ ലെവിയിലൂടെ ആദ്യ വര്‍ഷം പ്രതീക്ഷിക്കുന്നത് 206 കോടി റിയാലാണ്. ജവാസാത്ത് ഡയരക്ടറേറ്റ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയ കണക്കാണിത്. നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ട കണക്കു പ്രകാരം കഴിഞ്ഞ ദിവസംവരെ രാജ്യത്ത് 22,21,551 ആശ്രിതരാണുള്ളത്. ഓരോരുത്തരും 100 റിയാല്‍ വീതം ലെവി നല്‍കുമ്പോള്‍ മാസം 222 ദശലക്ഷം റിയാലാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നത്.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എണ്ണയിതര വരുമാനം കുത്തനെ ഉയര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമായി ഓരോ തൊഴിലാളിക്കും ഏര്‍പ്പെടുത്തിയ വര്‍ധിച്ച ഫീസും വിദേശികള്‍ സഊദി വിട്ടു പോകാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. പുതിയ നിയമപ്രകാരം അടുത്ത വര്‍ഷം മുതല്‍ ഓരോ വിദേശിക്കും വന്‍ തോതിലുള്ള ലെവി അടക്കേണ്ടി വരും. സഊദി തൊഴിലാളികളേക്കാള്‍ അധികം വിദേശികള്‍ക്കായി കമ്പനികള്‍ 2018 മുതല്‍ ഓരോരുത്തര്‍ക്കായി 400 റിയാല്‍ വീതം അടക്കണം. വിദേശികള്‍ 50 ശതമാനത്തില്‍ കുറവാണെങ്കില്‍ 300 റിയാലും ലെവി അടക്കണം.
2019ല്‍ വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ ഒരാള്‍ക്ക് 600 റിയാല്‍ വീതവും വിദേശികള്‍ കുറവാണെങ്കില്‍ 500 റിയാല്‍ വീതവും അടക്കണം. മാത്രമല്ല വിദേശികളുടെ ആശ്രിതര്‍ക്ക് 300 റിയാലും അടക്കേണ്ടി വരും. 2020ല്‍ ഇതേ പ്രകാരം തന്നെ വിദേശ തൊഴിലാളികള്‍ കൂടുതലുള്ളതിന് 800 റിയാലും കുറവാണെങ്കില്‍ 700 റിയാല്‍ വീതവും നല്‍കേണ്ടി വരും. ഇതുവഴി 65 ബില്യന്‍ റിയാലാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. കമ്പനികളുടെ മേല്‍ ഇത്തരത്തില്‍ ബാധ്യതകള്‍ ഏര്‍പ്പെടുത്തുന്നതുമൂലം നിര്‍ബന്ധിത സ്വദേശി വത്കരണമാവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വന്‍ തോതിലുള്ള ഭാരിച്ച ഫീസുകള്‍ ഒഴിവാക്കുന്നതിനായി കമ്പനികള്‍ നിര്‍ബന്ധപൂര്‍വം വിദേശികളെ ഒഴിവാക്കേണ്ടി വരും. ഈ സ്ഥിതി തുടര്‍ന്നാല്‍ 2020 ഓടെ വിദേശികള്‍ക്ക് സഊദി തൊഴില്‍ മേഖല അന്യമായി തീരും.
ആശ്രിത ലെവി പ്രാബല്യത്തിലായതും വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി വര്‍ധിപ്പിക്കുന്നതും കണക്കിലെടുത്ത് മലയാളികള്‍ അടക്കമുള്ള വിദേശികള്‍ കടകള്‍ കിട്ടിയ കാശിന് വിറ്റ് നാട്ടിലേക്ക് ചേക്കേറാന്‍ ഒരുങ്ങുകയാണ്. വര്‍ഷങ്ങളായി കടകള്‍ നടത്തിവന്നിരുന്ന ആളുകളാണ് നാടണയാന്‍ തുനിയുന്നത്.
സ്‌പോണ്‍സര്‍മാര്‍ക്കുള്ള സാമ്പത്തിക ബാധ്യതക്ക് പുറമെയുള്ള ഗവണ്‍മെന്റ് നടപ്പാക്കുന്ന പുതിയ നികുതികള്‍ സഹിച്ച് ഇവിടെ കഴിയുന്നതിലും ഭേദം നാട് പിടിക്കുകയാണെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു. ചിലര്‍ അയല്‍ അറബ് രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഏറെ താമസിയാതെ അവിടെയും ശക്തമായ സ്വദേശിവല്‍ക്കരണം വരുമെന്ന ചിന്തയും നിലവിലെ ഗള്‍ഫ് പ്രതിസന്ധിയുടെ പര്യവസാനവും ഇവരെ ആശങ്കയിലാഴ്ത്തുകയാണ്. സഊദിയുടെ ഭരണചക്രം പുതു തലമുറയുടെ കൈകളില്‍ എത്തിയതും നിയമം ഇനിയും ശക്തമാകുമെന്ന ധ്വനി ഉയര്‍ത്തുന്നുണ്ട്.
പ്രവാസ ലോകത്ത് നിന്നുള്ള തിരിച്ചു വരവ് ഏറെ ആഘാതം സൃഷ്ടിക്കുന്ന മലയാളക്കര ഇതിനെ പ്രതിരോധിക്കാന്‍ വേണ്ട നടപടികളും പുനരധിവാസ പാക്കേജുകളും തയ്യാറാക്കി കാത്തിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗവണ്‍മെന്റുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നാണാവശ്യം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.