2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

2019ലെ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മെഡലില്ല, വെറുംകൈയോടെ മടക്കം

 

ദോഹ: അഞ്ജു ബോബി ജോര്‍ജിന് ശേഷം ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍നിന്ന് മറ്റൊരു മെഡല്‍ ദോഹയിലൂടെ ഇന്ത്യ ഉയര്‍ത്തുമെന്ന കായികാരാധകരുടെ പ്രതീക്ഷ ഇത്തവണയും യാഥാര്‍ഥ്യമായില്ല. ചാംപ്യന്‍ഷിപ്പ് ചരിത്രത്തില്‍ ആദ്യമായി കൂടുതല്‍ അംഗങ്ങളുമായി (27) പുറപ്പെട്ട ഇന്ത്യന്‍ ടീം മടങ്ങിയത് വെറുംകൈയോടെ. ജനസംഖ്യയില്‍ പിന്നിലുള്ള അമേരിക്കയും ചൈനയും കെനിയയും എത്യോപ്യയുമൊക്കെ മെഡലുകള്‍ വരിക്കൂട്ടിയ കായികമേളയിലാണ് ഇന്ത്യയുടെ ഗ്രാഫ് താഴെത്തട്ടില്‍ നിന്നത്. എങ്കിലും മൂന്ന് ഫൈനലുകളില്‍ ഇടം പിടിച്ച് ഇന്ത്യ 2017ലെ ലണ്ടന്‍ ചാംപ്യന്‍ഷിപ്പിലെ പ്രകടനം മെച്ചപ്പെടുത്തി. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്ലെ, മലയാളികള്‍ മാത്രമിറങ്ങിയ 4-400 മീറ്റര്‍ മിക്‌സഡ് റിലേ, ജാവലിന്‍ ത്രോയില്‍ അന്നു റാണി എന്നിവരാണ് ഫൈനലില്‍ കടന്ന് ഇന്ത്യക്ക് അല്‍പം ആശ്വാസം പകര്‍ന്നത്.
2003ലെ പാരിസ് ചാംപ്യന്‍ഷിപ്പിലാണ് മലയാളി താരം അഞ്ജു ബോബി ജോര്‍ജിലൂടെ ഇന്ത്യ ആദ്യ മെഡല്‍ കൊയ്തത്. ലോങ്ജംപില്‍ വെങ്കലമായിരുന്നു താരത്തിന്റെ സമ്പാദ്യം. അതൊരു മെഡല്‍ക്കൊയ്ത്തിന്റെ തുടക്കമായിരുന്നെന്നാണ് ലോകം വിലയിരുത്തിയത്. പക്ഷേ, ആ മെഡല്‍ക്കൊയ്ത്തായിരുന്നു അവസാനത്തേതുമെന്ന് പറയേണ്ട ഗതികേടിലാണ് ഇന്ത്യന്‍ പൗരന്‍മാര്‍. മിക്‌സഡ് റിലേ മാറ്റി നിര്‍ത്തിയാല്‍ ഇത്തവണത്തെ മെഡല്‍ പ്രതീക്ഷകളായ നീരജ് ചോപ്രയും ഹിമാ ദാസും പരുക്കുമൂലം ചാംപ്യന്‍ഷിപ്പില്‍ നിന്ന് വിട്ടുനിന്നതും ഇന്ത്യന്‍ മെഡല്‍ സ്വപ്നത്തിന് തിരിച്ചടിയായി.
എങ്കിലും ഒരുപിടി ദേശീയ റെക്കോര്‍ഡും ഒളിംപിക് യോഗ്യതയുമായാണ് ഇന്ത്യയുടെ മടക്കം. 4-400 മീറ്ററിലും 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ മത്സരിച്ച അവിനാഷ് സാബ്ലെയ്ക്കുമാണ് ഈ ചാംപ്യന്‍ഷിപ്പിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. ഇരു വിഭാഗത്തിനും ഒളിംപിക്‌സ് യോഗ്യത നേടാനായി. ചാംപ്യന്‍ഷിപ്പിനിടെ രണ്ട് തവണ തന്റെ തന്നെ ദേശീയ റെക്കോര്‍ഡ് മറികടക്കാനും ഈ മഹാരാഷ്ട്രക്കാരനായി. ജാവലിന്‍ ത്രോയില്‍ മത്സരിച്ച അന്നു റാണിക്കും തന്റെ തന്നെ ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനവും ദോഹയില്‍ കാഴ്ച വയ്ക്കാന്‍ കഴിഞ്ഞു. മിക്‌സഡ് റിലേയിലെ ഏഴാം സ്ഥാനവും അന്നു റാണിയുടെ എട്ടാം സ്ഥാനവും സഹിതം വെറും മൂന്ന് പോയിന്റുമായി 209 രാജ്യങ്ങളുള്ള പട്ടികയില്‍ 58ാമതാണ് ഇന്ത്യയുടെ സ്ഥാനം. മിക്‌സഡ് റിലേയ്‌ക്കൊപ്പം ഇന്ത്യ കൂടുതല്‍ ശ്രദ്ധ ചെലുത്തിയ പുരുഷ-വനിതാ 4-400 മീറ്റര്‍ റിലേ ഹീറ്റ്‌സില്‍ തന്നെ പുറത്തായതും ഇന്ത്യക്ക് ആഘാതം സൃഷ്ടിച്ചു.

 

അമേരിക്ക വീണ്ടും ചാംപ്യന്‍മാര്‍

ദോഹ: 2019ലെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ വീണ്ടും ഒന്നാം സ്ഥാനക്കാരായി അമേരിക്ക. അവസാനദിനം നടന്ന ഒന്‍പത് ഫൈനലുകളില്‍ മൂന്നെണ്ണത്തിലും സ്വര്‍ണം നേടിയതോടെ ആകെ 14 സ്വര്‍ണവുമായാണ് അമേരിക്ക ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.
ആദ്യ ദിനം മുതല്‍ തുടര്‍ന്ന ആധിപത്യം തുടര്‍ന്നുള്ള ഒന്‍പത് ദിവസങ്ങളിലും അമേരിക്ക വിട്ടുകൊടുത്തില്ല. ഇത് 13ാം തവണയും തുടര്‍ച്ചയായ രണ്ടാം തവണയുമാണ് അമേരിക്ക ചാംപ്യന്‍മാരാവുന്നത്. 2017ലെ ലണ്ടന്‍ ചാംപ്യന്‍ഷിപ്പിലും അമേരിക്കയ്ക്കായിരുന്നു കിരീടം.
14 സ്വര്‍ണവും 11 വെള്ളിയും നാല് വെങ്കലവുമടക്കം 29 മെഡലുകളാണ് അമേരിക്കയുടെ മെഡല്‍പട്ടികയിലുള്ളത്. അഞ്ച് സ്വര്‍ണമടക്കം 11 മെഡലുകളുള്ള കെനിയയാണ് രണ്ടാമത്. ജമൈക്കയ്ക്കും ചൈനയ്ക്കും മൂന്ന് സ്വര്‍ണമുണ്ടെങ്കിലും കൂടുതല്‍ വെള്ളികളുള്ളതിനാല്‍ ജമൈക്ക മൂന്നാം സ്ഥാനത്തെത്തുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News