2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

2018 മെയ് 14- ചോരമണം മായാത്ത ഓര്‍മകളില്‍ ഫലസ്തീന്‍

നലഴികള്‍ കടന്നു വരുന്ന വെയില്‍ നാളങ്ങള്‍ സ്പര്‍ശിക്കുന്നുണ്ടായിരുന്നു സലേഹ് അസ്ഹര്‍ എന്ന പതിനാറുകാരന്റെ കണ്‍തടങ്ങളെ. ഒന്നുമറിയാതെ അവന്‍ കിടപ്പു തന്നെ. അല്ലെങ്കിലും എന്നെന്നേക്കുമായി ഇരുളടഞ്ഞു പോയ അവന്റെ കണ്ണുകളെ വെളിച്ചതിന്റെ ഏത് ചൂടാണ് അലോസരപ്പെടുത്തുക.

കഴിഞ്ഞ മെയ് പതിനാലിനാണ് ഫലസ്തീനിലെ ഈ പതിനാറുകാരന്റെ കണ്ണുകളിലെ വെളിച്ചം ഇസ്‌റാഈല്‍ സൈന്യം എന്നെന്നേക്കുമായി കെടുത്തിക്കളഞ്ഞത്. സാലിഹ് മാത്രമല്ല. അന്ന് നഷ്ടങ്ങളുണ്ടായ കൗമാരങ്ങള്‍ ഏറെയാണ് ഫലസ്തീനില്‍. കൈകള്‍ അറ്റുപോയവര്‍, കാല് മുറിഞ്ഞു പോയവര്‍, കിടപ്പിലായവര്‍ അങ്ങിനെ ഒത്തിരിപേര്‍. എന്നാല്‍ ഇതൊന്നും അവരെ ഇത്തിരി പോലും സങ്കടപ്പെടുത്തുന്നില്ല. കാരണം രക്തസാക്ഷിത്വം വരിക്കാനായി മാത്രം ജീവിതത്തെ പാകപ്പെടുത്തുന്നവരാണ് അവര്‍. ഫലസ്തീനിലെ ബാല്യവും കൗമാരവും യൗവ്വനവും എന്തിനേറെ വാര്‍ദ്ധക്യം പോലും ഏറെ പ്രണയിക്കുന്നത് ഈ രക്തസാക്ഷിത്വത്തെയാണ്. അതിനു വേണ്ടിയാണ് അവര്‍ അവരുടെ ജീവിതത്തെ പാകപ്പെടുത്തുന്നതും

കണ്‍മുന്നില്‍ ഇരുള്‍മൂടിയ ആ ദിനം
2018 മെയ് 14. അന്ന് ഏറെ ആവേശത്തോടെയാണ് സാലിഹും കൂട്ടുകാരും പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ അല്‍ബുറേജില്‍എത്തിയത്. ആഴ്ചതോറും നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ ആദ്യമായാണ് എത്തുന്നത്.

‘അതിര്‍ത്തിയില്‍ നിന്ന് വെറും 150 മീറ്റര്‍ ഇപ്പുറത്തായിരുന്നു ഞാന്‍. ഒരു ഇസ്‌റാഈല്‍ ഡ്രോണ്‍ ഞങ്ങളുടെ തലക്കു മുകളില്‍ വട്ടമിട്ടു പറന്നതും കണ്ണീര്‍ വാതകം പ്രയോഗിച്ചതും ഞാനോര്‍ക്കുന്നു. എന്റെ സുഹൃത്തുക്കളുള്‍പെടെ അവിടുള്ള ആളുകളെല്ലാം ചിതറിയോടി’- സാലിഹ് ഓര്‍ത്തെടുത്തു.

ആനിമിഷം തന്നെയാണ് സാലിഹിന്റെ തലപിളര്‍ക്കാനെന്നോണം ഒരു ബുള്ളറ്റ് പതിച്ചത്. വലതു ചെവിയിലൂടെ തുളഞ്ഞു കയറിയ ആ തീയുണ്ട ഇടതു കണ്ണിലൂടെയാണ് പുറത്തെത്തിയത്.
‘ എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. എന്റെ കണ്ണുകളടഞ്ഞു. കണ്ണീര്‍വാതകം മൂലമാണെന്നാണ്ഞാന്‍ കരുതിയത്’- സാലിഹ് പറഞ്ഞു.

കൂട്ടുകാരനാണ് ചോരയില്‍ മുങ്ങിയ സാലിഹിനെ കണ്ടത്. ഉടന്‍ ആംബുലന്‍സിലെത്തിച്ചു.’സാലിഹ് മരിച്ചെന്നാണ് ഞാന്‍ കരുതിയത്. അവന്റെ മുഖവും തലയുമെല്ലാം ചോരകൊണ്ട് പൊതിഞ്ഞിരുന്നു’- കൂട്ടുകാരന്‍ പറയുന്നു.

ഒരുപാട് തെരച്ചിലുകള്‍ക്ക് ശേഷമാണ് സാലിഹിനെ കണ്ടെത്തിയത് ഉപ്പ പറയുന്നു. മൂന്നു ദിവസത്തെ അബോധാവസ്ഥക്കു ശേഷം അവന്‍ പ്രതികരിച്ചു തുടങ്ങി. എന്നാല്‍ അപ്പോഴൊന്നും തന്റെ കണ്ണുകള്‍ നഷ്ടമായത് അവനറിയില്ലായിരുന്നു. പിന്നീട് ജോര്‍ദാനില്‍ പോയി ചികിത്സ നടത്തി. കണ്ണുകള്‍ക്കും തലക്കും ഓപറേഷന്‍ വേണ്ടി വന്നു. പതിയെ പതിയെ തനിക്കു മുന്നില്‍ ഇനി എന്നും ഇരുളാണെന്ന യാഥാര്‍ഥ്യം അവന്‍ തിരിച്ചറിഞ്ഞു.

‘ആദ്യം വലിയ ഷോക്കായി. താല്‍ക്കാലികമായ ഒരവസ്ഥയാണെന്നാണ് കരുതിയത്. പിന്നീടാണ് സത്യം മനസ്സിലായത്’ – സാലിഹ് പറഞ്ഞു.

മുമ്പ് എപ്പോഴും പുറത്തായിരുന്നു സാലിഹ്. എന്നാല്‍ ഇപ്പോള്‍ മിക്ക സമയവും വീടിനകത്താണ്. എന്നാല്‍ അവന്റെ കൂട്ടുകാര്‍ എപ്പോഴും കൂട്ടിനുണ്ടാവും.

രണ്ടു കാലും പോയി, ഒട്ടും സങ്കടമില്ല
ഇത് അബ്ദുല്ല ഖാസിം. 17 വയസ്സ്. ഇരച്ചെത്തിയ പതിനായിരങ്ങളില്‍ ഒരാളായി അന്ന് ഖാസിമുമുണ്ടായിരുന്നു അവിടെ. കൂട്ടുകാരും അയല്‍ക്കാരുമൊത്ത് ആഘോഷമായാണ് പ്രതിഷേധത്തില്‍ പങ്കു ചേരാനെത്തിയത്. ഖാസിം ഓര്‍ക്കുന്നു. ഇപ്പോള്‍ ഇസ്‌റാഈല്‍ അധീനതയിലുള്ള അല്‍മജദലില്‍ നിന്നുള്ള അഭയാര്‍ഥിയാണ് ഞാന്‍. എന്റെ മണ്ണ് ഇസ്‌റാഈലില്‍ നിന്ന് എനിക്ക് തിരിച്ചു പിടിക്കണമായിരുന്നു.

വെടിയേല്‍ക്കുമെന്ന് കരുതിയിരുന്നില്ല. വെടിയുണ്ട രണ്ടു കാലുകളിലും തുളഞ്ഞു കയറി. സഹിക്കാനാവാത്ത വേദനയായിരുന്നു. ബോദം പോയി. കണ്ണു തുറന്നപ്പോള്‍ ചുറ്റും കലുഷിതമാണ്. വേദനയില്‍ പുളയുന്ന നൂറുകണക്കിനാളുകള്‍. പരുക്കേറ്റവരെ ഉള്‍ക്കൊള്ളാനാവുന്നില്ലായിരുന്നു ആശുപത്രികള്‍ക്ക്. എങ്ങും ചോരമണം. രോദനങ്ങള്‍. പത്തു മണിക്കൂര്‍സകാത്തിരുന്ന ശേഷമാണ് ഡോക്ടറെ കണ്ടത്. ഏഴ് ഓപറേഷനകള്‍ നടത്തി. ഫലമുണ്ടായില്ല. രണ്ടു കാലുകളും മുറിച്ചു മാറ്റി. നേരത്തെ എല്ലാത്തിനും ആരെയെങ്കിലും ആശ്രയിക്കണമായിരുന്നു. ഇപ്പോള്‍ എല്ലാം തനിയെ ചെയ്യും.
റെഡ്‌ക്രോസിന്റെ വക രണ്ട് കൃത്രിമക്കാലുകള്‍ വെക്കുന്നുണ്ട് ഇനി അബ്ദുല്ലക്ക്.

ഇത്രയൊക്കെയായിട്ടും തലയുയര്‍ത്തി ഇരിക്കുകയാണ് ഖാസിം. പ്രത്‌ഷേധ റാലിയില്‍ പങ്കെടുക്കേണ്ടായിരുന്നു എന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല ഈ പതിനേഴുകാരന്‍. ഇനിയുമൊരവസരത്തിനായി കാത്തു നില്‍ക്കുന്നുവെന്നല്ലാതെ.

വരും സ്വാതന്ത്രപ്പുലരിയുടെ ഒരു നാള്‍
വീട്ടിലെ ഏകവരുമാനമാണ് തന്റെ കിടപ്പോടെ നിലച്ചതെന്ന ആശങ്കയൊന്നും ഒട്ടും അലട്ടുന്നില്ല 33 കാരി ദൗലത്ത് ഫൗസി ഹംദീനെ. സ്വന്തമായി സലൂണ്‍ നടത്തുയായിരുന്നു അവര്‍. തുടയിലാണ് ബുള്ളറ്റ് പതിച്ചത്. മരിക്കുയാണെന്ന് ആദ്യം ഡോക്ടര്‍മാര്‍ പറഞ്ഞു. പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. കിടപ്പു ജീവിതമാണെന്നു മാത്രം- ദൗലത്ത് പറയുന്നു. ഏഴ് ഓപറേഷനുകള്‍ക്ക് വിധേയയായി. ഇടക്ക് ചികിത്സ ഇസ്‌റാഈല്‍ തടഞ്ഞു.

ഒട്ടും വിഷമമില്ല. ഇങ്ങനെ ഒരുപാട് സമരങ്ങള്‍ ഇനിയും നടക്കും. ഒടുവില്‍ ഇസ്‌റാഈല്‍ ഞങ്ങള്‍ക്കു മിന്നില്‍ കീഴടങ്ങും-
എല്ലാ പരീക്ഷണങ്ങളേയും അതിജയിച്ച് തന്റെ വിധിയെ നോക്കി ദൗലത്ത് പുഞ്ചിരിക്കുന്നു. സ്വാതന്ത്രപ്പുലരിയുടെ തെളിച്ചമുള്ള ചിരി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.