2018 August 14 Tuesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

2014 മുതല്‍ ഖജാന്‍ജിയില്ല; ബി.ജെ.പി സംഭാവന സ്വീകരിക്കുന്നത് ചട്ടം മറികടന്ന്

ഇടപെടാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍

 

യു.എം മുഖ്താര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന രാഷ്ട്രീയപ്പാര്‍ട്ടിയായ ബി.ജെ.പിക്ക് 2014 മുതല്‍ ഖജാന്‍ജിയില്ല. പാര്‍ട്ടികളുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഖജാന്‍ജി ആയിരിക്കണമെന്നാണ് നിയമം. ഇത് മറികടന്ന് ഖജാന്‍ജി ആരെന്നു വ്യക്തമാക്കാതെയാണ് ബി.ജെ.പി സംഭാവന സ്വീകരിക്കുന്നത്.
2016- 17 സാമ്പത്തിക വര്‍ഷത്തില്‍ ബി.ജെ.പിയുടെ വരുമാനത്തില്‍ 81 ശതമാനം വര്‍ധനവാണുണ്ടായത്. 1,034.27 കോടി രൂപയാണ് ആ വര്‍ഷം പാര്‍ട്ടിയുടെ അക്കൗണ്ടിലേക്ക് എത്തിയത്. ഇക്കാര്യം വിശദീകരിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഖജാന്‍ജിയുടെ പേര് വ്യക്തമാക്കാത്തത്. ‘ഖജാന്‍ജിക്കു വേണ്ടി’ എന്നുപറഞ്ഞ് മറ്റേതോ നേതാവാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിട്ടിരിക്കുന്നത്. ഖജാന്‍ജിയോ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ ആ ചുമതലയുള്ള ആളോ ആയിരിക്കണം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗരേഖയിലുണ്ട്. ഈ നിര്‍ദേശമാണ് ബി.ജെ.പി ലംഘിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിച്ചില്ലെന്നു മാത്രമല്ല ഖജാന്‍ജിയുടെ പേര് വ്യക്തമാക്കാത്ത ഓഡിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തതായി ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തു.
ഇപ്പോഴത്തെ ധനമന്ത്രി പിയൂഷ് ഗോയല്‍ ആയിരുന്നു ബി.ജെ.പിയുടെ ഖജാന്‍ജി. അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ അംഗമായതു മുതല്‍ ഖജാന്‍ജിയുടെ പേര് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു പാര്‍ട്ടി നീക്കം ചെയ്യുകയായിരുന്നു. പിന്നീട് ഖജാന്‍ജിയെ തെരഞ്ഞെടുത്തിട്ടില്ല.
അതേസമയം, ഖജാന്‍ജിയുടെ പേര് വ്യക്തമാക്കാത്ത ബി.ജെ.പിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കരുതായിരുന്നുവെന്ന് മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ ഖുറേഷി പറഞ്ഞു. ഖജാന്‍ജി ആരെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ബി.ജെ.പിക്ക് നോട്ടിസ് അയക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഖജാഞ്ചിയുടെ പേര് ഉണ്ടായിരിക്കണമെന്നും ഇല്ലെങ്കില്‍ അതു ചോദിക്കേണ്ടതാണെന്നും മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറായ എന്‍. ഗോപാലസ്വാമിയും പറഞ്ഞു. 2016- 17 കാലത്ത് കോണ്‍ഗ്രസിന് 225 കോടിയും ബി.എസ്.പിക്ക് 173 കോടിയും സി.പി.എമ്മിന് 100 കോടിയും എന്‍.സി.പിക്ക് 17 കോടിയും തൃണമൂലിന് ആറു കോടിയുമാണ് സംഭാവനയായി ലഭിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.