2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

2001ലെ പട്ടിണിമരണം; ബോണക്കാട്ടുകാര്‍ക്ക് ഒരു തെരഞ്ഞെടുപ്പോര്‍മ

ബോണക്കാട്(തിരുവനന്തപുരം): 2001 ലെ പട്ടിണിമരണം ബോണക്കാടന്‍ മലനിരകളെ ലോക വാര്‍ത്തകളിലെത്തിച്ചു. അന്നത്തെ ഇടതു സര്‍ക്കാരിന്റെ കാലത്തെ പട്ടിണിമരണം തുടര്‍ന്നുനടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയമായിരുന്നു. വീണ്ടും പട്ടിണിയുടെയും ദാരിദ്രത്തിന്റെയും ദുരിതവാര്‍ത്തകള്‍ മനസാക്ഷിയെ മുറിവേല്‍പ്പിക്കുമ്പോഴാണ് ഒരു തെരഞ്ഞെടുപ്പിലേക്കു കൂടി കേരളം നീങ്ങുന്നത്.

ഒരു നാടിനെയാകെ തൊഴിലില്ലായ്മയിലേക്കും പട്ടിണിയിലേക്കും തള്ളിവിട്ട ബോണക്കാട്ടെ തേയിലഫാക്ടറി ഇന്നും അടഞ്ഞുകിടക്കുകയാണ്. അടഞ്ഞു കിടക്കുന്ന തേയിലഫാക്ടറി ചുവരില്‍ ഇപ്പോള്‍ എല്ലാ സ്ഥാനാര്‍ഥികളുടേയും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. മത്സരിക്കുന്ന സ്ഥാനാര്‍ഥികളും എത്തി. നിരവധി വാഗ്ദാനങ്ങളും നല്‍കി. എന്നാല്‍ വരുന്ന 16 ന് വോട്ട് ചെയ്യണമോ എന്ന ത്രിശങ്കു സ്വര്‍ഗത്തിലാണ് ബോണക്കാട് തോട്ടനിവാസികള്‍. അരുവിക്കര മണ്ഡലത്തില്‍ വരുന്ന ഈ പ്രദേശം ഇപ്പോള്‍ വീണ്ടും ശ്രദ്ധാ കേന്ദ്രമാവുകയാണ്. സ്‌കൂള്‍ പ്രവേശനമില്ലാതെ തുറന്ന സ്‌കൂള്‍ അടച്ചു. പഠിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ കുട്ടികള്‍. ബോണക്കാട്ടെ തേയിലതോട്ടത്തില്‍ വസിക്കുന്നവര്‍ ഇന്നു തീരാദുരിതത്തിലാണ്. അടുത്തിടെ ചില പദ്ധതികള്‍വന്നെങ്കിലും അത് എങ്ങുമെത്താത്ത നിലയിലും.

രാജഭരണകാലത്ത് ഇവിടെ കാട് വെട്ടി തെളിച്ച് തേയിലതോട്ടമുണ്ടാക്കി. ബോണ്‍ അക്കാര്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന ബ്രിട്ടിഷുകാരനാണ് തോട്ടമുടമ. അവിടെ ജോലി ചെയ്യാന്‍ നിര്‍ബന്ധപൂര്‍വം ജോലിക്കാരെ നിയമിച്ചു. തേയില വിളവെടുത്തു. ലാഭവും നേടി. പിന്നെ ജനാധിപത്യം വന്നു. തോട്ടമുടമ തോട്ടം മുംബൈ ആസ്ഥാനമാക്കിയ മഹാവീര്‍ പ്ലാന്റേഷന് വിറ്റു. അവര്‍ എത്തി ഇവിടെ കുട്ടികള്‍ക്കായി സ്‌കൂളും നിര്‍മിച്ചു. അതാണ് പിന്നെ സര്‍ക്കാര്‍ ഏറ്റെടുത്ത ബോണക്കാട് യു.പി സ്‌കൂള്‍. പിന്നെ തോട്ടം അടച്ചു പൂട്ടി.

എന്തിനു വോട്ട് ചെയ്യണമെന്ന ചോദ്യം രാഷ്ട്രീയ കേരളത്തിനു മുന്നില്‍ വയ്ക്കുകയാണ് ബോണക്കാട്ടുകാര്‍. കാലമിത്രയും വിവിധ കക്ഷി രാഷ്ട്രീയക്കാര്‍ക്കായി വ്യത്യസ്ത തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിട്ടും തങ്ങളുടെ വോട്ട് നേടി ജയിച്ചവര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹാരം കാണുന്നില്ലെന്ന പരാതി ബോണക്കാടുകാര്‍ക്കുണ്ട്.

ഇവിടുള്ള സ്‌കൂള്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടി. അധ്യാപകന്‍ വരും. സ്‌കൂള്‍ തുറക്കും. ആരുമില്ലാത്തതിനാല്‍ തിരികെ പോകും. രണ്ടു കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അവര്‍കൂടി വരാത്തതിനാല്‍ പിന്നെ സ്‌കൂള്‍ അടച്ചുപൂട്ടി.

വികസനം മറ്റിടങ്ങളില്‍ കാലത്തിനൊപ്പം മുന്നോട്ടു പോകുന്നുണ്ടെങ്കിലും ബോണക്കാട്ടെ സ്ഥിതിയതല്ല. അപരിഷ്‌കൃതമായ സംവിധാനങ്ങള്‍ക്ക് അവസാനമില്ല. വര്‍ഷങ്ങള്‍ പിന്നിലേക്കു സഞ്ചരിച്ച മട്ടാണു ബോണക്കാടെത്തിയാല്‍. വൈദ്യുതിയെത്തിയതും തൊഴിലുറപ്പ് പദ്ധതി ആശ്വാസമായതും സര്‍ക്കാരിന്റെ നേട്ടങ്ങളായി വിലയിരുത്താമെങ്കിലും പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. വാഗ്ദാനങ്ങള്‍ കുന്നോളം, എന്നാല്‍ ആ വാഗ്ദാനങ്ങള്‍ വേഗത്തില്‍ ജലരേഖകളായ പോയകാല ചരിത്രത്തിനു മുന്നില്‍ വോട്ട് ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നാണു മുപ്പതു വര്‍ഷമായി ഇവിടെ താമസിക്കുന്നവരുടെ മറുപടി.

ഉത്തരവാദിത്തപ്പെട്ടവരുടെ ഇടപെടല്‍ പരിമിതമാണെന്നാണ് ഇവരുടെ പക്ഷം. കഷ്ടപ്പാടുകള്‍ കാണുന്നില്ല. തങ്ങളെ വോട്ടുബാങ്കായി മാത്രം കാണുന്നു. ദാരിദ്ര്യവും പട്ടിണിയും ജീവിതത്തിനു കൂട്ട്. വിദ്യാഭ്യാസ സൗകര്യങ്ങളില്ല. ആശുപത്രിയില്ല. ജീവിത സാഹചര്യം ഗതികേടില്‍. ചിലര്‍ ബോണക്കാട് വിട്ടു,

നാടുവിടാന്‍ നിവര്‍ത്തിയില്ലാത്തവര്‍ ഇവിടെ തന്നെ തുടരുന്നു. എന്നാല്‍ തങ്ങളുടെ ദുരിതത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും സര്‍ക്കാരിന്റേയോ പഞ്ചായത്തിന്റേയോ തലയില്‍ കെട്ടിവയ്ക്കാന്‍ ബോണക്കാട്ടുകാര്‍ ഒരുക്കമല്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടയ്ക്കു സംസ്ഥാനവും പഞ്ചായത്തും ഭരിച്ച ആര്‍ക്കും പ്രശ്‌നങ്ങള്‍ പരിഹരിക്കാമായിരുന്നുവെന്ന അഭിപ്രായത്തിലാണു അവര്‍.പ്രതിഷേധം ദിനംപ്രതി കൂടി വരികയാണ്. ഒരു തീരുമാനം എടുക്കണമെന്നുണ്ട്. ചിലപ്പോള്‍ അത് വോട്ടിങ് ദിനത്തിലുമാകാം. ബോണക്കാട്ടുകാര്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.