2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

2000 പിന്‍വലിക്കുമെന്ന പ്രചാരണം ആശങ്കാജനകം

മന്‍സൂര്‍ .കെ .വി .എം പെരിമ്പലം

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുമെന്ന പ്രചാരണം ഏറെ ആശങ്കയോടെ യാണ് ഓരോ വ്യക്തിയും കേള്‍ക്കുന്നത് .കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നും ജനം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ദുരിതത്തില്‍ നിന്നും ജനം കരകയറും മുമ്പേയുള്ള പുതിയ നോട്ട് പിന്‍വലിക്കല്‍ പ്രചാരണ വാര്‍ത്ത എല്ലാവരിലും ഭീതിയുളവാക്കുന്നുണ്ട് .കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് വന്ന വാര്‍ത്തകള്‍ ആശാവഹമല്ല. വീണ്ടും ഒരു നോട്ട് നിരോധനത്തിലേക്കാണ് രാജ്യം പോകുന്നതെന്നുള്ള സൂചനകള്‍ റിസര്‍വ് ബാങ്ക് നല്‍കുന്നുണ്ട്.

 

2016 നവംബര്‍ 8 അന്ന് നിലവിലുണ്ടായിരുന്ന 500യും 1000ന്റെയും നോട്ടുകള്‍ ഒരു സുപ്രഭാതത്തില്‍ പിന്‍വലിച്ചപ്പോള്‍ ഉണ്ടായിട്ടുള്ള ദുരിതങ്ങള്‍ വിവരണാതീതമായിരുന്നു. അന്നത്തെ നെട്ടോട്ടം ഭീതിയോടെ മാത്രമേ ഓരോ വ്യക്തിക്കും ഓര്‍ക്കാന്‍ സാധിക്കുകയുള്ളു.

നരേന്ദ്ര മോദിയുടെ മണ്ടന്‍ പരിഷ്‌കാരമായ നോട്ട് നിരോധനത്തിലൂടെ ജനങ്ങള്‍ ഒന്നാകെ വലഞ്ഞത് മാത്രമല്ല ,രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മൊത്തത്തില്‍ വഷളാവുകയും ചെയ്തിരിക്കുകയാണ്. ഉയര്‍ന്ന മൂല്യമുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് നിരോധിച്ചു കൊണ്ട് കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ അതിലും മൂല്യമുള്ള 2000 ത്തിന്റെ നോട്ടുകള്‍ ഇറക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. ഒന്നാന്തരം വിഡ്ഢിത്തം ചെയ്യുകയായിരുന്നു മോദി. സാധാരണക്കാര്‍ക്ക് വിപണിയില്‍ ഇടപഴകാന്‍ ചെറിയ മൂല്യവും ഉള്ള നോട്ടുകള്‍ ഇറക്കണമെന്ന് മുറവിളികള്‍ ഉയര്‍ന്നെങ്കിലും അന്ന് മോദിയും കൂട്ടരും അത് ചെവിക്കൊണ്ടില്ല. പകരം സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന രണ്ടായിരം കൊണ്ടുവന്നു. ഒറ്റയടിക്ക് 2000 രൂപ നോട്ട് കയ്യില്‍ കിട്ടിയ ജനം അതുമായി പൊരുത്തപ്പെട്ടുപോകാന്‍ ഒരുപാട് പ്രയാസപ്പെട്ടു. ദുരിതത്തില്‍ നിന്ന് ദുരിതത്തിലേക്ക് ഓരോ ഇന്ത്യക്കാരനേയും തള്ളിയിട്ട മോദിയുടെ പരിഷ്‌കരണം അതിജീവിക്കാന്‍ ഒരുപാട് സഹിച്ചു .ആ ദുരന്ത നാളുകളില്‍ നിന്നും ഒരു പരിധി വരെ മോചനം നേടി തിരിച്ചുവന്നുകൊണ്ടിരിക്കുമ്പോഴാണ് പുതിയ 2000 രൂപയും പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന പുതിയ വാര്‍ത്തകള്‍ നമ്മെ അലോസരപ്പെടുത്തുന്നതും ഭീതിയിലാഴ്ത്തുന്നതും. പ്രയാസപ്പെട്ടാണെങ്കിലും ജനം ഒരുവിധം അതിജീവിച്ചിരുന്നു.

2000രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചാല്‍ അത് പല വിധത്തിലായി രാജ്യത്തു ചലനങ്ങള്‍ സൃഷ്ടിക്കും. പൊതുവിപണിയെയും സകല ബിസിനസ് സംരംഭങ്ങളെയും അത് ബാധിക്കും. രാജ്യം സാമ്പത്തികമായി തകരുകയും ചെയ്യും.
മോദിയുടെയും ബി.ജെ.പി ഗവണ്‍മെന്റിന്റെയും ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളാണ് ഈ വാര്‍ത്തകള്‍ എല്ലാം സൂചിപ്പിക്കുന്നത്. നോട്ട് നിരോധനത്തിന്റെയും മുന്നൊരുക്കം ഇല്ലാതെ ജി.എസ് .ടി നടപ്പിലാക്കിയതിന്റെയും അടക്കമുള്ള വിഡ്ഢി പരിഷ്‌കാരങ്ങള്‍ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ക്കു കനത്ത പ്രഹരം ഏല്‍പിച്ചിട്ടുണ്ടെന്നതു വാസ്തവമാണ്.

ഒരു കാര്യം ഉറപ്പാണ് 2000 രൂപ പിന്‍വലിക്കുകയാണെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് അടുത്ത ലോക്‌സഭാ ഇലക്ഷനില്‍ കൂടുതല്‍ പണിയെടുക്കേണ്ടി വരില്ല .ഒരു നോട്ട് നിരോധനത്തിന്റെ ദുരിത പര്‍വ്വം ഇന്നും ചുമലിലേറ്റി നടക്കുന്ന സാധാരണക്കാരന് അടുത്ത ഒരു നോട്ട് നിരോധനത്തെ കുറിച്ചും അതിന്റെ അനന്തര ദുരിതങ്ങളും ആലോചിക്കുവാന്‍ സാധ്യമല്ല .


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.