2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

‘രണ്ട് ഗുജറാത്തീ കള്ളന്മാര്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നു’- ബി.ജെ.പി നേതാവ്, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

'ക്ഷമിക്കണം നരേന്ദ്ര മോദി ജി, കണ്ണില്‍ സ്റ്റിക്കറൊട്ടിച്ച് നിങ്ങളുടെ ചൗക്കിദാറായി (കാവല്‍ക്കാരന്‍) പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല'

 

ലഖ്‌നൗ: രണ്ട് ഗുജറാത്തീ കള്ളന്മാര്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. യു.പിയിലെ ഉന്നത നേതാവും ബി.ജെ.പിയുടെ മുന്‍ വക്താവുമായ ഐ.പി സിങാണ് പ്രസ്താവന നടത്തിയത്. ട്വിറ്ററിലൂടെയാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കൂരമ്പുകള്‍ എയ്തത്.

പ്രധാനമന്ത്രിയെയാണോ അതോ പ്രചാരമന്ത്രിയെയാണോ ബി.ജെ.പി തെരഞ്ഞെടുത്തതെന്നും ഐ.പി സിങ് ചോദിച്ചു. അസംഗഢില്‍ നിന്ന് മത്സരിക്കുന്ന എസ്.പി നേതാവ് അഖിലേഷ് യാദവിനെ അഭിനന്ദിച്ച ഐ.പി സിങ്, അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ വീട് വിട്ടുനല്‍കാമെന്നും പ്രഖ്യാപിച്ചു.

പിന്നാലെ, ഐ.പി സിങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് പ്രസ്താവന വന്നു. ആറു വര്‍ഷത്തേക്ക് പുറത്താക്കുന്നുവെന്നാണ് ബി.ജെ.പി വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

ഹിന്ദി ഹൃദയഭൂമി കീഴടക്കിയ ശേഷം, കഴിഞ്ഞ അഞ്ചുവര്‍ഷമായി രണ്ട് ഗുജറാത്തി വിഡ്ഢികള്‍ ഞങ്ങളെ മൗനികളാക്കി ജനങ്ങളെ പറ്റിക്കുകയാണെന്ന് ഐ.പി സിങ് പറഞ്ഞു. ഗുജറാത്ത് സമ്പദ് വ്യവസ്ഥയേക്കാള്‍ ആറിരട്ടി വലുതാണ് യു.പിയുടെ സമ്പദ് വ്യവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹത്തെ തെരഞ്ഞെടുത്തത് പ്രധാനമന്ത്രിയായാണോ അതോ, പ്രചാരമന്ത്രിയായാണോ? രാജ്യത്തെ പ്രധാനമന്ത്രി ടി- ഷര്‍ട്ടും ചായക്കോപ്പയും വില്‍ക്കുന്നതിനാണോ പരിഗണന നല്‍കേണ്ടത്?’- ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഞാന്‍ തന്റെ മൂന്ന് പതിറ്റാണ്ട് കാലം പാര്‍ട്ടിക്കു നല്‍കി. സത്യം പറയുന്നത് പാര്‍ട്ടിക്കകത്ത് കുറ്റകൃത്യമാണെങ്കില്‍, അതില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നഷ്ടപ്പെട്ടുവെന്നാണ് അര്‍ഥമെന്നും അദ്ദേഹം പറഞ്ഞു.

‘ക്ഷമിക്കണം നരേന്ദ്ര മോദി ജി, കണ്ണില്‍ സ്റ്റിക്കറൊട്ടിച്ച് നിങ്ങളുടെ ചൗക്കിദാറായി (കാവല്‍ക്കാരന്‍) പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല’- ഐ.പി സിങ് ട്വീറ്റ് ചെയ്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.