2018 May 22 Tuesday
യുക്തിസഹമായി ചിന്തിക്കില്ലെന്ന് ശഠിക്കുന്നവര്‍ മൗലികവാദി, യുക്തിസഹമായി ചിന്തിക്കാന്‍ കഴിയാത്തവന്‍ വിഡ്ഢി, യുക്തിസഹമായി ചിന്തിക്കാന്‍ ധൈര്യപ്പെടാത്തവന്‍ അടിമ.
-വില്യം ഡ്രമന്‍ഡ്

2ജി അഴിമതി ; അന്വേഷണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉത്തരവ്

ഇ.ഡിക്കും സി.ബി.ഐക്കും സുപ്രിംകോടതിയുടെ വിമര്‍ശനം

;
ന്യൂഡല്‍ഹി: രണ്ടാം യു.പി.എ സര്‍ക്കാരിനെ കനത്ത പ്രതിസന്ധിയിലാക്കിയ 2ജി സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട എന്വേഷണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രിംകോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനും സി.ബി.ഐക്കും നിര്‍ദേശം നല്‍കി.
2ജി സ്‌പെക്ട്രം വിതരണംചെയ്തതിലുള്ള ക്രമക്കേടുമായി ബന്ധപ്പെട്ട കേസിന്റെയും എയര്‍സെല്‍ മാക്‌സിസ് ഇടപാട് സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും നവീന്‍സിന്‍ഹയും അധ്യക്ഷനായ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് നിര്‍ദേശം നല്‍കി.
രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവ സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേസന്വേഷണം വൈകുന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെയും സി.ബി.ഐയെയും സുപ്രിംകോടതി വിമര്‍ശിക്കുകയുംചെയ്തു. ഇതുവളരെ ഗൗരവമുള്ള കേസാണ്. അതിനാല്‍ അതിന്റെ അവസ്ഥ എന്താണ് എന്ന് രാജ്യത്തെ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നുണ്ട്.
എന്തുകൊണ്ടാണ് അന്വേഷണം ഇങ്ങനെ ഇഴഞ്ഞുനീങ്ങുന്നത്. എന്താണതിന്റെ കാരണം- സുപ്രിംകോടതി ചോദിച്ചു. നിങ്ങള്‍ ഇതിനെല്ലാം മറുപടി പറയണമെന്നും ഇ.ഡിയോടും സി.ബി.ഐയോടും രണ്ടംഗബെഞ്ച് ആവശ്യപ്പെടുകയുംചെയ്തു.
ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍, എയര്‍സെല്‍ മാക്‌സ് ഇടപാട് കേസിലെ പ്രതി മലേഷ്യന്‍ വ്യവസായി അനന്ത് കൃഷ്ണന്‍ സഹകരിക്കുന്നില്ലെന്ന് അറിയിച്ചു.
കോടതി ഒന്നിലധികം തവണ ആവശ്യപ്പെട്ടെങ്കിലും അന്വേഷണത്തോട് സഹകരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയാണെന്നും അറ്റോര്‍ണിജനറല്‍ അറിയിച്ചു. കേസ് അടുത്തമാസം മൂന്നിനു വീണ്ടും പരിഗണിക്കും.
2014 മുതല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസികൂട്ടറായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് ഗ്രോവറെ കേസില്‍ നിന്ന് ഒഴിവാക്കി പകരം അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ പബ്ലിക് പ്രോസിക്ക്യൂട്ടറായി നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കോടതി അംഗീകരിക്കുകയുംചെയ്തു.
കേസുമായി ബന്ധപ്പെട്ട തല്‍സ്ഥിതി വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിതര സന്നദ്ധ സംഘടന നല്‍കിയ ഹരജി കോടതി തള്ളുകയുംചെയ്തു.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.