2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഐ.ജി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച്; ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു

കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാംകുളം ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച്. സേവ് അവര്‍ സിസ്‌റ്റേര്‍സ് എന്ന ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലിസ് തടഞ്ഞു. സംവിധായകനും നടനുമായ ജോയ് മാത്യു പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

അതേസമയം, കന്യാസ്ത്രീയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ഹൈടെക് ഓഫിസ് സെല്ലില്‍ പതിനൊന്നു മണിയോടെ എത്തിയിരുന്നു. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

അഞ്ച് ക്യാമറകള്‍ ഒരുക്കിയാണ് ചോദ്യം ചെയ്യല്‍. ഉന്നത പൊലിസ് ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് ഉണ്ടാക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

അതേസമയം, തെളിവ് ലഭിച്ചാല്‍ മാത്രമേ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉണ്ടാകൂ എന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികള്‍ വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. അറസ്റ്റ് ചെയ്യുന്നതിന് തടസ്സമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ല. നാലു വര്‍ഷം പഴക്കമുള്ള കേസില്‍ ശസ്ത്രീയ തെളിവുകള്‍ പരിമിതമായിരിക്കും. അന്വേഷണത്തില്‍ സാക്ഷിമൊഴികളാണ് പ്രധാനം. അതുകൊണ്ടുതന്നെ കൂടുതല്‍ സാക്ഷികളെ ചോദ്യംചെയ്യേണ്ടിവരും. അതിന് കൂടുതല്‍ സമയം വേണ്ടിവരും. കേസില്‍ വളരെ വേഗതയിലാണ് അന്വേഷണം നടന്നത്. ഇതുവരെയുള്ള അന്വേഷണത്തില്‍ അന്വേഷണ സംഘത്തിന് പൂര്‍ണ തൃപ്തിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.