2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

യമനില്‍ സഊദി നേതൃത്വത്തില്‍ സഖ്യസേന നടപടികള്‍ തുടരും; യുദ്ധ വിമാനങ്ങള്‍ക്ക് ആകാശത്തു വെച്ചുള്ള ഇന്ധനം നിറക്കുന്നതില്‍ അമേരിക്കയുടെ സഹായം അവസാനിപ്പിച്ചു

റിയാദ്: യമനില്‍ ഔദ്യോഗിക സര്‍ക്കാരിനെ പിന്തുണച്ച് സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന യമനില്‍ ദൗത്യം തുടരുമെന്ന് വ്യക്തമാക്കി. എന്നാല്‍, വിമത വിഭാഗമായ ഹൂതികളുടെ മിസൈല്‍ ഭീഷണി അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്ര സഭ ഉറപ്പുവരുത്തണമെന്നും അറബ് സഖ്യ സേന ആവശ്യപ്പെട്ടു. അതേസമയം, യമന്‍ യുദ്ധത്തില്‍ പങ്കെടുക്കുന്ന സഖ്യസേനാ യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറക്കുന്നതില്‍ നിന്നും അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നത് അവസാനിപ്പിച്ചുവെന്നും അമേരിക്കയുടെ സഹായം ഇനി മുതല്‍ ആവശ്യമില്ലെന്നും ഇക്കാര്യത്തില്‍ സഊദി നേതൃത്വത്തിലുള്ള സഖ്യസേന സ്വയം പര്യാപ്തത കൈവരിച്ചുവെന്നും വ്യക്തമാക്കി.

സ്ഥിതിഗതികള്‍ ഗുരുതരമായ സാഹചര്യത്തില്‍ യമനില്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിമത വിഭാഗമായ ഹൂതികളില്‍ നിന്നും ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ഇതില്‍ നിന്നും പിന്‍വാങ്ങേണ്ടെന്ന നിലപാടിലാണ് സഊദി നേതൃത്വത്തിലുള്ള സഖ്യസേനയെന്നു അധികൃതരെ ഉദ്ധരിച്ചു സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഹൂതികള്‍ക്കെതിരേ യമന്‍ സൈന്യം നടത്തുന്ന നടപടികളുടെ ഭാഗമായുള്ള സൈനിക സഹായം തുടരുമെന്നും സഖ്യസേന വ്യക്തമാക്കി.

ഇതോടൊപ്പമാണ് സഖ്യസേനയുടെ യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം നിറക്കാന്‍ അമേരിക്ക നല്‍കിവന്നിരുന്ന സഹായം നിര്‍ത്താന്‍ സഖ്യസേന അമേരിക്കയോട് ആവശ്യപ്പെട്ടത്. ആകാശത്തു വെച്ച് യുദ്ധ വിമാനങ്ങള്‍ക്ക് ഇന്ധനം നിറക്കാനുള്ള സാങ്കേതിക വിദ്യ പൂര്‍ണമായും വിജയം കണ്ടുവെന്നും സഖ്യസേനയിലെ വിവിധ രാഷ്ട്രങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും സഖ്യസേന വ്യക്തമാക്കി. സ്വയംപര്യാപ്തത കൈവരിച്ച സഖ്യസേന ആകാശത്തു വച്ച് ഇന്ധനം നിറക്കുന്ന ചിത്രവും കഴിഞ്ഞ ദിവസം പുറത്തു വിട്ടിട്ടുണ്ട്

അതേസമയം, ഹൂതികളില്‍ നിന്നും കൂറുമാറി യമന്‍ ഔദ്യോഗിക സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ഹൂതി ഐ.ടി മന്ത്രി റിയാദിലെത്തി. റിയാദിലെത്തിയ തങ്ങള്‍ക്ക് മുന്നില്‍ യമനില്‍ സമാധാനം പുനസ്ഥാപിക്കാനായി നിരവധി വാതിലുകളാണ് തുറന്നിരിക്കുന്നതെന്നും അതിജീവിക്കാന്‍ കഴിയാത്ത തരത്തില്‍ യമന്‍ ദുരന്ത ഭൂമിയായി മാറിയിക്കുന്നുവെന്നും സ്ഥിതിഗതികള്‍ സഹിഷ്ണുതയോടെ നേരിടാന്‍ ഹൂതികള്‍ ഒരുക്കമാകണമെന്നും അബ്ദുസ്സലാം ജാബിര്‍ റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സന്‍ആയില്‍ നിന്നും ഏദനിലേക്കും അവിടെ നിന്നും റിയാദിലേക്കും സുരക്ഷിത യാത്രയൊരുക്കിയ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളുടെ അവസ്ഥകള്‍ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യമനില്‍ അറബ് സഖ്യ സേന നടത്തുന്ന ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.