2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മലയാളി ഹാജിമാര്‍ ഞായറാഴ്ച മുതല്‍ പ്രവാചക നഗരിലേക്ക്

നിസാര്‍ കലയത്ത്

ജിദ്ദ: പുണ്യ റൗള ശരീഫിലെത്തി മുഹമ്മദ് നബിയിലും അനുചരന്മാരിലും സലാം ചൊല്ലാനുള്ള അടങ്ങാത്ത ആഗ്രഹവുമായി മലയാളി ഹാജിമാര്‍ പ്രവാചക നഗരിയുടെ പവിത്രമണ്ണിലേക്ക് ഞായറാഴ്ച മുതല്‍ യാത്ര തിരിക്കും. മക്കയില്‍ നിന്നും സഊദി പ്രാദേശിക സമയം രാവിലെ പത്തിനാണ് ഹാജിമാര്‍ സഊദി മത്വാഫിന്റെ പ്രത്യേക ബസ്സില്‍ യാത്ര പുറപ്പെടുക. വൈകുന്നേരം അഞ്ചിനാണ് ഹാജിമാര്‍ മദീനയിലെത്തുക.

മക്കയില്‍ നിന്നും 480 കി.മീറ്റര്‍ ദൂരമാണ് മദീനയിലേക്കുള്ളതെങ്കിലും യാത്രാനടപടികളും തീര്‍ഥാടകരുടെ തിരക്കും കാരണം ഹാജിമാരുടെ വാഹനങ്ങളെത്താന്‍ സാധാരണത്തേക്കാളും സമയം അധികമായിവരും. ഇവരെ മദീനയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അംഗങ്ങളും വിവിധ മലയാളി സന്നദ്ധ സംഘടനകളും ചേര്‍ന്ന് സ്വീകരിക്കും.

ആദ്യവിമാനങ്ങളിലെത്തിയ 410 പേരടക്കമുള്ളവരാണ് ആദ്യ ദിനത്തില്‍ മദീന സന്ദര്‍ശന സംഘത്തിലുണ്ടാവുക. ബാക്കിയുള്ളവരെല്ലാം അടുത്ത ദിവസങ്ങളിലായി മദീനയിലെത്തുമെന്നും സംസ്ഥാന ഹജ്ജി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. മദീനയില്‍ ഹറമിനടുത്ത് തന്നെയാണ് ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. മിത ശീതോഷ്ണ കാലാവസ്ഥയിലാണ് അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന ഇവരെ വിശുദ്ധ മദീന നഗരി സ്വീകരിക്കുന്നത്. എട്ട് ദിവസം പ്രവാചകനഗരിയില്‍ താമസിച്ച ശേഷമാണ് ഇവര്‍ ഇനി നാട്ടിലേക്ക് മടങ്ങുക. പ്രവാചക ഖബറിടത്തിനും പള്ളിക്കും പുറമെ, മസ്ജിദുല്‍ ഖുബ ,മസ്ജിദുല്‍ ഖിബ്‌ലതൈന്‍, ഉഹ്ദ്, ജന്നത്തുല്‍ ബഖിഹ് തുടങ്ങിയ ചരിത്ര സ്ഥലങ്ങള്‍ ഇവര്‍ സന്ദര്‍ശിക്കും. ഹജ്ജ് കര്‍മം സുഖമമായി നിര്‍വഹിച്ച് മനശുദ്ധി കൈവരിച്ച തീര്‍ഥാടകരെല്ലാം ശനിയാഴ്ച രാവിലെ തന്നെ ഹറമിലെത്തി ഉംറയും വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിച്ചായിരിക്കും അവിടെ നിന്നും തിരിക്കുക.

ഹാജിമാര്‍ക്കുള്ള അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളം നേരത്തെ തന്നെ നെടുമ്പാശ്ശേരിയില്‍ എത്തിയിട്ടുണ്ട്. മറ്റ് ലഗേജുകള്‍ മദീനയിലെ താമസകേന്ദ്രത്തില്‍ നിന്ന് കാര്‍ഗോ ഏജന്‍സികള്‍ ഏറ്റെടുക്കും. 23 കിലോ വീതമുള്ള രണ്ട് ലഗേജുകള്‍ക്ക് പുറമെ ഏഴ് കിലോ സാധനങ്ങള്‍ ഹാന്‍ഡ് ബാഗിലും കൊണ്ടുപോകാം. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം 11,890 തീര്‍ഥാടകരാണ് ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നത്തെിയത്. അതേ സമയം സ്വകാര്യഗ്രൂപ്പ് വഴി വന്ന ഹാജിമാരും കേന്ദ്ര ഹജ് കമ്മിറ്റിക്ക് കീഴിയില്‍ വന്ന് നേരത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്ന പല സംഘങ്ങളും ഇതിനകം തന്നെ നാട്ടിലേക്ക് മടങ്ങി. അതേ സമയം മദീന വഴി മടങ്ങുന്ന ഹാജിമാരുടെ ആദ്യ സംഘം സെപ്റ്റംബര്‍ 13ന് മടങ്ങും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News