2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ചാലക്കുടിയില്‍ വെള്ളമിറങ്ങി; ഇനിയും ഒട്ടേറെപേര്‍ കുടുങ്ങിക്കിടക്കുന്നു

തൃശൂര്‍: മഴയിലും വെള്ളപ്പൊക്കത്തിലും ജനജീവിതം ദുരിതത്തിലായ ചാലക്കുടി ടൗണില്‍ ജലനിരപ്പ് താഴ്ന്നുതുടങ്ങി. വെള്ളപ്പൊക്കത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ പന്ത്രണ്ടോളം ബോട്ടുകള്‍ ഇന്ന് രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് റോഡ് ഗതാഗതം ഒരു ഭാഗത്തേക്ക് പുന:സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, ഉള്‍നാടുകളില്‍ ഇനിയും നൂറുകണക്കിനു പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

സൈന്യത്തിന്റെ നേതൃത്വത്തില്‍ പൊലിസ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും മത്സ്യതൊഴിലാളികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇവരില്‍ പലരും കഴിഞ്ഞ രണ്ട് ദിവസമായി വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് ഷട്ടറുകള്‍ വഴി പുറത്തേക്കുള്ള വെള്ളത്തിന്റെ അളവിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പും താഴ്ന്നു.

നേരത്തെ ഗതാഗത തടസ്സമുണ്ടായ ചാലക്കുടി അങ്കമാലി റൂട്ടിലെ വെള്ളക്കെട്ടും ഇതിനകം നീങ്ങിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ക്ക് ഇതുവഴി യാത്ര ചെയ്യുന്നതിന് നിലവില്‍ വിലക്കില്ലെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് ആരംഭിച്ചിട്ടില്ല. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.