2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ജൈവം

#ഷാഹുല്‍ഹമീദ് കെ.ടി

അബോധാവസ്ഥയടെ വള്ളിപ്പടവുകളില്‍ കുരുങ്ങിയാടുകയാണ് അച്ഛന്‍. താഴെ ഇരുട്ടില്‍ മുങ്ങിയ നീലജലാശയം പോലെ മരണം. അപ്പോഴാണ് അച്ഛനെ വീണ്ടും കുളിപ്പിക്കാനുള്ള മക്കളുടെ തീരുമാനം.
പുല്‍ത്തൈലം ചേര്‍ത്ത ചൂടുവെള്ളമായിരുന്നു ഇത്തവണ. മൂര്‍ദ്ധാവില്‍നിന്നു മുഖത്തുകൂടെ കഴുത്തിലേക്കും ഉടലില്‍നിന്നു കൈകാലുകളിലേക്കും ജലച്ചാലുകള്‍ പരന്നൊഴുകി. ജലധാര നിലച്ചപ്പോള്‍ ദേഹത്തവശേഷിച്ച നീര്‍ക്കണങ്ങളെ ഒപ്പിയെടുക്കുമ്പോഴാണു വെള്ളത്തിനല്‍പ്പം ചൂട് കൂടിപ്പോയിരുന്നുവെന്ന് അവരറിയുന്നത്. അവരുടെ ബോധതലത്തിലപ്പോള്‍, ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞുവരുന്ന അച്ഛന്റെ മുഖം… എണ്ണതേപ്പിച്ചു തങ്ങളെ കുളിപ്പിക്കാന്‍ ചൂടുവെള്ളം പാകപ്പെടുത്തുന്ന അച്ഛന്റെ വിരലുകള്‍…
അച്ഛനെ കട്ടിലിലേക്കു കിടത്തിയയുടനെ അവര്‍ മൂക്കുപൊത്തി മുറിയില്‍നിന്നിറങ്ങി. അവര്‍ പരസ്പരം നോക്കി തലചൊറിഞ്ഞു.
‘ആശുപത്രിമണം പോവുന്നില്ലല്ലോ…’
‘ആ നശിച്ച നാറ്റം…’

പിന്നീടൊരുനാള്‍ അവര്‍ അച്ഛനെ ബാത്ത്ടബില്‍ കിടത്തി. വിദേശത്തുനിന്നു വരുത്തിയ സുഗന്ധദ്രവ്യങ്ങളൊഴുക്കിയ വെള്ളമായിരുന്നു അതില്‍. വെള്ളത്തിനു വെളിയിലെ ശിരസിലേക്ക് ഷവറില്‍നിന്നു ജലത്തുള്ളികള്‍ വീണുകൊണ്ടിരുന്നു.
ഒരുദിവസം കഴിഞ്ഞപ്പോഴാണ് ബാത്ത്‌റൂമിലെ അച്ഛനെക്കുറിച്ചവര്‍ ഓര്‍ത്തത്. വേഗം പുറത്തെടുത്തപ്പോള്‍ റിട്ടയര്‍മെന്റ് ജീവിതത്തിനിടയിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ മസ്തിഷ്‌കാഘാതം ഏല്‍പ്പിച്ചതിലുമധികം തണുത്തു മരവിച്ചിരുന്നു ആ ശരീരം.
‘അച്ഛന്‍…!’
‘എന്നിട്ടും ആ മണം വിട്ടൊഴിയാതെ…’
ചിതയൊരുങ്ങി. വിറകുകള്‍ക്കു മുകളില്‍ കിടത്തുമ്പോഴും തുറന്നിരിക്കുന്ന കണ്ണുകള്‍ അവരുടെ സ്വാസ്ഥ്യം കെടുത്തി. കണ്ണുകള്‍ വരണ്ടുണങ്ങിയ പുഴയായി മണല്‍ക്കാറ്റുയര്‍ത്തി.
‘ജീവിതത്തില്‍ ഞാന്‍ വിയര്‍പ്പൊഴുക്കിയത് മാറാരോഗങ്ങള്‍ക്കിടയില്‍, അവശരായ രോഗികള്‍ക്കിടയില്‍. ആ വിയര്‍പ്പ് വലിച്ചെടുത്തു വളര്‍ന്ന നിങ്ങളുടെ ശരീരത്തിലെ ഓരോ അണുവിലും ആതുരാലയത്തിന്റെ മണമുണ്ടാവും, മക്കളേ. ഒരിക്കലും ഒഴിഞ്ഞുപോവാതെ…’
തീനാളങ്ങള്‍ക്കുള്ളിലെ നയനങ്ങളുടെ വാമൊഴി അവര്‍ക്കന്യമായിരുന്നു. ചിതയണയുംമുന്‍പ് യാത്രയായ അവര്‍ വഴിമധ്യേ നിശ്ചലരായി. അവരുടെ കൈകള്‍ മൂക്കുകളെ തേടിയെത്തിയിരുന്നു.
‘നിന്നെ മണക്കുന്നല്ലോ!’
‘ആശുപത്രിമണം നിന്നെയാണ്.’
അവിടെവച്ചാണ് അവരുടെ വഴി രണ്ടാവുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.