2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സഊദിയില്‍ ആണവോര്‍ജ്ജമടക്കം തന്ത്ര പ്രധാനമായ ഏഴു വന്‍ പദ്ധതികള്‍ക്ക് കിരീടാവകാശി തുടക്കം കുറിച്ചു

  • ആണവോര്‍ജ്ജം രാജ്യത്തിന്റെ ഗതി മാറ്റും

അബ്ദുസ്സലാം കൂടരഞ്ഞി

 

റിയാദ്: രാജ്യത്തിന്റെ ഗതി മാറ്റുന്ന ആണവോര്‍ജ്ജമടക്കം തന്ത്രപ്രധാനമായ ഏഴു പദ്ധതികള്‍ക്ക് സഊദി കിരീടാവകാശി തറക്കല്ലിട്ടു. ആണവ ഊര്‍ജം, ഉപ്പു ജല ശുദ്ധീകരണം, മരുന്ന് നിര്‍മാണം, വിമാന നിര്‍മാണം എന്നീ മേഖലയിലാണ് ഏഴു വന്‍കിട പദ്ധതികള്‍. സഊദിയിലെ ആദ്യ ആണവ റിയാക്ടര്‍ ഉള്‍പ്പെടുന്ന പദ്ധതിക്കാണ് സാമ്പത്തിക തലവന്‍ കൂടിയായ സഊദി കിരീടാവകാശി ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി നഗരത്തിലായിരുന്നു പ്രൗഢ ഗംഭീരമായ ഉദ്ഘാടനം. സഊദിയുടെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തുന്ന പദ്ധതികളാണ് ഉദ്ഘാടനം ചെയ്ത പദ്ധതികളെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും ആണവോര്‍ജ്ജ പ്രവര്‍ത്തനം.

ഇതടക്കം പുനരുപയോഗ ഊര്‍ജം, ആണവോര്‍ജം, സമുദ്രജല ശുദ്ധീകരണം, വിമാന വ്യവസായം, ജെനറിക് മെഡിസിന്‍ എന്നിവക്കൊപ്പം രാജ്യത്തെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടര്‍, വിമാന ബോഡി നിര്‍മാണ കേന്ദ്രം എന്നിവ അടക്കം മൂന്നു ബൃഹദ് പദ്ധതികള്‍ ഇക്കൂട്ടത്തില്‍പെടും. ഇതിന്റെ ഭാഗമായുള്ള സഊദി ഹ്യൂമന്‍ ജീനോം സെന്‍ട്രല്‍ ലബോറട്ടറിയും കിരീടാവകാശി ഉദ്ഘാടനം ചെയ്തു. സഊദി സമൂഹത്തിന്റെ ജനിതക പ്രത്യേകതകളുടെ ആദ്യ മാപ്പ് സെന്‍ട്രല്‍ ലബോറട്ടറി രേഖപ്പെടുത്തും. പാരമ്പര്യ രോഗങ്ങള്‍ക്ക് കാരണമായ ജനിതക മാറ്റങ്ങള്‍ കണ്ടെത്തുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത രോഗങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള സംവിധാനങ്ങളും ഇവിടെയുണ്ടാകും. പരമ്പരാഗത രോഗങ്ങളുടെ ചികിത്സക്ക് സഊദി അറേബ്യ പ്രതിവര്‍ഷം 400 കോടിയിലേറെ റിയാല്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്.

പ്രതിദിനം അറുപതിനായിരം ഘനമീറ്റര്‍ ശേഷിയില്‍ ഖഫ്ജിയില്‍ സൗരോര്‍ജ സമുദ്രജല ശുദ്ധീകരണ ശാല സ്ഥാപിക്കുന്നതിനും യാമ്പുവില്‍ പ്രതിദിനം 5,200 ഘനമീറ്റര്‍ ശേഷിയോടെയുള്ള സൗരോര്‍ജ സമുദ്രജല ശുദ്ധീകരണ ശാല സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്കും കിരീടാവകാശി ശിലാസ്ഥാനം നിര്‍വഹിച്ചു. സൗരോര്‍ജ പാനലുകള്‍ നിര്‍മിക്കുന്നതിനുള്ള രണ്ടു കേന്ദ്രങ്ങള്‍, ഉയൈനയില്‍ സൗരോര്‍ജ പാനലുകളുടെ ഗുണമേന്മയും വിശ്വാസ്യതയും പരിശോധിക്കുന്നതിനുള്ള ലാബ് എന്നീ പദ്ധതികള്‍ക്കും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തറക്കല്ലിട്ടു. റിയാദ് എയര്‍പോര്‍ട്ട് കോമ്പൗണ്ടിലാണ് വിമാന ബോഡി നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നത്. മധ്യപൂര്‍വ ദേശത്തെതന്നെ ഏറ്റവും വലിയ വിമാന ബോഡി നിര്‍മാണ കേന്ദ്രമായിക്കും ഇത്. 27,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ സ്ഥാപിക്കുന്ന കേന്ദ്രത്തില്‍ സിവിലിയന്‍, മിലിട്ടറി വിമാനങ്ങളുടെ ബോഡികള്‍ നിര്‍മിക്കും. ഭാവിയില്‍ കേന്ദ്രത്തിന്റെ വിസ്തീര്‍ണം 92,000 ചതുരശ്ര മീറ്ററായി വര്‍ധിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. സഊദി സാറ്റ് 5എ, സൗദി സാറ്റ് 5ബി എന്നിവ അടക്കമുള്ള സാറ്റലൈറ്റ് പദ്ധതികളും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സന്ദര്‍ശിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.