2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഹജ്ജ്: 16 ലക്ഷം തീര്‍ത്ഥാടകര്‍ പുണ്യ ഭൂമിയില്‍; അവസാന ഇന്ത്യന്‍ വിമാനം ഏഴിന്

മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കിനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്ഥാടകരില്‍ ഏകദേശം പേരും പുണ്യ ഭൂമിയിലെത്തി. ആഭ്യന്തര ഹാജിമാരെ കൂടാതെ ഏകദേശം പതിനെട്ടു ലക്ഷം തീര്‍ത്ഥാടകരാണ് വിദേശ രാജ്യങ്ങളില്‍ നിന്നും ഈ വര്‍ഷം ഹജ്ജിനെത്തുന്നത്. ഇതില്‍ ഏകദേശം പതിനാറു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഇതിനകം തന്നെ പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ബാക്കിയുള്ളവര്‍ മൂന്നു ദിവസങ്ങള്‍ക്കകം തന്നെ വിശുദ്ധ ഭൂമിയില്‍ എത്തിച്ചേരും. വെള്ളിയാഴ്ചയാണ് ഹജ്ജിന് സമാരംഭം കുറിക്കുന്നത്. ഇതിനാല്‍ അതിന്റെ മുന്നോടിയായി ഹജ്ജ് വിസ ലഭിച്ച മുഴുവന്‍ വിദേശികളും സഊദിയില്‍ ഇറങ്ങും. വ്യാഴ്ചയാഴ്ചയോടെയാണ് വിദേശ ഹാജിമാരുടെ വരവിനു അവസാനമാകുക.

വിദേശ രാജ്യങ്ങളില്‍ നിന്നും ഇതിനകം 1604171 തീര്‍ത്ഥാടകരാണ് പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നത്. ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ ഹജ്ജ് മിഷന്‍, സ്വാകാര്യ തീര്ഥാടകരില്‍ 180000 തീര്‍ത്ഥാടകരും എത്തിച്ചേര്‍ന്നിട്ടുണ്ട്. ബാക്കിയുള്ളവര്‍ വ്യാഴാഴ്ചയോടെ തന്നെ വിശുദ്ധ ഭൂമിയില്‍ ഇറങ്ങും. വ്യാഴാഴ്ച്ചയാണ് അവസാന ഇന്ത്യന്‍ ഹജ്ജ് വിമാനം ജിദ്ദയില്‍ ഇറങ്ങുന്നത്. വിദേശ തീര്ഥാടകരില്‍ പതിനഞ്ചു ലക്ഷത്തോളം ഹാജിമാരാണ് വിമാനം വഴി എത്തിച്ചേര്‍ന്നത് .90000 പേര്‍ കര മാര്‍ഗവും 17000 പേര്‍ കപ്പല്‍ മാര്‍ഗ്ഗവുമാണ് എത്തിച്ചേര്‍ന്നത്. മദീനയില്‍ എത്തിയ വിദേശ ഹാജിമാര്‍ മക്കയിലേക്കുള്ള പ്രയാണത്തിലാണ്. വ്യാഴാഴ്ചയോടെ മുഴുവന്‍ വിദേശ ഹാജിമാരും മക്കയിലെത്തിച്ചേരും.

അതേസമയം, മക്കയില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 42 ഡിഗ്രിക്ക് മുകളിലാണ് ചൂട്.പുണ്യ നഗരികളായ മിന, അറഫാ, മുദലിഫ എന്നിവിടങ്ങളിലൂം കനത്ത ചൂടാണ് അനുഭവപ്പെടുന്നെന്നതിനാല്‍ ഹാജിമാര്‍ക്ക് കനത്ത നിര്‍ദേശങ്ങളുമായി വിവിധ ഹജ്ജ് മിഷന്‍ അധികൃതര്‍ രംഗത്തുണ്ട്. വ്യാപകമായി കുടകള്‍ വിതരണം ചെയ്തും നിര്‍ദേശങ്ങള്‍ നല്‍കിയും സന്നദ്ധ സേവക സംഘങ്ങളും സജീവമാണ്. ഹജ്ജിനു മുന്നോടിയായി തന്നെ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഹാജിമാര്‍ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ന്യൂസിലന്‍ഡ് പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കളും പരിക്ക് പറ്റിയവരും ഹജ്ജിനായി മക്കയിലെത്തി. സല്‍മാന്‍ രാജാവിന്റെ അതിഥികളായി 200 പേരാണ് പുണ്യ ഭൂമിയിലിറങ്ങിയത്. ജിദ്ദ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പൂക്കളും ഉപഹാരവും നല്‍കി സ്വീകരിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍, പരിക്കേറ്റവര്‍ എന്നിവരുടെ ആദ്യ സംഘത്തിന് ഊഷ്മളമായ സ്വീകരണമാണ് ജിദ്ദ വിമാനത്താവളത്തില്‍ ലഭിച്ചത്. 51 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെല്ലാം ഹജ്ജിനെത്തും. ജിദ്ദയിലെത്തിയ ഹാജിമാരെ അതിഥികള്‍ക്കായുള്ള പ്രത്യേക താമസ സ്ഥലത്തേക്ക് കൊണ്ടുപോയി. 6000 പേരാണ് വിവിധ രാജ്യങ്ങളില്‍ നിന്നും സല്‍മാന്‍ രാജാവിന്റെ അതിഥികളായെത്തുക.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.