2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

മധ്യപ്രദേശില്‍ ബി.ജെ.പിക്ക് വിനയായത് ‘നോട്ട’

ഭോപ്പാല്‍: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മധ്യപ്രദേശില്‍ വിജയികളെ തീരുമാനിച്ചതിന് പിന്നില്‍ ‘നോട്ട’യും നിര്‍ണായക പങ്കുവഹിച്ചു. ശക്തമായ പോരാട്ടം നടന്ന ഇവിടെ ബി.ജെ.പിയേക്കാള്‍ അഞ്ച് സീറ്റുകളുടെ ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസിനെ നയിക്കാന്‍ നിര്‍ണായകമായത് നോട്ടയാണ്. കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകള്‍ വേണമെന്നിരിക്കെ കോണ്‍ഗ്രസിന് ലഭിച്ചത് 114 സീറ്റുകളാണ്. ബി.ജെ.പിക്ക് ലഭിച്ചതാകട്ടെ 109 സീറ്റുകളും. ബി.എസ്.പി, എസ്.പി എന്നിവരുടെ സഹായത്തോടെയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലേറുന്നത്.

ബി.ജെ.പിയുടെ അധികാരത്തിലേക്കുള്ള കയറ്റത്തിന് പ്രതിസന്ധി സൃഷ്ടിച്ചാണ് നോട്ട മുന്നേറിയത്. ഫോട്ടോഫിനിഷില്‍ 11 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ വിജയമാര്‍ജിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നോട്ട നേടി. ബെയ്‌റാ, ദാമോ, ഗുനൂര്‍, ഗ്വാളിയോര്‍, ജബല്‍പൂര്‍, ജൊബാത്ത്, മന്ധാറ്റ, നേപ്പാനഗര്‍, രാജ്‌നഗര്‍, റായ്പൂര്‍, സുവാസ്ര എന്നീ മണ്ഡലങ്ങളിലാണ് നോട്ട മുന്നേറിയത്. ബിന, കൊലാറസ് മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചെങ്കിലും ഇവരുടെ മാര്‍ജിനേക്കാള്‍ കൂടുതലാണ് നോട്ടക്ക് ലഭിച്ചത്. 1000 വോട്ടിനേക്കാള്‍ കുറവാണ് ഈ മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം.
2008ലെ തെരഞ്ഞെടുപ്പില്‍ 143 സീറ്റുകളില്‍ ജയിച്ചപ്പോള്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ടിങ് ശതമാനം 38 ശതമാനമായിരുന്നു. എന്നാല്‍ ഇത്തവണ 109 സീറ്റുകളില്‍ മാത്രം വിജയിച്ചപ്പോള്‍ വോട്ടിങ് ശതമാനം 40 ആയി ഉയര്‍ന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
നോട്ടക്കുപുറമെ മായാവതിയുടെ സ്വാധീനവും സവര്‍ണരുടെ കടുത്ത എതിര്‍പ്പും ബി.ജെ.പിയുടെ വിജയത്തിന് തടസമായെന്നും വിലയിരുത്തപ്പെടുന്നു. അതിനിടയില്‍ ഇരുപാര്‍ട്ടികള്‍ക്കും ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ കുറച്ചതിനുപിന്നില്‍ ശക്തമായ സ്വാധീനം ചെലുത്തിയത് സാമാന്യ അല്‍പസംഖ്യക് പിച്ചാര കല്യാണ്‍ സമാജി(എസ്.എ. പി.എ.കെ.എസ്)ന്റെ സ്വാധീനവുമുണ്ട്. ദലിതര്‍ക്ക് നല്‍കുന്ന പ്രത്യേക താല്‍പര്യത്തിനെതിരേ ഇവര്‍ നല്‍കിയ ആഹ്വാനവും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും വോട്ടുകള്‍ കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News