2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ശരീഅത്ത് സംരക്ഷണ സമ്മേളന ഐക്യദാര്‍ഢ്യം; സഊദിയില്‍ സമ്മേളനങ്ങള്‍ക്ക് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി

വിവിധ കേന്ദ്രങ്ങളില്‍ എസ്.വൈ.എസ്, എസ്.കെ.ഐ.സി നേതൃത്വത്തില്‍ സമ്മേളനങ്ങളും അനുബന്ധ പരിപാടികളും അരങ്ങേറും

 

ജിദ്ദ: 1985നു ശേഷം വീണ്ടുമൊരു ശരീഅത്ത് സംരക്ഷണ യജ്ഞത്തിന് ഇന്ത്യയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രംഗത്തിറങ്ങിയ സാഹചര്യത്തില്‍ അതിന്റെ ഭാഗമായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ഒക്ടോബര്‍ 13ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന് പ്രവാസ ലോകത്തിന്റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഒക്ടോബര്‍ 12ന് വെള്ളിയാഴ്ച സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലും യൂണിറ്റ് കേന്ദ്രങ്ങളിലും ആഹ്വാനം ചെയ്ത ഐക്യദാര്‍ഢ്യ സമ്മേളനത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി എസ് വൈ എസ് സഊദി നാഷണല്‍ കമ്മിറ്റി വ്യക്തമാക്കി. സഊദി അറേബ്യയിലെ മുഴുവന്‍ പ്രവിശ്യകളിലും വെള്ളിയാഴ്ച്ച വിപുലമായ രീതിയില്‍ പരിപാടികള്‍ സംഘടപ്പിക്കാനാവശ്യമായ ഒരുക്കളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്നും അതത് പ്രവിശ്യകളിലെ എസ്.വൈ.എസ്, എസ്.കെ.ഐ.സി സെന്റട്രല്‍ കമ്മിറ്റികള്‍ സമ്മേളന വിജയത്തിനായി സജീവമായി രംഗത്തുണ്ടെന്നും എസ്.വൈ.എസ് നാഷണല്‍ കമ്മിറ്റി ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഭരണഘടന ഉറപ്പ് തരുന്ന വിശ്വാസ സ്വാതന്ത്യം പടിപടിയായി എടുത്തു കളയുന്ന സങ്കടകരമായ വിധികളാണ് വന്നുകൊണ്ടിരിക്കുന്നത്, ഭരണഘടനയുടെ കസ്റ്റോഡിയന്‍ കൂടിയായ ഉന്നത നീതിപീഠത്തില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ലാത്ത വിധം ഹിഡന്‍ അജണ്ടകളുമായി ഏകസിവില്‍കോഡ് നടപ്പാക്കാന്‍ വ്യഗ്രത കാണിക്കുന്ന വിധികളാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പുറത്തുവന്ന വിധികളില്‍ മുത്വലാഖ്, വഖഫിന്റെ പവിത്രത, സ്വവര്‍ഗരതി, വിവാഹേതര ലൈംഗികബന്ധം എന്നീ വിഷയങ്ങളിലാണ് ഒരു വിശ്വാസിക്ക് ഒരു നിലക്കും യോജിച്ചു പോകാന്‍ പറ്റാത്ത വിധമുള്ള വേദനാജനകമായ വിധികളും നിയമ നിര്‍മ്മാണങ്ങളുമാണ് നടന്നിരിക്കുകന്നത്. ഈ രീതി തുടര്‍ന്നാല്‍ പടിപടിയായി നിസ്‌കാരവും നോമ്പും പള്ളിയും മത ധര്‍മ്മ സ്ഥാപനങ്ങളുമൊക്കെ മത വിശ്വാസവും ആത്മീയതയും ആഴത്തിലുള്ള മത വിജ്ഞാനവുമില്ലാത്ത ന്യായാധിപന്മാര്‍ തങ്ങളുടെ സ്വതന്ത്രമായ ബുദ്ധികൊണ്ടും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയും നിയമം വ്യാഖ്യാനിച്ച് നിരോധിക്കുന്ന സാഹചര്യമുണ്ടാകും. അതിനാല്‍ ജനാധിപത്യ രീതിയിലും നിയമപരമായും ഈ അശുഭകരമായ പ്രവണതയെ തിരുത്തി ശരീഅത്തിന്റേയും സാമൂഹിക മൂല്യങ്ങളുടേയും സംരക്ഷണം ഉറപ്പ് വരുത്താന്‍ ഇനിയും വൈകിക്കൂട, എന്നാല്‍ ഇന്ത്യയില്‍ ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു മതസംഘടനയും കൂട്ടായ്മയും മത വൈവിധ്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്നവരും ഈ രീതിയില്‍ ചിന്തിക്കുകയോ നട്ടെല്ലു നിവര്‍ത്തി ലക്ഷ്യം നേടുംവരെ ജനാധിപത്യ രീതിയിലുള്ള തിരുത്തല്‍ പ്രക്രിയക്ക് മുന്നിട്ടിറങ്ങുകയോ ചെയ്യതാത്തത് ഏറെ നിര്‍ഭാഗ്യകരമാണ്.

ഈ അവസരത്തിലാണ് സമസ്തകേരള ജംഇയ്യത്തു ഉലമായുടെ പ്രസക്തി നാം അനുഭവിച്ചറിയുന്നത്. ഇതുപോലൊരു ഘട്ടത്തില്‍ 1985 ല്‍ സമസ്തയുടെ ഇടപെടലുകളുടെ ശക്തി നമ്മുടെ രാജ്യം കണ്ടറിഞ്ഞതാണ്. മുത്വലാഖ് വിധിക്കെതിരെയുള്ള നിയമ പോരാട്ടത്തോടെയാണ് രണ്ടാം ശരീഅത്ത് സംരക്ഷണ യജ്ഞത്തിന് സമസ്ത ആര്‍ജ്ജവത്തോടെ രംഗത്തിറിങ്ങിയിട്ടുള്ളത്. ഒക്ടോബര്‍ 13ന് കോഴിക്കോട് നടക്കുന്നത് ബഹുജന പങ്കാളിത്തം സജീവമാക്കുന്നതിന്റെ ഭാഗമായ ജന ജാഗരണാ സമ്മേളനമാണ്. നമ്മുടെ മാതൃരാജ്യത്ത് മതസ്വാതന്ത്ര്യവും മതനിരപേക്ഷതയും ഭരണഘടന വിഭാവനം ചെയ്യുന്ന വിധം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന, രാജ്യത്തും പ്രവാസ ലോകത്തുമുള്ള എല്ലാവരുടേയും പിന്തുണ സമസ്തയുടെ അവസരോചിതമായ ഈ ജനകീയ ഇടപെടലിന് ഉണ്ടാകണമെന്ന് നേതാക്കള്‍ അഭ്യത്ഥിച്ചു.

പ്രമുഖ പണ്ഡിതന്‍ ടി.എച്ച്.ദാരിമി, എസ്.വൈ.എസ് നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, ഐക്യദാര്‍ഢ്യ സമ്മേളന പ്രചരണ വിഭാഗം കണ്‍വീനര്‍ നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി, എസ്.വൈ.എസ് നാഷണല്‍ ജോ.സെക്രട്ടറി അഷ്‌റഫ് മിസ്ബാഹി, ജിദ്ദാ കമ്മിറ്റി ജന.സെക്രട്ടറി സവാദ് പേരാമ്പ്ര, ജിദ്ദാ ഇസ്ലാമിക് സെന്റര്‍ നേതാക്കളായ അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, അബ്ദുല്ലാ ഫൈസി കുളപ്പറമ്പ്, അലി മൗലവി നാട്ടുകല്‍, സയ്യിദ് അന്‍വര്‍ തങ്ങള്‍, നൗഷാദ് അന്‍വരി, ദില്‍ഷാദ്, റഷീദ് മണിമൂളി, മീഡിയ വിങ്ങ് കണ്‍വീനര്‍ അബ്ദുര്‍റഹ്മാന്‍ അയക്കോടന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.