
കോഴിക്കോട്: ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യം അനസ് എടത്തൊടിക രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിച്ചു. ഇന്ത്യ ഏഷ്യന്‍ കപ്പില്‍ നിന്ന് ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായതിന് പിന്നാലെയാണ് അനസ് രാജ്യാന്തര മത്സരത്തില്‍ നിന്നും ബൂട്ടഴിക്കല്‍ പ്രഖ്യാപിച്ചത്. രാജ്യാന്തര മത്സരത്തില്‍ നിന്നും വിരമിച്ചെങ്കിലും താരം ക്ലബ്ബ് ഫുട്ബോളില്‍ തുടരുമെന്ന് അറിയിച്ചു. ഏഷ്യന്‍ കപ്പില്‍ ബഹ്റൈനെതിരേ നിര്‍ണായക മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ പരുക്കേറ്റ് താരത്തിന് പിന്‍വലിയേണ്ടി വന്നിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിനായി നിലവില്‍ കളിക്കുന്ന താരം ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളാണ്. രാജ്യത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരനുള്ള പുരസ്കാരം നേടിയിട്ടുള്ള താരം മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്. ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടിക്ക് വേണ്ടി കളി തുടങ്ങിയ താരം പിന്നീട് എഫ്.സി മുംബൈക്ക് വേണ്ടി ബൂട്ടണിഞ്ഞു. പ്രകടനം മികവിലേക്കുയര്‍ന്നതോടെ ദേശീയ ടീമിലേക്ക് വിളിയെത്തുകയായിരുന്നു. 31 കാരനായ താരം സമകാലീന ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്ച്ചൊയ്ക്കപ്പം 11 വര്‍ഷം പന്തുതട്ടിയാണ് ബൂട്ടഴിക്കുന്നത്.