2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കുട്ടിക്കടത്ത് ആരോപണവും പൊളിഞ്ഞു; ആറുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ നിരപരാധിത്വം തെളിയിച്ച് അനാഥശാലകള്‍

മുക്കം: സംസ്ഥാനത്തെ മുഖ്യധാരാ മാധ്യമങ്ങളും ഉദ്യോഗസ്ഥരും പടച്ചുവിട്ട ‘കുട്ടിക്കടത്ത് ‘ ആരോപണം തെളിവില്ലെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അവസാനിപ്പിച്ചതിന്റെ ആശ്വാസത്തിലാണ് മുക്കം മുസ്‌ലിം അനാഥശാലയും വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ യതീംഖാനയും. 
കടുത്ത ദുരിതങ്ങളില്‍നിന്ന് പുതുജീവിതം സ്വപ്നംകണ്ട് കേരളത്തിലേക്ക് യാത്രതിരിച്ച വിദ്യാര്‍ഥികളെ ദാരിദ്ര്യത്തിലേക്കു തന്നെ തിരിച്ചയച്ച 2014ലെ ‘കുട്ടിക്കടത്ത് ‘ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി സി.ബി.ഐ എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചാണു അനാഥശാലകള്‍ക്കെതിരേയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്.
ദരിദ്ര ചുറ്റുപാടുകളില്‍ കഴിയുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ഭക്ഷണവും നല്‍കി അവര്‍ക്ക് പുതിയൊരു ജീവിതം സാധ്യമാക്കുകയായിരുന്നു ഈ അനാഥശാലകള്‍ ചെയ്തിരുന്നത്. 2014 ഏപ്രില്‍ 24നു വൈകിട്ട് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍വച്ച്, വേനലവധിക്ക് നാട്ടില്‍പോയി മടങ്ങുകയായിരുന്ന ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ കുട്ടിക്കടത്ത് ആരോപിച്ച് റെയില്‍വേ പൊലിസും ചൈല്‍ഡ് ലൈനും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അനാഥശാലകളില്‍ പഠിക്കുന്ന 280 വിദ്യാര്‍ഥികളെ കൂടാതെ കടുത്ത ദാരിദ്ര്യത്തില്‍നിന്ന് രക്ഷതേടി ബന്ധുക്കളും സുഹൃത്തുക്കളുമായ 176 മറ്റു വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, ആരോ നല്‍കിയ പരാതിയെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കൂടെ വന്ന 176 വിദ്യാര്‍ഥികള്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ഉണ്ടായിരുന്നില്ല. അനാഥശാലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ടിക്കറ്റുകള്‍ സ്ഥാപനം എടുത്തുനല്‍കിയിരുന്നു. ഇവരോടൊപ്പം കേരളത്തിലേക്കു വന്ന മറ്റു വിദ്യാര്‍ഥികളെ സംബന്ധിച്ച് സ്ഥാപനത്തിന് അറിവുണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ അനാഥശാലയുമായി റെയില്‍വേ പൊലിസ് ബന്ധപ്പെടുകയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനു ഫൈന്‍ ഈടാക്കുകയും ചെയ്തു. 
ഇതിനിടെ കുട്ടിക്കടത്ത് എന്ന പേരില്‍ മാധ്യമവിചാരണ തുടങ്ങുകയും പൊലിസും സാമൂഹികനീതി ഉദ്യോഗസ്ഥരും ചൈല്‍ഡ് ലൈനും സര്‍ക്കാരും യാഥാര്‍ഥ്യം അന്വേഷിക്കാതെ ചിലരുടെ പ്രത്യേക താല്‍പര്യപ്രകാരം കേസെടുക്കുകയും ചെയ്തു. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഈ ഗൂഢാലോചനയാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിലൂടെ പൊളിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് 10 ദിവസത്തോളമാണ് വിദ്യാര്‍ഥികള്‍ക്ക് പാലക്കാട്, കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളുടെ കീഴില്‍ ദുരിതത്തില്‍ കഴിയേണ്ടി വന്നത്. കേരളത്തിലെത്തിയ 456 വിദ്യാര്‍ഥികളില്‍ 207 വിദ്യാര്‍ഥികളെ മാത്രമാണ് അധികൃതര്‍ അനാഥശാലക്കു കൈമാറിയത്. 
ബാക്കിയുള്ള വിദ്യാര്‍ഥികളെ തിരിച്ചയക്കുകയായിരുന്നു. ഗൂഢാലോചന ഉണ്ടായിരുന്നില്ലെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച സാമൂഹിക അന്തരീക്ഷം ഒരുക്കാന്‍ തങ്ങള്‍ക്ക് കഴിയുമായിരുന്നുവെന്ന് അനാഥശാലാ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.