2018 June 11 Monday
വിഷമങ്ങള്‍ നേരിടുമ്പോള്‍ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുള്‍മുറിയില്‍ തളര്‍ന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസിനെ നയിക്കുക.
ശ്രീബുദ്ധന്‍

140 വില്ലേജുകളില്‍ ജോലിഭാരം കൂടുതല്‍

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് റിപ്പോര്‍ട്ട് നല്‍കി

അന്‍സാര്‍ മുഹമ്മദ്

തിരുവനന്തപുരം: സംസ്ഥാനത്തെ 140 വില്ലേജ് ഓഫിസുകളില്‍ ജോലിഭാരം കൂടുതലെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്. ഏറ്റവും കൂടുതല്‍ വില്ലേജുകളുള്ളത് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലാണ്. ഇവിടെ പത്തു വില്ലേജുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ല.
നെടുമങ്ങാട്, കൊല്ലം, കോഴിക്കോട് താലൂക്കുകളില്‍ എട്ടും ചിറയിന്‍കീഴ് താലൂക്കില്‍ അഞ്ചും കൊട്ടാരക്കര, പത്തനാപുരം, തിരുവനന്തപുരം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍, പറവൂര്‍, ഏറനാട്, സുല്‍ത്താന്‍ ബത്തേരി എന്നീ താലൂക്കുകളില്‍ മൂന്നും കരുനാഗപ്പള്ളി താലൂക്കില്‍ ഒന്‍പതും കുന്നത്തൂര്‍, കോഴഞ്ചേരി, അടൂര്‍, തിരുവല്ല, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചങ്ങനാശ്ശേരി, കോട്ടയം, തൊടുപുഴ, മുവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, കൊച്ചി, മുകുന്ദപുരം, ചാവക്കാട്, ഒറ്റപ്പാലം, നിലമ്പൂര്‍, കൊയിലാണ്ടി എന്നീ താലൂക്കുകളില്‍ രണ്ടും ചേര്‍ത്തല താലൂക്കില്‍ ഏഴും കണയന്നൂര്‍ താലൂക്കില്‍ ആറും കാസര്‍കോട്, ഹോസ്ദുര്‍ഗ്, കണ്ണൂര്‍, തലശ്ശേരി, വടകര, പെരിന്തല്‍മണ്ണ, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, കൊടുങ്ങല്ലൂര്‍, കോതമംഗലം, ഉടുമ്പന്‍ചോല, തൊടുപുഴ, വൈക്കം, അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂര്‍, മല്ലപ്പള്ളി താലൂക്കുകളില്‍ ഓരോ വില്ലേജ് ഓഫിസുമാണ് പട്ടികയിലുള്ളത്.

നിലവില്‍ ഒരു വില്ലേജ് ഓഫിസര്‍, രണ്ട് സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍, രണ്ട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ഒരു പാര്‍ട്‌ടൈം സ്വീപ്പര്‍ എന്നിങ്ങനെയാണ് ഓരോ വില്ലേജ് ഓഫിസിലെയും സ്റ്റാഫ് പാറ്റേണ്‍. വില്ലേജ് ഓഫിസുകളിലെ പല സേവനങ്ങള്‍ക്കും കാലതാമസമുണ്ടാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിള്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് പട്ടികയിലുള്ള വില്ലേജ് ഓഫിസുകളില്‍ ഒരു വില്ലേജ് അസിസ്റ്റന്റ് തസ്തിക ഉടന്‍ സൃഷ്ടിക്കും.
കൂടാതെ റിപ്പോര്‍ട്ടിലുള്ള ഏതൊക്കെ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്നും ഇതിന്റെ സാമ്പത്തിക ചെലവ് തുടങ്ങിയവ അറിയിക്കാനും ലാന്‍ഡ് റവന്യൂ കമ്മിഷണറോട് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസ് മാന്വല്‍ പരിഷ്‌കരിക്കാനുള്ള നടപടി സ്വീകരിക്കാനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 1988 ഏപ്രില്‍ 23ന് പ്രാബല്യത്തില്‍വന്ന മാന്വലാണ് നിലവിലുള്ളത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.