2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കര്‍ണാടകത്തില്‍ മുഴുവന്‍ വിമതരും അയോഗ്യര്‍

ബംഗളൂരു: കര്‍ണാടകത്തില്‍ മുഴുവന്‍ വിമത എം.എല്‍.എമാരെയും അയോഗ്യരാക്കി സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍. പതിനാല് വിമത എം.എല്‍.എമാരെയാണ് അയോഗ്യരാക്കിയത്. ഇതില്‍ പതിനൊന്ന് കോണ്‍ഗ്രസിന്റെ എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ്. നേരത്തെ മൂന്ന് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ ഇന്നുതന്നെ തീരുമാനമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനും വിപ്പ് ലംഘിച്ചതിനുമാണ് നടപടിയെടുത്തതെന്ന് സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ അറിയിച്ചു.

അതേസമയം അവിശ്വാസം കൊണ്ടുവന്ന് സ്പീക്കറെ പുറത്താക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിനിടെയാണ് ഇപ്പോള്‍ എം.എല്‍.എമാരെ അയോഗ്യരാക്കിയത്. നിയമസഭയുടെ കാലാവധി തീരുന്നതു വരെയാണ് അയോഗ്യരാക്കിയത്. രാജി തനിക്കു നല്‍കാതെ നേരിട്ട് ഗവര്‍ണര്‍ക്ക് നല്‍കി, സര്‍ക്കാരിനെതിരേ പരസ്യമായി നിലപാടെടുത്തു തുടങ്ങിയ കാര്യങ്ങള്‍ അയോഗ്യതാ ശുപാര്‍ശക്കൊപ്പം കോണ്‍ഗ്രസും ജെ.ഡി.എസും സമര്‍പ്പിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് അയോഗ്യത കല്‍പ്പിച്ചതെന്നും സ്പീക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആകെ 224 അംഗങ്ങളുള്ള കര്‍ണാടകത്തില്‍ 17 പേരെ അയോഗ്യരാക്കിയിരിക്കുകയാണ്. 207ലേക്ക് സംഖ്യ കുറഞ്ഞു. നാളെ വിശ്വാസവോട്ട് നേരിടുന്ന യെദിയൂരപ്പ സര്‍ക്കാരിന് ഇതോടെ 104 പേരുടെ പിന്തുണ ആവശ്യമുണ്ട്. അതേസമയം യെദിയൂരപ്പ ഇന്ന് വൈകിട്ട് വിധാന്‍ സൗധയില്‍ എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

അതിനിടെ യെദിയൂരപ്പ മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ സ്പീക്കര്‍ക്കെതിരേ നടപടിയെടുക്കാന്‍ ബി.ജെ.പി അണിയറയില്‍ നീക്കം തുടങ്ങിയിട്ടുണ്ട്. വിമത എം.എല്‍.എമാര്‍ക്കു നേരെയുള്ള നടപടി ഒഴിവാക്കാനാണ് സ്പീക്കര്‍ കെ.ആല്‍ രമേശ് കുമാറിനെ പുറത്താക്കാനുള്ള ആലോചനയുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുള്ളത്. അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് നീക്കമെന്ന് അറിയുന്നു. എന്നാല്‍ അവിശ്വാസം കൊണ്ടുവന്ന് വിജയിച്ചാലും സ്പീക്കര്‍ക്ക് പതിനഞ്ച് ദിവസം പദവി തുടരാമെന്ന നിയമമുണ്ട്. ഈ ചട്ടത്തിന്റെ പഴുതില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം പുതിയ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.