2017 July 22 Saturday
അഴിമതി കൂടുമ്പോള്‍ നിയമങ്ങളും കൂടുന്നു
ടാസിറ്റസ്

Editorial

ഏക വോട്ടെടുപ്പ് ഭരണഘടനാ വിരുദ്ധം


പുതുവര്‍ഷാരംഭത്തിലുണ്ടായ മൂന്ന് പ്രഖ്യാപനങ്ങള്‍ ഇന്ത്യയുടെ ഭാവികാലത്തെ നിര്‍ണയിക്കുന്നതില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമായ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്തുവാനായി  കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന നിയമനിര്‍മാണ നിര്‍ദേശം. മതം, ജാതി, വര്‍ഗം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ടു ചോദിക്കുകയോ വോട്ടു തടയുകയോ ചെയ്യാന്‍ പാടില്ലെന്നുള്ള  സുപ്രിംകോടതിയുടെ വിധിപ്രഖ്യാപനം. 

      
അഞ്ചു സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 4 മുതല്‍  വോട്ടെടുപ്പ് നടത്തുവാനുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം മൂന്നാമത്തേത്. നോട്ടുമരവിപ്പിക്കലിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2019ല്‍ നടക്കുന്ന ലോക്‌സഭാ  തെരഞ്ഞെടുപ്പും നരേന്ദ്രമോദിക്കും ബി.ജെ.പിക്കും നിര്‍ണായകമാണെന്നിരിക്കെ തെരഞ്ഞെടുപ്പുകളില്‍ ഏതുവിധേനയും ജയിച്ചു കയറാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനുവേണ്ടി ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തിന് പരിക്കേല്‍പ്പിക്കാന്‍ പോലും മടിക്കുന്നില്ല. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ കുറേ മാസങ്ങളായി ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നതിനെ കുറിച്ചു നരേന്ദ്രമോദി വാചാലനായിക്കൊണ്ടിരിക്കുന്നത്.

ഇതിലടങ്ങിയ അപകടം മനസ്സിലാക്കാതെ തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാന്‍ പര്യാപ്തമാണെന്നും അടിക്കടി തെരഞ്ഞെടുപ്പ്  പെരുമാറ്റച്ചട്ടം ബാധകമാകുന്നത് കാരണമുള്ള ഭരണസ്തംഭനം ഒഴിവാക്കാന്‍ കഴിയുമെന്നുമുള്ള ഭരണകൂട  വാക്കുകളില്‍ വിശ്വസിച്ച് ഈ പദ്ധതിയെ അംഗീകരിച്ചുകൊണ്ടിരിക്കുകയാണ് ചില മാധ്യമങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും. ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തിന് ഹാനികരമാകുന്ന നിരന്തര പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാറില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.
കറന്‍സി റദ്ദാക്കുന്ന പ്രഖ്യാപനവും തുടര്‍ന്ന് അമ്പത് ദിവസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി സ്വന്തം നിലയ്ക്ക് ഫ്രീ ബജറ്റ് പ്രസംഗം നടത്തിയതും പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയായിരുന്നു. പാര്‍ലമെന്റിലുള്ള ജനവിശ്വാസത്തിന് കോട്ടം തട്ടിക്കുവാനും അതുവഴി ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം തകര്‍ക്കാനുമുള്ള നീക്കമായി മാത്രമേ  ഈ രണ്ട് സംഭവങ്ങളെയും കാണാനാകൂ. 2024 മുതല്‍ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു  നടത്താനുള്ള നീക്കം ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളുടെ കാലാവധി ചുരുക്കുവാനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തില്‍ വരുന്ന ബി.ജെ.പി സര്‍ക്കാരുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുവാനും കഴിയും. ഇതുസംബന്ധിച്ച് സംസ്ഥാന ഭരണകൂടങ്ങളുമായോ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുമായോ ഒരു സംവാദം പോലും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഊതിവീര്‍പ്പിച്ച  മോദി പ്രതിച്ഛായ 2019 എത്തുമ്പോഴേക്കും സോപ്പ് കുമിളകളായി വീണുടയുമെന്ന ദീര്‍ഘദര്‍ശനമാണ്  ബി.ജെ.പിയെ ഇത്തരമൊരാശയത്തില്‍ എത്തിച്ചത്. ഇതിനുവേണ്ടിയാണ് ഒറ്റത്തവണ തെരഞ്ഞെടുപ്പ് കൗശലവുമായി പ്രധാനമന്ത്രിയും ബി.ജെ.പിയും രംഗത്തുവന്നിരിക്കുന്നത്. ഭരണഘടനയുടെ 83, 172 വകുപ്പുകളിലെ 44-ാം ഭേദഗതി പ്രകാരം ലോക്‌സഭയുടെയും സംസ്ഥാന നിയമസഭകളുടെയും കാലാവധി അഞ്ച് വര്‍ഷമായിരിക്കുമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. സംസ്ഥാന ഭരണകൂടങ്ങള്‍ക്കും കേന്ദ്ര ഭരണകൂടത്തിനും പ്രത്യേക നിയമങ്ങളുമുണ്ട്. 2019ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനോടൊപ്പം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാത്ത നിയമസഭകളിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. കേരളത്തില്‍ 2021ല്‍ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭയുടെ കാലാവധി ഇതുവഴി മൂന്നു വര്‍ഷമായി ചുരുങ്ങും. ഈ കുതന്ത്രം നടപ്പിലാക്കുവാനാണ് ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍  അവതരിപ്പിക്കുവാന്‍ ബി.ജെ.പി കച്ചകെട്ടുന്നത്. പഞ്ചസാരയില്‍ പുരട്ടിയ ഈ പാഷാണം ജനാധിപത്യ മതേതര  രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ ഭാവിയില്‍ കനത്ത വില നല്‍കേണ്ടി വരും. ഹിന്ദുത്വമെന്നത് ജീവിത രീതിയാണെന്ന സുപ്രിംകോടതിയുടെ വ്യാഖ്യാനത്തിന്റെ മറവില്‍ ഇതര മതങ്ങള്‍ക്കെതിരേ തെരഞ്ഞെടുപ്പില്‍ വിദ്വേഷ പ്രചാരണം നടത്തുവാനും ന്യൂനപക്ഷങ്ങള്‍ നടത്തുന്ന തെരഞ്ഞെടുപ്പ്  പ്രചാരണങ്ങളെ വര്‍ഗീയ പ്രചാരണമായി ചിത്രീകരിക്കാനും സുപ്രിംകോടതി വിധി സംഘ്പരിവാര്‍ കക്ഷികള്‍ മറയാക്കുന്നതിനെതിരേയും മതേതര ജനാധിപത്യ കക്ഷികള്‍ ജാഗരൂകരാകേണ്ടതുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.