
ദോഹ: കോടതി പിഴകള്‍ കാരണം ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവയ്ക്കപ്പെടുന്ന യാത്രക്കാര്‍ക്ക് ഇനി അവിടെ തന്നെ പിഴ അടക്കാനുള്ള അവസരമൊരുങ്ങി.
ഹമദില്‍ പുതുതായി തുറന്ന പബ്ലിക് പ്രോസിക്യൂഷന് ഓഫിസിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. വേഗത്തില്‍ നീതി നടപ്പിലാക്കുന്നതിനും യാത്രാക്കാരെ രാജ്യം വിടുന്നത് തടയുന്ന ചില വിധികളെ മറികടക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ പദ്ധതിയെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഓഫിസില്‍ ജീവനക്കാരും സെല്‍ഫ് സര്‍വീസ് കിയോസ്കും ഉണ്ടാവും. മിനിറ്റുകള്‍ക്കകം തന്നെ പിഴ അടക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാവും.
ബൗണ്‍സായ ചെക്കുകളുടെ പണവും ഇവിടെ അടക്കാന്‍ കഴിയുമെന്ന് ഗള്‍ഫ് ടൈംസ് റിപോര്‍ട്ട് ചെയ്തു. എന്നാല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് പുറപ്പെടുവിച്ച യാത്രാ നിരോധനം മാത്രമേ ഹമദിലെ ഓഫിസില്‍ കൈകാര്യം ചെയ്യൂ എന്നും മറ്റ് സര്‍ക്കാര്‍ അതോറിറ്റികള്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ കാര്യത്തില്‍ ഇവിടെ ഒന്നും ചെയ്യാനാവില്ലെന്നും അറ്റോണി ജനറല്‍ ഡോ. അലി ബിന്‍ ഫെതാഇസ് അല്‍മറി പറഞ്ഞു.
പുകവലിക്കുക, കാബിന് ക്രൂവിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതിരിക്കുക തുടങ്ങിയ വിമാനത്തിനകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ഈ ഓഫിസില്‍ കൈകാര്യം ചെയ്യും.
സൗദി അര്ത്തിയിലുള്ള അബൂസംറ ചെക്ക് പോസ്റ്റിലും സമാനമായ ഓഫിസ് ഉടന്‍ തുറക്കാന്‍ അധികൃതര്‍ പദ്ധതി തയ്യാറായിക്കിയിട്ടുണ്ട്.
അമിതഭാരം മൂലം പ്രതിസന്ധി നേരിടുന്ന ജുഡീഷ്യല്‍ സംവിധാനം നവീകരിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ അടുത്ത കാലത്തായി ഖത്തര്‍ സ്വീകരിച്ചുവരുന്നുണ്ട്. ജുഡീഷ്യല്‍ രംഗത്തെ ഡിജിറ്റല്‍വല്‍ക്കരണം ഇതിന്റെ ഭാഗമാണ്.