2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജൈവവൈവിധ്യ സംരക്ഷണത്തിന് മൊബൈല്‍ ആപ്പുമായി ഗവേഷകര്‍

തിരുവനന്തപുരം: ഭൂമിയില്‍ സസ്യജന്തു വര്‍ഗങ്ങളുടെ അവസ്ഥയും അവ കാണപ്പെടുന്ന രീതിയും വിതരണവും രേഖപ്പെടുത്തുന്ന മൊബൈല്‍ ആപ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരളയിലെ (ഐഐഐടിഎംകെ) ഗവേഷകര്‍ വികസിപ്പിച്ചെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഉന്നത വിദ്യാഭ്യാസഗവേഷണ സ്ഥാപനമായ ഐഐഐടിഎംകെയിലെ സി.വി രാമന്‍ ലബോറട്ടറി ഓഫ് ഇക്കോളജിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സിലെ ഗവേഷകരാണ് ബയോട്ട  എന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. വിവിധ ജന്തുസസ്യജാലങ്ങളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി ലക്ഷ്യമിട്ടുള്ളതാണ് ഈ ജൈവവൈവിധ്യ ആപ്ലിക്കേഷന്‍.

അടുത്തിടെ തിരുവനന്തപുരത്ത് സമാപിച്ച ദേശീയ ജൈവവൈവിധ്യ കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ ഭാഗമായി ആപ്ലിക്കേഷന്റെ ബീറ്റാ വെര്‍ഷന്‍ ബയോട്ട 1.0 പുറത്തിറക്കിയിരുന്നു.

പാരിസ്ഥിതിക പഠനങ്ങളില്‍ ഐടി ആപ്ലിക്കേഷനുകളുടെ വ്യാപകമായ ഉപയോഗം മറ്റ് മേഖലകളെ അപേക്ഷിച്ച് കുറവാണെന്ന് പദ്ധതിയുടെ മേധാവി ഡോ. ജയ്ശങ്കര്‍ ആര്‍. നായര്‍ പറഞ്ഞു.

ഈ ന്യൂനത പരിഹരിക്കാനാണ് പദ്ധതിയിലൂടെ ശ്രമിക്കുന്നത്. വിവിധ സസ്യ, ജന്തു വര്‍ഗങ്ങളുടെ ഭൗമവിതരണ വിവരങ്ങളോടുകൂടിയ ഡേറ്റാബെയ്‌സ് നിര്‍മിക്കുകയും അതുപയോഗിച്ച് വിവിധ പഠനങ്ങള്‍ക്കും പ്രായോഗിക ഉപയോഗങ്ങള്‍ക്കുമായുള്ള മാതൃകകള്‍ തയാറാക്കുകയും ചെയ്യുകയാണ് ആപ്പിന്റെ ലക്ഷ്യം.

ഇത്തരം ആപ്ലിക്കേഷനുകള്‍ പൊതുജനാരോഗ്യം പോലുള്ള മേഖലകളിലും സഹായകമായേക്കുമെന്ന് ഡോ.ജയ്ശങ്കര്‍ ആര്‍. നായര്‍ പറഞ്ഞു. വിദ്യാര്‍ഥികളേയും ഗവേഷകരേയും ലക്ഷ്യമിട്ടുള്ളതാണെങ്കിലും ബയോട്ട ആപ്പ് ഉപയോഗിക്കാനെളുപ്പമുള്ള രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ആപ്പ് തുറക്കുമ്പോള്‍ ഫൈറ്റോ ഡൈവേഴ്‌സിറ്റി (സസ്യ വൈവിധ്യം), സുവോ ഡൈവേഴ്‌സിറ്റി (ജന്തു വൈവിധ്യം) എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ ലഭ്യമാകും. ഇതിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുമ്പോള്‍ വിവിധ വര്‍ഗ്ഗങ്ങളുടെ പേരുകളും ചിത്രങ്ങളുമുള്ള ഡേറ്റാബെയ്‌സിലേക്ക് എത്തിച്ചേരും. സ്പീഷീസ് തെരഞ്ഞെടുക്കുമ്പോള്‍ ഫോണിന്റെ ക്യാമറ ഓണ്‍ ആകുന്നു. ചിത്രവും, സമയവും തിയതിയും, സ്ഥലത്തിന്റെ അക്ഷാംശവും രേഖാംശവും, മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പരും സ്പീഷീസിന്റെ പേരും ഡേറ്റാബെയ്‌സില്‍ രേഖപ്പെടും. വിവരം സ്ഥിരീകരിച്ചശേഷം ഡേറ്റാബെയ്‌സ് സെര്‍വര്‍ ഈ രേഖപ്പെടുത്തലിനെ ഗൂഗ്ള്‍ മാപ്പില്‍ ചേര്‍ക്കുകയും ചെയ്യും. നിലവില്‍ ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.