2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ക്ഷേത്രാങ്കണത്തില്‍ സി.എ.എ അനുകൂല പരിപാടി: പ്രതിഷേധിച്ച യുവതിക്കും സംഘാടകര്‍ക്കുമെതിരെ കേസ്

 

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് എറണാകളും പാവക്കുളം ക്ഷേത്രത്തില്‍ ആര്‍.എസ് എസ് നേതൃത്വം കൊടുത്ത പരിപാടിക്കെതിരെ പ്രതിഷേധമുയര്‍ത്തിയ യുവതിക്കെതിരെയും സംഘാടകര്‍ക്കെതിരേയും കേസെടുത്തു. പ്രതിഷേധിച്ച സ്ത്രീക്കെതിരെ അസഭ്യ വര്‍ഷവും കയ്യേറ്റ ശ്രമവു നടന്നിരുന്നു. പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പൊലീസ് എഫ്. ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്നീട് വനിതാ സ്റ്റേഷന് കൈമാറുകയായിരുന്നു. ഐപിസി 447 പ്രകാരം അതിക്രമിച്ച് കയറിയതിനാണ് കേസെടുത്തിരിക്കുന്നത്.

അതിനിടെ പൗരത്വ ഭേദഗതി നിയമ അനുകൂല പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്ത സംഭവത്തില്‍ സംഘാടകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. അതിക്രമങ്ങള്‍ക്ക് ഇരയായ യുവതിക്കെതിരെ കേസെടുത്തത് വിവാദമായതിന് പിന്നാലെയാണ് യുവതിയുടെ മൊഴി പ്രകാരം സംഘാടകര്‍ക്കെതിരെയും കേസെടുത്തത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ പരിശോധിച്ച ശേഷമുണ്ടാകുകയുള്ളൂവെന്നും കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ലാല്‍ജി അറിയിച്ചു.

പൗരത്വ നിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തില്‍ നടത്തിയ മാതൃസംഗമം പരിപാടി നടക്കുന്നതിനിടെയാണ് വേദിക്കരികിലെത്തി യുവതി പ്രതിഷേധിച്ചത്. ഇതോടെ വേദിയിലും സദസിലുമുണ്ടായിരുന്ന സ്ത്രീകള്‍ യുവതിക്കെതിരെ തിരിയുകയായിരുന്നു. സ്ത്രീകളില്‍ ചിലര്‍ ആക്രോശിച്ച് കൊണ്ട് യുവതിക്കരികിലെത്തി ശകാരിക്കുകയും തള്ളിപ്പുറത്താക്കുകയും ചെയ്യുന്ന വീഡിയോ ഇന്നലെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതില്‍ തനിക്ക് പെണ്‍മക്കളുണ്ടെന്നും അവരെ കാക്ക കൊത്താതിരിക്കാനാണ് താന്‍ നെറുകയില്‍ സിന്ദുരമിടുന്നതെന്നും പൗരത്വ നിയമത്തെ അനുകൂലിക്കുന്നതെന്നും കൂട്ടത്തിലുള്ള സ്ത്രീ പറയുന്നുണ്ടായിരുന്നു. ഈ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ ആക്ഷേപത്തിന് വഴി വച്ചു.പ്രതിഷേധിച്ച യുവതി അര്‍ബന്‍ നക്‌സലൈറ്റാണെന്ന് സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ പ്രചാരണം ശക്തമാണ്. പരിപാടിയുമായി ബന്ധമില്ലാത്ത യുവതി പരിപാടി അലങ്കോലപ്പെടുത്താനെത്തിയെന്നാണ് പ്രചാരണം നടക്കുന്നത്.

വി.എച്ച്.പിയുടെ സംസ്ഥാന കാര്യാലയത്തോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെ പൗരത്വ നിയമത്തെയും കേന്ദ്രസര്‍ക്കാരിനെയും അനുകൂലിച്ച് നടത്തിയ പ്രസംഗത്തെ യുവതി എതിര്‍ത്തതാണ് വിഎച്ച്പി, ആര്‍എസ്എസ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് ഹിന്ദുവിന്റെ ഭൂമിയാണെന്നും വേണമെങ്കില്‍ നിന്നെയും കൊല്ലാന്‍ മടിക്കില്ലെന്നും ഒരു സ്ത്രീ പറയുന്നുണ്ട്. ഞാനും ഒരു ഹിന്ദുമത വിശ്വാസിയാണെന്ന് പറഞ്ഞപ്പോള്‍ നീയൊക്കെ ഹിന്ദുവാണോ എന്നാക്രോശിച്ച് മറ്റൊരു സ്ത്രീ ഇവര്‍ക്ക് നേരെ പാഞ്ഞടുത്തു. ചിലര്‍ യുവതിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. നെറ്റിയില്‍ സിന്ദൂരം തൊടുന്നത് മക്കളെ പ്രത്യേക മതസ്ഥരില്‍നിന്ന് രക്ഷപ്പെടുത്താനാണെന്നും സംഘാടകരിലൊരാളായ സ്ത്രീ പറയുന്നുണ്ട്. സംഭവത്തിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. അസഭ്യ വര്‍ഷത്തിനൊപ്പം ശാരീരികമായും സംഘം ഇവരെ കയ്യേറ്റം ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.

എന്നാല്‍ അതിക്രമം നേരിട്ട യുവതിക്കെതിരെ കേസെടുക്കാനാണ് പോലീസ് തിടുക്കം കാട്ടിയതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് നടന്ന ക്ലാസ് അലങ്കോലപ്പെടുത്തുകയും മൈക്ക് ഓഫ് ചെയ്യുകയും ചെയ്തുവെന്ന് കാണിച്ച് സജിനി എന്ന സ്ത്രീ നല്‍കിയ പരാതിയിലാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു നടന്ന പരിപാടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിക്കെതിരെ നടന്ന കയ്യേറ്റത്തിലും വര്‍ഗ്ഗീയ പരാമര്‍ശത്തിനുമെതിരെ മതസ്പര്‍ദ്ധ ഉണ്ടാക്കുവാനുള്ള ശ്രമത്തിനെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്‍ സംസ്ഥാന കണ്‍വീനറുമായ രാജു പി. നായര്‍ പരാതി നല്‍കി. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയുടെ കോപ്പിയും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. വീഡിയോയില്‍ ഒരു യുവതി മുസ്ലിം സമുദായത്തിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടുണ്ടെന്നും വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇത് സമൂഹമാധ്യമങ്ങളിലും രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള വേര്‍തിരിവ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നാണ് ആവശ്യം. പരാതി കൊച്ചി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്കു തുടര്‍ നടപടികള്‍ക്കായി കൈമാറിയിട്ടുണ്ട്.

സംഘപരിവാര്‍ ആക്രമണത്തിനെതിരെ സോഷ്യല്‍ മീഡിയാ : പ്രതിഷേധവും കളിയാക്കലും വൈറല്‍

പൗരത്വ ഭേദഗതി നിയമ ന്യായീകരണ പരിപാടിയെ വിമര്‍ശിച്ച യുവതിക്കൈതിരെ ആക്രമണം അഴിച്ചു വിട്ട സംഘപരിവാര്‍ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവും കളിയാക്കലും വ്യാപകം്. നിയമഭേദഗതിയെ അനുകൂലിച്ചു വി.എച്ച്.പി സംസ്ഥാന കാര്യാലയത്തോട് ചേര്‍ന്ന പാവക്കുളം അമ്പലഹാളില്‍ നടന്ന പരിപാടിയില്‍ പ്രതിഷേധിച്ച യുവതിയെയാണ് ഒരുകൂട്ടം സ്ത്രീകള്‍ അക്രമിച്ചത്. കാക്കകളില്‍ നിന്ന് തന്റെ പെണ്‍മക്കളെ രക്ഷിക്കാനാണ് താന്‍ നെറുകയില്‍ സിന്ദൂരം ചാര്‍ത്തുന്നതെന്ന സംഘപരിവാര്‍ അനുകൂലിയായ യുവതിയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ശക്തമായ ആക്ഷേപ ഹാസ്യത്തിന് വഴിയൊരുക്കി. പാടത്ത് നിന്നും കാക്കകളെ ഓടിക്കാനും ധാന്യങ്ങളും മറ്റും കൊത്തിത്തിന്നുന്നത് ഒഴിവാക്കാനും ഇനി സിന്ദുരം ഉപയോഗിച്ചാല്‍ മതിയെന്ന് ചിലര്‍ ഹാസ്യരൂപേണ നിര്‍ദേശിക്കുന്നു. മറ്റു ചിലര്‍ സിന്ദൂരം ചാര്‍ത്തുന്ന ആചാരത്തിന്റെ ചരിത്രവും സോഷ്യല്‍ മീഡിയായില്‍ കുറിച്ചിട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.