2018 January 12 Friday
നിശ്ചയമായും അല്ലാഹുവിനോട് ചെയ്ത കരാറിനും തങ്ങള്‍ ചെയ്ത സത്യത്തിനും പകരം (ഐഹികമായ) നിസാരവില വാങ്ങുന്നവരാരോ അവര്‍ക്ക് പരലോകത്ത് യാതൊരംശവുമില്ല.
(വിശുദ്ധ ഖുര്‍ആന്‍)

ജെ.ഡി.യു യു.ഡി.എഫ് വിട്ടു; നഷ്ടം മാത്രമാണ് ഉണ്ടായതെന്ന് വീരേന്ദ്രകുമാര്‍

  •  ഇനി ഇടതുമുന്നണിയ്‌ക്കൊപ്പം

തിരുവനന്തപുരം: ഒന്‍പത് വര്‍ഷം നീണ്ട യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് ഇടതുമുന്നണിയില്‍ ചേരാന്‍ ജനതാദള്‍(യു) സംസ്ഥാന ഘടകം തീരുമാനിച്ചു.

ഇന്നു നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായത്. ഇനി മുതല്‍ എല്‍.ഡി.എഫില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ അറിയിച്ചു. തീരുമാനം പാര്‍ട്ടി അംഗങ്ങള്‍ ഐക്യകണ്‌ഠേന എടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫില്‍ ചേര്‍ന്നതിനാല്‍ സ്‌നേഹവും സൗഹൃദവും ലഭിച്ചു. യു.ഡി.എഫിനോട് ഞങ്ങള്‍ നന്ദികേട് കാണിച്ചിട്ടില്ല. ഞങ്ങളെ ഒപ്പം കൂട്ടിയിട്ട് അവര്‍ക്ക് പുരോഗതിയേ ഉണ്ടായിട്ടുള്ളു. എന്നാല്‍ രാഷ്ട്രീയമായി ജെ.ഡി.യുവിന് നഷ്ടം മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍, യു.ഡി.എഫ് വിട്ടുപോകുന്നതിനെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന മുന്‍ മന്ത്രി കെ.പി മോഹനനും കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനും നിലപാട് മാറ്റിയതാണ് തീരുമാനം പെട്ടെന്നെടുക്കാന്‍ സഹായകമായത്. 14 ജില്ലാ പ്രസിഡന്റുമാരും മുന്നണിമാറ്റത്തെ അനുകൂലിച്ചു. ഇതിനിടെ പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറി പ്രതിഷേധിച്ച് രാജിവച്ച് ഇറങ്ങിപ്പോയി.

നിലവില്‍ ഇടതുമുന്നണിക്കൊപ്പമുള്ള ജെ.ഡി.എസില്‍ ലയിക്കാതെ ഒറ്റയ്ക്കു നില്‍ക്കാനാണ് ജെ.ഡി.യു ആലോചിക്കുന്നത്.

യു.ഡി.എഫ് പ്രതിനിധിയായി രാജ്യസഭാംഗമായ വീരേന്ദ്രകുമാര്‍ എം.പി സ്ഥാനം രാജിവച്ചിരുന്നു. ബി.ജെ.പി ചേരിക്കൊപ്പം നില്‍ക്കുന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എം.പിയായി തുടരാനില്ലെന്ന നിലപാടിനെ തുടര്‍ന്നായിരുന്നു രാജി. രാജിവച്ച ഒഴിവിലുള്ള രാജ്യസഭാ സീറ്റ് ലഭിക്കുമെന്ന ധാരണ സി.പി.എമ്മുമായി ഉണ്ടാക്കിയതിനു ശേഷമാണ് വീരേന്ദ്രകുമാര്‍ രാജിവച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.