2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

അപ്രതീക്ഷിതമായി പ്രതിദിന വരുമാനം നിലച്ചു; ലക്ഷക്കണക്കിന് പേര്‍  പ്രതിസന്ധിയില്‍

വായ്പയുടെ തിരിച്ചടവിന്‌ സാവകാശം വേണമെന്ന് ആവശ്യം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചപ്പോള്‍ പ്രതിസന്ധിയിലായത് അന്നന്നുള്ള വരുമാനം കൊണ്ട് ജീവിതം തള്ളി നീക്കുന്നവര്‍. സംസ്ഥാനത്ത് ലക്ഷക്കണക്കിന് പേരാണ് നിലവിലെ സാഹചര്യത്തെ എങ്ങനെ മറികടക്കും എന്നറിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ദിവസവേതന ജീവനക്കാരുടെ കാര്യത്തില്‍ തൊഴില്‍ വകുപ്പ് കൃത്യമായ നിര്‍ദേശങ്ങള്‍ തൊഴിലുടമകള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും അസംഘടിത മേഖലയിലുള്ളവര്‍ ഈ പരിരക്ഷയില്‍ ഉള്‍പ്പെടുന്നില്ല.
 
കെട്ടിട നിര്‍മാണം, മത്സ്യബന്ധനം, പാചകം, ഓട്ടോ, ടാക്‌സി, കൃഷി, കൂലിപ്പണി തുടങ്ങിയ മേഖലകളിലായി ലക്ഷക്കണക്കിന് പേരാണ് സംസ്ഥാനത്ത് ജോലി ചെയ്യുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവരുടെയൊക്കെ വരുമാനം നിലച്ചിരിക്കുകയാണ്.
നഗര പരിധിയില്‍ പോലും ഓട്ടം ലഭിക്കാത്ത സ്ഥിതിയാണെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് വാഹനം വാങ്ങിയ ഡ്രൈവര്‍മാര്‍ തിരിച്ചടവിന്റെ കാര്യത്തിലും ആശങ്കയിലായിട്ടുണ്ട്. തുടര്‍ച്ചയായുള്ള ഇന്ധന വില വര്‍ധന ഇവരുടെ നടുവൊടിച്ചതിനു പിന്നാലെയാണു പ്രഹരമേല്‍പ്പിച്ച് കൊവിഡ് കൂടിയെത്തിയത്. സാധാരണ 400നും 1000ത്തിനും ഇടയില്‍ രൂപ ദിവസം ലഭിക്കുന്നിടത്ത് ഇപ്പോള്‍ ഇന്ധന ചെലവ് പോലും തിരികെ ലഭിക്കാത്ത സ്ഥിതിയാണെന്നു നഗര പരിധിയിലെ ഡ്രൈവര്‍മാര്‍ പറയുന്നത്.
 
 ഈ വര്‍ഷം മാര്‍ച്ച് അവസാന പകുതിയും ഏപ്രില്‍ മാസവും പാചക തൊഴിലാളികള്‍ കൂടുതല്‍ ഓര്‍ഡറുകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നിലവില്‍ ലഭിച്ച ഓര്‍ഡറുകളൊക്കെയും റദ്ദായിരിക്കുകയാണ്. നിര്‍മാണ മേഖലയിലെ പ്രവൃത്തികളൊക്കെയും നിലച്ചു. ചുമട്ടു തൊഴിലാളികള്‍ക്കും തെങ്ങു കയറ്റ തൊഴിലാളികള്‍ക്കും തൊഴിലില്ലാത്ത സ്ഥിതിയാണ്. ചെറുകിട കച്ചവടക്കാരും പ്രതിസന്ധിലാണ്. നിലവിലുള്ള സ്റ്റോക്ക് തീര്‍ന്നയിടങ്ങളില്‍ പുതിയത് എത്തിയിട്ടില്ല. ആവശ്യ സാധനങ്ങളുടെ വില്‍പന നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പലരും കടകള്‍ അടച്ചിട്ടിരിക്കുകയാണ്. കടകള്‍ക്കു മുന്നില്‍ നിന്നവര്‍ക്ക് നേരെയും പൊലിസ് നടപടി ഉണ്ടായെന്ന വാര്‍ത്തകളും കച്ചവടക്കാരെ ആശങ്കയിലാക്കുന്നുണ്ട്.
 
നിലവിലെ സാഹചര്യത്തില്‍ വായ്പയുടെ ഏപ്രില്‍, മെയ് മാസങ്ങളിലെ ഇ.എം.ഐകള്‍ അടുത്ത മാസങ്ങളില്‍ ഗഡുക്കളായി അടക്കുന്നതിനു സര്‍ക്കാര്‍ ഇടപെട്ട് സൗകര്യം ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.