2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഹിഡണ്‍ ആപ്പ്‌സ്

ജിസാ ജോസ്

സംശയാലുവും സാങ്കേതിക വിദഗ്ധനുമായ ഭര്‍ത്താവ് അയാളുടെ ഫോണുമായി അവള്‍ക്കരികിലേക്കു വന്നു. അയാള്‍ക്കപ്പോള്‍ പ്രൈമറി സ്‌കൂളിലെ, ചൂരല്‍ വടിയും പിടിച്ച് വരാന്തയിലൂടെ ഉലാത്തുന്ന കര്‍ക്കശക്കാരനായ ഹെഡ്മാസ്റ്റരുടെ മുഖമായിരുന്നു. അവള്‍ക്ക് പേടി കൊണ്ട് ഹൃദയം നിലച്ചതു പോലെ തോന്നി.
‘ഇന്നലെ ഉച്ചയ്ക്ക് നീയെവിടെ ആയിരുന്നു? മീറ്റിങിനെന്നു പറഞ്ഞ് ഇവിടുന്നെറങ്ങീട്ട്?’ അയാള്‍ അവളുടെ മുഖം ബലമായി തന്റെ ഫോണിലേക്കു തിരിച്ചു. ‘ലൊക്കേഷന്‍ ക്യാപ്ചറിങ് ആപ്പ്, നിന്റെ ഫോണുമായി കണക്ട് ചെയ്തത്. ഇതുവച്ച് നിന്റെ ഓരോ ചലനവും ഞാനറിയും.’
ഗൂഗിള്‍ മാപ്പില്‍ പച്ചപ്പുകള്‍ക്കിടയില്‍ അവ്യക്തമായി കാണുന്ന കറുത്ത രേഖ, അവരുടെ വീടിനു മുമ്പിലുള്ള റോഡാണെന്നും മങ്ങിയ ചുവപ്പു നിറം വീടിന്റേതാണെന്നും അയാള്‍ പറഞ്ഞു കൊടുത്തു. ‘ഇനി പറ. ഇന്നലെ നീ എവിടെപ്പോയി? ഇങ്ങനത്തെ മീറ്റിങുകള്‍ക്ക് പോകാന്‍ നിന്റെ ഓഫീസില്‍ സീനിയേഴ്‌സില്ലേ? വേണ്ട, ജൂനിയേഴ്‌സില്ലേ? നീ തന്നെ അറ്റന്‍ഡു ചെയ്യേണ്ട കോണ്‍ഫറന്‍സെന്നു പറഞ്ഞ് ഇവിടുന്നിറങ്ങീട്ട്, ഉച്ചയ്ക്ക് നിന്റെ ലൊക്കേഷന്‍ ചേഞ്ച് ആയതായി ഞാനെന്റെ ഫോണില്‍ കണ്ടു. നീയായിട്ട് അതു പറയുമോന്നറിയാന്‍ ഇത്ര നേരം ഞാന്‍ വെയ്റ്റ് ചെയ്യായിരുന്നു…’
അയാള്‍ അവളുടെ കള്ളത്തരം തെളിവു സഹിതം കണ്ടെത്തിയതിന്റെ ഉത്സാഹത്തോടെ സംസാരിച്ചുകൊണ്ടേയിരിക്കുമ്പോള്‍ അവള്‍ ഇന്നലത്തെ ഉച്ചയിലേക്കു തിരിച്ചു നടന്നു. കോണ്‍ഫറന്‍സ് ഹാളിലെ പിന്‍നിരക്കസേരകളില്‍ നിന്ന് അവളും കൂട്ടുകാരിയും ഉച്ചയ്ക്കു മുമ്പേ പുറത്തേക്കൂര്‍ന്നിറങ്ങിയത്. ആദ്യം കണ്ട ഓട്ടോയില്‍ കടല്‍ത്തീരത്തേക്കു പോയത്. ഉച്ചവെയില്‍ വീണു പിടയുന്ന മണല്‍പ്പരപ്പിലൂടെ കൈകോര്‍ത്തും പൊട്ടിച്ചിരിച്ചും വളരെ ദൂരം നടന്നത്. വെയില്‍ തട്ടിക്കരിഞ്ഞും വാടിയും തിരിച്ചു വന്നത്. ഒരു ചിരിയുടെ പാല്‍നുര ഒളിഞ്ഞും തെളിഞ്ഞും വൈകുന്നേരം വരെ ചുണ്ടുകളിലുണ്ടായിരുന്നത് അമര്‍ത്തിത്തുടച്ചു കളഞ്ഞ് രണ്ടുപേരും രണ്ടു വഴിക്ക് പിരിഞ്ഞത്. അടുത്തടുത്ത നഗരങ്ങളിലായിട്ടും അവര്‍ വളരെക്കാലം കൂടി പരസ്പരം കാണുകയായിരുന്നു. അവര്‍ കടലു കണ്ടിട്ടും വളരെയായിരുന്നു.
അയാളുടെ ശബ്ദം കനക്കുകയും പഠനമുറിയില്‍ നിന്ന് കുട്ടികള്‍ എത്തിനോക്കുകയും ചെയ്തപ്പോള്‍ അവള്‍ അടുക്കളയിലേക്കു നടന്നു. ഹൃദയം ചോര്‍ത്താനുള്ള ആപ്പുകളൊന്നും അയാളുടെ ഫോണിലില്ലല്ലോ എന്നാശ്വസിച്ചു കൊണ്ട്. അപ്പോള്‍ അവളുടെ ചുണ്ടില്‍ ഇന്നലെ ചിരിച്ച ചിരികളിലൊന്ന് ഊറിക്കൂടുന്നുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News