2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

10000 സഹായം: പട്ടികയില്‍ വ്യാജന്‍മാരുടെ ‘പ്രളയം’

അന്‍സാര്‍ മുഹമ്മദ്

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം കൈപ്പറ്റാനുള്ള പട്ടികയില്‍ വ്യാജന്‍മാരുടെ തള്ളിക്കയറ്റം രൂക്ഷം. വ്യാജന്‍മാരുടെ എണ്ണം പരിധിവിട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സഹായം നല്‍കുന്നതിനുള്ള പട്ടിക പൂട്ടിക്കെട്ടി. പ്രളയത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന അടിയന്തര സഹായമായ പതിനായിരം രൂപ വാങ്ങാനുള്ള ലിസ്റ്റില്‍ പതിനായിരക്കണക്കിന് വ്യാജന്മാര്‍ ഇടംനേടിയതിനെ തുടര്‍ന്നാണ് റവന്യൂവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.ജെ കുര്യന്‍ ഉത്തരവിലൂടെ പട്ടിക റദ്ദാക്കിയത്.

4,93,262 പേരാണ് ഇപ്പോള്‍ പട്ടികയിലുള്ളത്. ഇതില്‍ ഒരുലക്ഷത്തോളംപേര്‍ വ്യാജന്മാരാണെന്നാണ് സൂചന. കഴിഞ്ഞ ചൊവ്വാഴ്ചവരെ 3,77,000 പേരായിരുന്നു പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ബുധനാഴ്ച ഇത് 4,88,000 ആയി. ഇതേത്തുടര്‍ന്നാണ് അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിക്കൊണ്ട് ഉത്തരവിറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്നലെ ഉത്തരവിറങ്ങിയശേഷം കണക്കെടുത്തപ്പോള്‍ അത് 4,93,000 കഴിഞ്ഞു.
പ്രാദേശിക രാഷ്ട്രീയക്കാരും റവന്യൂ ഉദ്യോഗസ്ഥരുമാണ് വ്യാജന്മാരെ തിരുകിക്കയറ്റിയതെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നേരത്തെ ദുരിതാശ്വാസ ക്യാംപില്‍ വന്നവരുടെ പട്ടിക തയാറാക്കി അവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പതിനായിരം രൂപ നല്‍കാന്‍ തീരുമാനിച്ചിരുന്നു.
പിന്നീട് പ്രതിപക്ഷത്തിന്റെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ആവശ്യപ്രകാരം ദുരിതാശ്വാസ ക്യാംപുകളില്‍ എത്താത്തവര്‍ക്കും വീടുകളില്‍ വെള്ളം കയറിയതായി അറിയിച്ചാല്‍ തുക നല്‍കാമെന്ന് മുഖ്യമന്ത്രി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് പട്ടികയില്‍ വ്യാജന്മാരെ തിരുകിക്കയറ്റാന്‍ പ്രാദേശിക നേതാക്കളും ഉദ്യോഗസ്ഥരും മത്സരിച്ചത്.
പ്രളയജലം ഏഴയലത്ത് എത്താത്തവര്‍ പോലും സര്‍ക്കാര്‍ സഹായം കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം വീടുകളില്‍ വെള്ളം കയറിയവര്‍ ആരെങ്കിലും ധനസഹായ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കാമെന്നും തഹസില്‍ദാര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് ലഭിച്ചാല്‍ അവര്‍ക്ക് സഹായം നല്‍കുമെന്നും പി.എച്ച് കുര്യന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഇന്നലെ വൈകിട്ടുവരെ 2,17,487 പേര്‍ക്ക് ബാങ്കുകള്‍ വഴി സഹായം നല്‍കി. ഇനി നല്‍കാനുള്ളതില്‍ ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ്. 1,29,000 പേര്‍ക്കാണ് ഇനി നല്‍കാനുള്ളത്. നിലവിലെ ദുരിതബാധിതര്‍ക്കുള്ള പതിനായിരം രൂപ ധനസഹായ വിതരണം ഇന്നു പൂര്‍ത്തിയാകുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. അതിനിടെ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പരിസ്ഥിതിക്ക് അനുകൂലമായ സ്ഥലം കണ്ടെത്തി അവിടെ മാത്രമേ വീട് നിര്‍മിക്കാവൂ എന്നും ഇതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്താനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എല്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.