2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

ആയിരം ദിവസം; ആയിരം ക്ഷേമവികസന പദ്ധതികള്‍; വിപുലമായ ആഘോഷങ്ങള്‍ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പിണറായി മന്ത്രിസഭ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എല്ലാ ജില്ലയിലുമായി ആയിരം പുതിയ വികസന, ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇതിന്റെ ഭാഗമായി നടക്കും.

ഫെബ്രുവരി 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലായിരിക്കും പരിപാടികള്‍. ഇതിന്റെ ഭാഗമായി എല്ലാ ജില്ലയിലും ഒരാഴ്ചത്തെ പ്രദര്‍ശനവും വികസന സെമിനാര്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും.

എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്നു ദിവസത്തെ പരിപാടികളുണ്ടാകും. പുതിയ പദ്ധതികളുടെയും പൂര്‍ത്തീകരിച്ച പദ്ധതികളുടെയും ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കും.

പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ജില്ലയില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം – കടകംപള്ളി സുരേന്ദ്രന്‍
കൊല്ലം -ജെ. മേഴ്‌സിക്കുട്ടിയമ്മ
ആലപ്പുഴ – ജി. സുധാകരന്‍
പത്തനംതിട്ട -അഡ്വ. കെ. രാജു
കോട്ടയം -പി. തിലോത്തമന്‍
ഇടുക്കി -എം.എം. മണി
എറണാകുളം -എ.സി. മൊയ്തീന്‍
തൃശ്ശൂര്‍ -വി.എസ്. സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്
പാലക്കാട് -എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി
മലപ്പുറം -കെ.ടി. ജലീല്‍
കോഴിക്കോട് -എ.കെ. ശശീന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍
വയനാട് -കെ.കെ. ശൈലജ ടീച്ചര്‍
കണ്ണൂര്‍ -ഇ.പി. ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി
കാസര്‍കോട്- ഇ. ചന്ദ്രശേഖരന്‍

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്റെ നാല് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള സ്റ്റേറ്റ് മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ 11 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ഫ്‌ളാറ്റുകള്‍ നിര്‍മിക്കുന്നതിന് തിരുവനന്തപുരം താലൂക്കിലെ മുട്ടത്തറ വില്ലേജില്‍ 31.82 സെന്റ് പുറമ്പോക്ക് ഭൂമി ഫിഷറീസ് വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചു.

ശ്രീചിത്രാ ഹോമിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഒരു സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 2) തസ്തിക സൃഷ്ടിക്കും.

നിര്‍ത്തലാക്കിയ കോഴിക്കോട് വികസന അതോറിറ്റി ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണത്തിന്റെ ആലുകൂല്യം അനുവദിക്കാന്‍ തീരുമാനിച്ചു.

മോട്ടോര്‍ വാഹന വകുപ്പില്‍ പുതുതായി രൂപീകരിച്ച ഇരിട്ടി, ന?ണ്ട, പേരാമ്പ്ര, തൃപ്രയാര്‍, കാട്ടാക്കട, വെള്ളരിക്കുണ്ട് എന്നീ സബ് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ നാലു വീതം മിനിസ്റ്റീരിയല്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ആറളം ഫാം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 201920 അധ്യയനവര്‍ഷം മുതല്‍ ഒരു ഹുമാനിറ്റീസ് ബാച്ചും ഒരു കോമേഴ്‌സ് ബാച്ചും ഉള്‍പ്പെട്ട ഹയര്‍സെക്കന്ററി കോഴ്‌സിന് പ്രത്യേക കേസെന്ന നിലയില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.