2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

1000 ദിനത്തില്‍ കേരളത്തിലുണ്ടായത് സ്വപ്‌നം കാണാൻ കഴിയാത്ത മുന്നേറ്റം -മുഖ്യമന്ത്രി

  • 1000 ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

കോഴിക്കോട്: വികസനത്തിലും അടസ്ഥാനസൗകര്യത്തിലും സ്വപ്‌നം കാണാൻ കഴിയാത്ത മുന്നേറ്റമാണ് 1000 ദിനം കൊണ്ട് കേരളത്തിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാട് മാറ്റം ആഗ്രഹിച്ചപ്പോൾ സർക്കാരതിന് കൂടെനിന്നു, അപ്പോൾ അതിന്റേതായ മാറ്റങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് കടപ്പുറത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെയൊന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്ത ഇവിടെ പലതും നടക്കുമെന്ന ബോധ്യത്തിലേക്ക് മാറ്റാൻ 1000 ദിനം കൊണ്ട് കഴിഞ്ഞു. ഇത്തരം ഇടപെടലുകൾ വിവിധ തലങ്ങളിൽ വരുന്നുണ്ട്. അതിവേഗതയിൽ പല കാര്യങ്ങളും നിർവഹിക്കാനാവുന്നുണ്ട്.

സർക്കാരിനെ എതിർക്കുന്നവർക്ക് പോലും ആരോപണം ഉന്നയിക്കാനാവാത്ത വിധം അഴിമതിക്കെതിരായ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.

പദ്ധതികൾ പറഞ്ഞ കാലയളവിൽ കൃത്യമായി പൂർത്തിയാക്കാനാവുമെന്ന് 1000 ദിനം കൊണ്ട് കാണിച്ചുകൊടുക്കാനായി. മനോഭാവത്തിൽ പോസിറ്റീവായ മാറ്റമുണ്ടാക്കാനായതുകൊണ്ട ഇത്തരം ഒട്ടേറെ ഉദാഹരണങ്ങൾ പറയാനുണ്ടായി.
ഗെയിൽ പൈപ്പ് ലൈൻ ഉടൻ ഉദ്ഘാടനം ചെയ്യാനാവുന്ന പപദ്ധതിയാണ്. പ്രളയം വന്നില്ലായിരുന്നെങ്കിൽ ഇതിനകം ഉദ്ഘാടനം കഴിഞ്ഞേനെ. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഒട്ടേറെ വീടുകളിൽ ഗുണം ലഭിക്കും. 30 മുതൽ 35 ശതമാനം വരെ ഇന്ധനവില കുറച്ചുലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വലിയതോതിലുള്ള ഇത്തരം ഇടപെടലുകൾക്ക് ദേശീയപാത വികസനവും ഉദാഹരണമാണ്. എല്ലാ തടസ്സങ്ങളും മാറിയതിനാൽ അധികം വൈകാതെ പണി തുടങ്ങാനാകും. കോവളം-ബേക്കൽ ജലപായയും 2020ൽ പൂർത്തിയാക്കും. ജലപാതയിലൂടെയുള്ള യാത്ര ടൂറിസ്റ്റുകൾക്ക് ഹരം പകരും. 600 കിലോമീറ്ററിൽ 25 കിലോമീറ്ററോളം ഇടവിട്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളും വരും. തീരദേശ, മലയോര ഹൈവേകളും വരുന്നുണ്ട്. ഇതിനായി 10,000 കോടി രൂയാണ് സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുള്ളത്.

കൂടംകുളം പദ്ധതിയിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള തടസ്സവും മാറി. കൊച്ചി മെട്രോയുടെ വികസനവും വരുന്നുണ്ട്. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായി. ഇതെല്ലാം കാണിക്കുന്നത് നാടിന്റെ പശ്ചാത്തല സൗകര്യത്തിലുണ്ടായ വികസനമാണ്. 1000 ദിനങ്ങൾക്ക് മുമ്പ് ഇത് സ്വപ്‌നം കാണാൻ കഴിയില്ലായിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസനത്തിൽ നല്ല രീതിയിൽ ഇക്കാലത്ത് മുന്നേറിയതായാണ് അനുഭവം.

കാലങ്ങളായി കഴിയുന്ന ഭൂമിക്ക് പട്ടയമില്ലാത്തവർക്ക് പട്ടയം കൊടുക്കാനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. ഇതിനകം 1,03,000 പട്ടയം നൽകി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.