2018 October 15 Monday
മുതല്‍മുടക്കില്ലാതെ കിട്ടുന്ന ഒന്നാണ് അനുഭവങ്ങള്‍

നീതി തേടി ഒരു കുടുംബം തെരുവിലിറങ്ങിയിട്ട് 1000 ദിവസം

  • കണ്ണ് തുറക്കാതെ അധികൃതര്‍
നിസാം കെ അബ്ദുല്ല

കല്‍പ്പറ്റ: അവകാശപ്പെട്ട ഭൂമി തിരിച്ചുകിട്ടുന്നതിനുവേണ്ടി ഒരു കുടുംബം വയനാട് കലക്ടറേറ്റ് പടിക്കല്‍ സമരം തുടങ്ങിയിട്ട് 1000 ദിനങ്ങള്‍ പിന്നിട്ടു. എന്നിട്ടും ഇവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍പില്‍ അധികൃതര്‍ മുഖം തിരിച്ചു നില്‍ക്കുകയാണ്.

കലക്ടറേറ്റ് പരിസരത്തെ വ്യാപാരികളും മറ്റും ചേര്‍ന്ന് രൂപീകരിച്ച സമരസഹായ സമിതി കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ മരുമകന്‍ കാഞ്ഞിരത്തിനാല്‍ ജയിംസിനെയും കുടുംബത്തേയും സഹായിക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഉണ്ടാകുന്നില്ല. നേരത്തെ തന്റെ ഭാര്യാ പിതാവ് ജോര്‍ജും മാതാവും നീതിക്ക് വേണ്ടി നടത്തിയ പോരാട്ടം അവരുടെ മരണ ശേഷമാണ് മരുമകന്‍ ജയിംസ് ഏറ്റെടുക്കുന്നത്.

2015 ഓഗസ്റ്റ് 15നാണ് അവകാശപ്പെട്ട ഭൂമി തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ജയിംസ് വയനാട് കലക്ടറേറ്റ് പടിക്കല്‍ സമരം തുടങ്ങിയത്. കാഞ്ഞിരങ്ങാട് വില്ലേജില്‍ റീസര്‍വേ 2381-ലാണ് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമിയുള്ളത്.

1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്ന് മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസിലെ 2717 ാം നമ്പര്‍ ജന്മം തീറാധാരപ്രകാരം വിലയ്ക്കുവാങ്ങിയതാണ് ഈ ഭൂമി. ഇതില്‍ 10 ഏക്കര്‍ കാഞ്ഞിരങ്ങാട് വില്ലേജില്‍ റീ- സര്‍വേ 2381ല്‍ വിജ്ഞാപനം ചെയ്ത 15.41 ഏക്കറിന്റെ ഭാഗമാണെന്ന് 1982 ഡിസംബര്‍ ഒന്നിന് കസ്റ്റോഡിയന്‍ ആന്‍ഡ് കണ്‍സര്‍വേറ്റര്‍ ഓഫ് വെസ്റ്റഡ് ഫോറസ്റ്റ്(കോഴിക്കോട്) മാനന്തവാടി താലൂക്ക് ഓഫിസില്‍ അറിയിച്ചതോടെയാണ് കാഞ്ഞിരത്തിനാല്‍ കുടുംബം സമരമാര്‍ഗത്തിലേക്ക് നീങ്ങിയത്.
2006ല്‍ വി.എസ് സര്‍ക്കാര്‍ ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ തയാറായെങ്കിലും തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പരിസ്ഥിതി സംഘടന കോടതിയെ സമീപിച്ച് ഇത് തടഞ്ഞു. തുടര്‍ന്ന് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിജ്ഞാപനങ്ങളും ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു.

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി വനമായി വിജ്ഞാപനം ചെയ്തതും പിടിച്ചെടുത്തതും നിയമവിരുദ്ധമായാണെന്ന് 2009ല്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് ബ്യൂറോ കോഴിക്കോട് നേര്‍ത്തേണ്‍ റെയ്ഞ്ച് സൂപ്രണ്ട് ടി. ശ്രീശുകന്‍ വിജിലന്‍സ് ഡയരക്ടര്‍ക്ക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
വര്‍ഷങ്ങളോളം വെളിച്ചം കാണാതിരുന്ന ഈ റിപ്പോര്‍ട്ട് പിന്നീട് പുറത്തുവന്നെങ്കിലും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ വീഴ്ചവരുത്തിയവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരോ തയാറായില്ല. സബ് കലക്ടര്‍ ശീറാം സാംബശിവ റാവു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഉദ്യോഗസ്ഥരാണ് കുറ്റക്കാര്‍ എന്ന് പറയുന്നുണ്ട്.

തികച്ചും മനുഷ്യാവകാശ ലംഘനമാണ് സര്‍ക്കാരുകള്‍ നടത്തിയതെന്നും കുടുംബത്തിനെതിരേ സമര്‍പ്പിക്കാന്‍ ഒരു രേഖകളുമില്ലെന്നും മുഴുവന്‍ രേഖകളും കുടുംബത്തിന് അനുകൂലമാണെന്നുമാണ് സബ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യാഥാര്‍ഥത്തില്‍ ഈ കുടുംബത്തിന് പ്രതികൂലമായി ഒരു റിപ്പോര്‍ട്ട് പോലും സര്‍ക്കാരിന്റെ കൈയ്യില്‍ ഇല്ലെന്നിരിക്കെ ഭൂമി വിട്ടുകൊടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ജെയിംസ് സമരം തുടങ്ങിയതിന് ശേഷം സെക്രട്ടേറിയറ്റിന് മുന്‍പിലും കലക്ടറേറ്റുകള്‍ക്ക് മുന്‍പിലും പല സമരങ്ങളും നടന്നു. അതെല്ലാം പൊതുജന ശ്രദ്ധ പിടിച്ചുപറ്റുകയും പലതും വിജയം കാണുകയും ചെയ്തു. എന്നാല്‍ ജയിംസും കുടുംബവും നടത്തുന്ന സമരം പലരും കാണാതെ പോകുകയാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.